ചെറുപുഴ: മാനസികവെല്ലുവിളി നേരിടുന്നവരെ പുനരധിവസിപ്പിക്കുന്നതിനായി മാക്സ് മൈന്‍ഡ്സ് റിഹാബിലിറ്റേഷന്‍ സെന്റര്‍ ശനിയാഴ്ച തുറക്കും. മാനസികാരോഗ്യ പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് അരവന്‍ചാലില്‍ കേന്ദ്രം തുറക്കുന്നത്. മാനസികാരോഗ്യ വിദ്യാഭ്യാസം, സാമൂഹികശേഷി പരിശീലനം എന്നിവ നല്കി മാനസിക ദൈര്ബല്യമുള്ളവരെ സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്ക് കൊണ്ടുവരികയാണ് ലക്ഷ്യമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ മാനസിക ആരോഗ്യ പദ്ധതിയായ ദിശാദര്ശനും ഇവിടെ പ്രവര്‍ത്തനം തുടങ്ങുന്നുണ്ട്.
ആരോഗ്യ പ്രവര്‍ത്തകരായ പ്രവീണ്‍ ജോസഫ്, സോണി തോമസ്, രജീഷ് തോമസ്, നിതാ മോള് തങ്കച്ചന്, പി.ആശാദേവി എന്നിവരുടെ നേതൃത്വത്തിലുള്ള ട്രസ്റ്റാണ് പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്. കേന്ദ്രത്തിന്റെ ഉദ്ഘാടനം ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് അരവന് ചാലില്‍ നടക്കുന്ന ചടങ്ങില്‍ ആരോഗ്യ വകുപ്പു മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്യും. സി.കൃഷ്ണന് എംഎല്‍എ അധ്യക്ഷനാകും. ദിശാദര്‍ശന്റെ ഉദ്ഘാടനം ജില്ലാ പോലീസ് മേധാവി ശിവവിക്രം ഐപിഎസ് നിര്‍വ്വഹിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി.ദിവ്യ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.സത്യപാലന്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.നളിനി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ:നാരായണ നായിക്ക്, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: