പള്ളുരുത്തി: ഇടക്കൊച്ചി പാമ്പായിമൂലക്കു സമീപം റെഡിമെയ്ഡ് ഷോപ്പില്‍ യുവാവിന്റെ കൈ വെട്ടിയ സംഭവത്തിന് പിന്നില്‍ അന്താരാഷ്‌ട്ര സിഗരറ്റ് ലോബിക്ക് പങ്കെന്ന് സംശയം. പോലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ ഇതു തെളിഞ്ഞു.
വിദേശ രാജ്യങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സിഗരറ്റ് ലോബിയെക്കുറിച്ച് ടാസ്‌ക് ഫോഴ്‌സ് എന്‍ഫോഴ്‌സ്‌മെന്റിന് ഇയാള്‍ വിവരം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സംഘത്തില്‍പെട്ട ചിലരെ എന്‍ഫോഴ്‌സ്‌മെന്റ് അധികൃതര്‍ അറസ്റ്റ് ചെയ്തു. ഇതേത്തുടര്‍ന്ന് അക്രമി സംഘം വെട്ടി പരിക്കേല്‍പ്പിച്ച ബാലസുബ്രഹ്മണ്യത്തെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചിരുന്നു. ഈ സംഭവത്തില്‍ ഇദ്ദേഹം പരാതിയും നല്‍കിയിട്ടുണ്ട്. ഇത് തന്നെയാണോ ബാലസുബ്രഹ്മണ്യത്തിന്റെ കൈ വെട്ടിയ സംഭവത്തിലേക്ക് നീങ്ങിയതെന്നു സംശയമുണ്ട്.
ചൊവ്വാഴ്ച രാത്രി 8.45 ഓടെയാണ് പാമ്പായിമൂലക്കു സമീപം ഹെഡ്‌സന്‍ ഹെയ്ല്‍ എന്ന വസ്ത്രശാലയില്‍ കയറി നാലംഗ സംഘം അരൂര്‍ സ്വദേശിയായ ബാലസുബ്രഹ്മണ്യ(35)ത്തെ വെട്ടി വീഴ്‌ത്തിയത്. ഇരുചക്ര വാഹനത്തിലെത്തിയ യുവാക്കള്‍ നാലുപേരും ഹെല്‍മെറ്റ് ധരിച്ചിരുന്നതിനാല്‍ സമീപത്തുണ്ടായിരുന്നവര്‍ക്ക് പ്രതികളെ തിരിച്ചറിയാനായില്ല. പരിക്കേറ്റ ബാലസുബ്രഹ്മണ്യം റെന്റ് എ കാര്‍ ബിസിനസ് നടത്തിയിരുന്നു.
പാര്‍ട്ട്ണര്‍ഷിപ്പ് അടിസ്ഥാനത്തില്‍ നടത്തിവന്ന ബിസിനസിനെ സംബന്ധിച്ചും പോലീസ് അന്വേഷണം ആരംഭിച്ചു. എറണാകുളം മെഡിക്കല്‍ ട്രസ്റ്റില്‍ തീവ്രപരിചരണ വിഭാഗത്തിലാണ് ബാലസുബ്രഹ്മണ്യം.
















