തലയോലപ്പറമ്പ്: കേരളത്തിലെ അഞ്ഞൂറോളം സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ അനാഥം. ഒന്‍പത് വര്‍ഷം മുമ്പ് കേന്ദ്ര മാനവശേഷി വികസന വകുപ്പിന്റെ കീഴില്‍ കിഷോരിശക്തിയോജന എന്ന പേരില്‍ ആരംഭിച്ചതാണ് പദ്ധതി. സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ ഒരു തസ്തികയില്‍ എംഎസ്ഡബ്‌ള്യൂ കോഴ്‌സ് കഴിഞ്ഞവര്‍ക്കാണ് നിയമനം നല്‍കിയത്. ജില്ലാ പഞ്ചായത്താണ് നിയമനം നടത്തിയിരുന്നത്.
പദ്ധതി സംസ്ഥാന സാമൂഹ്യനീതി വകുപ്പിന്റെ കീഴില്‍ ഐസിഡിഎസ് ഏറ്റെടുത്തു. പെണ്‍കുട്ടികള്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കും കൗണ്‍സിലിംഗ് നടത്തുകയും അവധിദിവസങ്ങളില്‍ അംഗന്‍വാടികളിലും കുമാരി ക്ലബിലും കൗണ്‍സിലിംങ്ങ് നടത്തുകയുമായിരുന്നു ഇവരുടെ ജോലി. 4വര്‍ഷമായി ശമ്പളവര്‍ദ്ധനവോ മറ്റാനുകൂല്യങ്ങളോ ഇല്ല. 12500 രൂപയാണ് ശമ്പളം. ശില്‍പ്പശാലകളും പരിശീലന പരിപാടികളും ഇവര്‍തന്നെയാണ് സംഘടിപ്പിക്കുന്നത്.
തങ്ങളുടെ ജോലിയില്‍ ഏകോപനമുണ്ടാക്കുന്നതിനും ആധുനിക രീതിയിലുള്ള പരിശീലനം ലഭിക്കുന്നതിനും സര്‍ക്കാര്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്നാണ് കൗണ്‍സിലര്‍മാരുടെ ആവശ്യം. സ്വകാര്യ പ്രാക്ടീസ് നടത്തുന്ന കൗണ്‍സിലര്‍മാര്‍ മണിക്കൂറിന് ആയിരക്കണക്കിന് രൂപ പ്രതിഫലം കൈപ്പറ്റുമ്പോള്‍ തങ്ങള്‍ക്ക് ജീവിതച്ചെലവ് നിര്‍വ്വഹിക്കുന്നതിനുള്ള ശമ്പളമെങ്കിലും ലഭിക്കാന്‍ നടപടിയുണ്ടാകണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നു.
















