തൊടുപുഴ: ഏഴ് ലക്ഷത്തിന്റെ നിരോധിച്ച നോട്ടുകളുമായി തമിഴ്‌നാട് സ്വദേശികളടക്കം ആറുപേരെ തൊടുപുഴ പോലീസ് പിടികൂടി. കോയമ്പത്തൂര്‍ സ്വദേശികളായ പ്രേംകുമാര്‍, ദീനദയാല്‍, അയ്യപ്പന്‍, ആലപ്പുഴ മാവേലിക്കര വെണ്‍മണി സ്വദേശികളായ മുരിങ്ങൂര്‍ വീട്ടില്‍ ജയദേവന്‍ (52), വട്ടപ്പറമ്പില്‍ സതീഷ് (44), പുന്നന്താനത്ത് ഉല്ലാസ് (44) എന്നിവരാണ് പിടിയിലായത്. നോട്ട് മാറാന്‍ ശ്രമിക്കുന്നതിനിടെയാണ് അറസ്റ്റ്. മൂന്ന് മലയാളികളും മൂന്ന് തമിഴ്‌നാട് സ്വദേശികളുമാണ് പിടിയിലായത്.
വിമലാലയം പബ്‌ളിക് സ്‌കൂളിന് സമീപത്ത് നിന്നാണ് പ്രതികള്‍ ഇന്നലെ ഉച്ചയോടെ പിടിയിലായത്. അഞ്ച് ലക്ഷത്തിന്റെ അഞ്ഞൂറ് രൂപാനോട്ടുകളും, രണ്ട് ലക്ഷത്തിന്റെ ആയിരം രൂപ നോട്ടുകളുമാണ് പിടിച്ചെടുത്തത്. സിനിമ മേഖലയുമായി ബന്ധമുള്ള ജയദേവന്റെ പക്കല്‍ നിന്നാണ് ബാഗില്‍ സൂക്ഷിച്ച പണം ലഭിച്ചത്.
പോലീസ് പറയുന്നതിങ്ങനെ: ഒരു ലക്ഷം രൂപയുടെ പഴയ നോട്ടിന് പകരം 50000 രൂപയുടെ പുതിയ നോട്ടുകള്‍ നല്‍കുന്നതാണ് സംഘത്തിന്റെ രീതി. ഒരാഴ്ചയായി സംഭവത്തില്‍ അന്വേഷണം നടന്ന് വരികയാണെന്നും തൊടുപുഴയില്‍ ഇത്തരം സംഭവങ്ങള്‍ വ്യാപകമാണെന്നുമാണ് വിവരം. പ്രതികള്‍ സ്ഥലത്തെത്തിയിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് മഫ്തിയിലെത്തിയ സംഘമാണ് കേസ് പിടികൂടുന്നത്. കേസില്‍ അന്വേഷണം തുടര്‍ന്ന വരികയാണ്. കൂടുതല്‍ പേര്‍ പിടിയിലായേക്കാം എന്നാണ് വിവരം. ഇന്ന് ഇവരെ കോടതിയില്‍ ഹാജരാക്കും
















