കോഴിക്കോട്: പാമ്പാടി നെഹ്റു എഞ്ചിനിയറിങ് കോളേജില്‍ ആത്മഹത്യ ചെയ്ത വളയം പൂവ്വംവയലിലെ ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജക്ക് മുഖ്യമന്ത്രിയുടെ മറുപടി. മറ്റുതിരക്കുകള്ക്കിടയില് കാണാന്‍ കഴിയില്ലെന്നും സര്‍ക്കാര്‍ നിലപാട് വെച്ച് ചെയ്യാനുള്ളത് ചെയ്തിട്ടുണ്ടെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഇന്നലെ ഗസ്റ്റ്ഹൗസില്‍ വാര്‍ത്താസമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞത്.
മഹിജ കഴിഞ്ഞ ആഴ്ച മുഖ്യമന്ത്രിക്ക് തുറന്ന കത്ത് എഴുതി യിരുന്നു. കണ്ണൂരിലും കോഴിക്കോടും മുഖ്യമന്ത്രി എത്തിയപ്പോള്‍ തങ്ങളെ ചാവുകിടക്കയില്‍ വന്ന് കാണുമെന്നും സങ്കടം കേള്‍ക്കുമെന്നും പ്രതീക്ഷിച്ചിരുന്നതായും അമ്മ കത്തില്‍ സൂചിപ്പിച്ചിരുന്നു. ഇന്നലെ വീണ്ടും കോഴിക്കോട്ടെത്തിയപ്പോഴാണ് ജിഷ്ണുവിന്റെ വീട് സന്ദര്‍ശിക്കുന്നുണ്ടോയെന്ന് മാധ്യമപ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയോട് ആരാഞ്ഞത്.
ജിഷ്ണുവിന്റെ അമ്മയുടെ കത്ത് കിട്ടിയിട്ടുണ്ടെന്നും വീട്ടില്‍ പോകുന്നില്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ ആദ്യ മറുപടി. വിവരമറിഞ്ഞതിന്റെ തൊട്ടടുത്ത ദിവസംതന്നെ ആരും പറയാതെ തന്നെ സര്‍ക്കാറിന്റെ നിലപാട് വെച്ച് ചെയ്യേണ്ടത് ചെയ്തിട്ടുണ്ട്. അമ്മയുടെ വേദന മനസ്സിലാകും. ഇത്തരം ഒരു കാര്യത്തില്‍ ഒന്നും നഷ്ടപരിഹാരമല്ല. സ്ഥലത്തുള്ള മന്ത്രി എന്ന നിലയില്‍ ടി.പി.രാമകൃഷ്ണന് വീട്ടില്‍ പോയി പത്തു ലക്ഷം രൂപ കുടുംബത്തിന് നല്‍കിയിട്ടുണ്ട്. മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക ടീമിനെയും നിയോഗിച്ചിട്ടുണ്ട്. ഇതൊന്നും ആരും അവശ്യപ്പെട്ടിട്ട് ചെയ്തതല്ല, മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: