കടുത്തുരുത്തി: കോതനല്ലൂര്‍ ഫൊറോന പളളിയിലെ ഇരട്ടകളുടെ സംഗമം നടത്തി.
680 ജോഡി ഇരട്ട സഹോദരങ്ങളാണ് സംഗമത്തില്‍ പങ്കെടുത്തത്. ഇടവകയിലെ അറുപതിലധികം ഇരട്ടകളും അഞ്ച് ജോഡി മൂവര്‍ സംഘവും സംഗമത്തിലുണ്ടായിരുന്നു. ആദ്യ പ്രസവത്തിലും രണ്ടാം പ്രസവത്തിലുമുണ്ടായ ഇരട്ട മക്കളുമായെത്തിയ മാതാപിതാക്കളും സംഗമത്തിന് എത്തിയിരുന്നു.
വയലാ തന്നടിയില്‍ അഭിലാഷിന്റെയും സുജിതാ ലക്ഷ്മിയുടെയും മക്കളായ 60 ദിവസം മാത്രം പ്രായമുള്ള കാര്‍ത്തികും കാര്‍ത്തികയുമാണ് സംഗമത്തിലെ ഇളംതലമുറക്കാര്‍. ഈ ദമ്പതികളുടെ മൂത്ത മക്കളായ അനഘയും അര്‍ഷിദയും ഇരട്ടകളാണ്. ഇരട്ടകളായ നാലു മക്കളുമായാണ് അഭിലാഷും സുജിതാ ലക്ഷ്മിയും സംഗമത്തിനെത്തിയത്.
കുറുപ്പന്തറ കുമരശ്ശേരില്‍ ഷിജുവും ഭാര്യ ബീമോളും 61 ദിവസം മാത്രം പ്രായമുള്ള മക്കളായ മരിയയും എലിസബത്തുമായി സംഗമത്തില്‍ പങ്കെടുത്തു.
അഞ്ച് ജോഡി വൈദികരും നാല് ജോഡി കന്യാസ്ത്രികളും സംഗമത്തിനെത്തിയിരുന്നു. ഇരട്ട വൈദീകരാണ് സമൂഹബലിക്ക് കാര്‍മികത്വം വഹിച്ചത്.
















