കൊച്ചി: ജിഷവധക്കേസില്‍ വിചാരണ നീളുന്നതില്‍ പ്രതിഷേധിച്ച് ജിഷയുടെ അമ്മ രാജേശ്വരി, കോടതിക്ക് മുന്നില്‍ നിരാഹര സമരത്തിനൊരുങ്ങുന്നു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് പരാതി നല്‍കാന്‍ എത്തിയെങ്കിലും മുഖ്യമന്ത്രിയെ കാണാന്‍ കഴിഞ്ഞില്ല. മന്ത്രി എ.കെ. ബാലനും ഡിജിപിക്കും ഇവര്‍ പരാതിനല്‍കി.
പ്രതി അമീര്‍ ഉള്‍ ഇസ്ലാമിനെ എത്രയും പെട്ടെന്ന് ശിക്ഷിക്കണമെന്നാണ് ഇവരുടെ ആവശ്യം. നവംബറില്‍ വിചാരണ ആരംഭിക്കാനിരുന്നതാണ്. ഇതിനിടെ പ്രതിയുടെ അഭിഭാഷകന്‍ കേസ് പഠിക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതും സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ജിഷയുടെ അച്ഛന്‍ പാപ്പു ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയും വിചാരണ നീളാന്‍ കാരണമായി. അമീര്‍ ഉള്‍ ഇസ്ലാമിന്റെ ജാമ്യപേക്ഷയും ഹൈക്കോടതിയില്‍ ഉണ്ട്. വിചാരണ നടപടികള്‍ ആരംഭിക്കുന്നതിന് 10 ന് കേസ് എറണാകുളം സെഷന്‍സ് കോടതി പരിഗണിക്കും.
ഇതിനിടെ ജിഷയുടെ അമ്മയും സഹോദരി ദീപയും തമ്മിലുള്ള കയ്യാങ്കളിക്കിടെ പരിക്കേറ്റ വനിതാ പോലീസുകാരി പരാതിക്ക് മുതിര്‍ന്നില്ല. ജിഷ കൊല്ലപ്പെട്ടതിനെതുടര്‍ന്ന് വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ലഭിച്ച പണത്തെ ചൊല്ലിയാണ് അമ്മയും മകളും തമ്മില്‍ വാക്കേറ്റം ഉണ്ടായത്. മുടക്കുഴയിലെ വീട്ടില്‍ സുരക്ഷക്കായി നിയോഗിച്ചിരുന്ന കോതമംഗലം സ്റ്റേഷനിലെ പോലീസുകാരിക്കാണ് പരിക്കേറ്റത്. ഇരുവരെയും പിടിച്ചുമാറ്റാന്‍ ശ്രമിച്ച പോലീസുകാരിക്ക് കസേരക്ക് അടിയേല്‍ക്കുകയായിരുന്നു. പരിക്കേറ്റ ഇവര്‍ ചികിത്സ തേടിയെങ്കിലും പരാതിപ്പെടാന്‍ തയ്യാറായില്ല. പരാതി ഇല്ലെന്ന കാരണത്താല്‍ നടപടിയെടുക്കാനും പോലീസ് തയ്യാറായില്ല. ഉന്നത ഉദ്യോഗസ്ഥരുടെ സമ്മര്‍ദ്ദമാണ് പരാതിക്ക് ഇവര്‍ തയ്യാറാകാത്തതെന്നും പറയുന്നു.
ദീപക്ക് സര്‍ക്കാര്‍ ജോലി നല്‍കിയിരുന്നു. രാജേശ്വരിക്ക് പത്ത് ലക്ഷം രൂപയും വീടുമാണ് നല്‍കിയത്. ലക്ഷക്കണക്കിന് രൂപ പല വ്യക്തികളും സംഘടനകളും നല്‍കിയിട്ടുണ്ട്. രാജേശ്വരിക്ക് മാസം 5,000 രൂപ പെന്‍ഷനും ലഭിക്കുന്നുണ്ട്. ഇവര്‍ക്ക് ലഭിച്ച പണത്തില്‍ ഒരു പങ്ക് പാപ്പുവും ആവശ്യപ്പെട്ടിരുന്നു.
















