കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസ് പുതിയ വഴിത്തിരിവിലേക്ക്. ഗൂഢാലോചനയുടെ വിവരങ്ങള്‍ പ്രതി പള്‍സര്‍ സുനി സഹതടവുകാരന്‍ വഴി പോലീസിന് കൈമാറിയതായാണ് സൂചന. നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയോടൊപ്പം കാക്കനാട് ജില്ലാ ജയിലില്‍ കഴിഞ്ഞ മറ്റൊരു കേസിലെ പ്രതിയായ ചാലക്കുടി സ്വദേശി ജിന്‍സനോടാണ് വിവരങ്ങള്‍ പങ്കുവച്ചത്.
ജയിലില്‍ വെച്ചാണ് സുനി സഹതടവുകാരനോട് നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയത്. നടിയെ ആക്രമിച്ചത് എന്തിനാണെന്നും ആരുടെ നിര്‍ദേശപ്രകാരമാണെന്നും വെളിപ്പെടുത്തിയിട്ടുണ്ട്. ജയില്‍ അധികാരികള്‍ക്ക് വിവരം കിട്ടിയതോടെ ഈ കാര്യം അവര്‍ അന്വേഷണ സംഘത്തെ അറിയിച്ചു. അന്വേഷണ സംഘം ജിന്‍സന്റെ മൊഴിയെടുത്തു.
നെടുമ്പാശ്ശേരിയില്‍ ഒരു തട്ടിപ്പുകേസുമായാണ് ജിന്‍സനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്.
റിമാന്‍ഡ് പ്രതിയായ ജിന്‍സന്റെ അതേ മുറിയിലാണ് പള്‍സര്‍ സുനിയെയും പാര്‍പ്പിച്ചിരുന്നത്. ഇവര്‍ തമ്മില്‍ നല്ല സൗഹൃദത്തിലാവുകയും അതെത്തുടര്‍ന്ന് സുനി കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ജിന്‍സനുമായി പങ്കുവയ്‌ക്കുകയുമായിരുന്നു. കൂടുതല്‍ തെളിവുകള്‍ കിട്ടിയ സാഹചര്യത്തില്‍ തുടരന്വേഷണം നടത്താനായി വിചാരണ കോടതിയുടെ മുന്‍കൂര്‍ അനുമതി വാങ്ങാനുള്ള ശ്രമത്തിലാണ് പോലീസെന്നാണ് സൂചന. കഴിഞ്ഞ ഫെബ്രുവരി 17 ന് രാത്രിയാണ് നടി ആക്രമിക്കപ്പെട്ടത്.
















