ഒറ്റപ്പാലം: കായകല്പ ചികിത്സയെന്ന ആയുര്‍വേദത്തിലെ അത്ഭുത സിദ്ധി അനുഭവിച്ചറിയാന്‍ ലണ്ടനില്‍ നിന്ന് ബ്രണ്ടന്‍ എം സ്നട്ട് എന്ന 67കാരന് ഒറ്റപ്പാലത്തെത്തി. ഡോ. പി. സേതുമാധവന്റെ കീഴിലുള്ള പാലപ്പുറം പടിഞ്ഞാര്‍ക്കര ആയുര്‍വേദ ഹോസ്പിറ്റലിലാണ് ബ്രണ്ടത്തിന് കായകല്പ ചികിത്സയെന്ന രസായന ചികിത്സ. ഇന്ന് രാവിലെ ചികിത്സാ വിധികള്‍ ആരംഭിക്കും. പ്രത്യേകം സജ്ജമാക്കിയ സ്ഥലത്താണ് ബ്രണ്ടന്‍ രസായന ചികിത്സ. കുടിപ്രവേശിക കഴിഞ്ഞാല്‍ തൊണ്ണൂറ് ദിവസം ബ്രണ്ടന്‍ പുറംലോകവുമായി യാതൊരു ബന്ധവും ഉണ്ടാവില്ല. ഭക്ഷണത്തിന് പകരം ഇത്രയും ദിവസം ഔഷധസേവ മാത്രമായിരിക്കും നല്‍കുക.
ഒരു ഗര്‍ഭസ്ഥ ശിശു അമ്മയുടെ ഗര്‍ഭപാത്രത്തില്‍ എപ്രകാരം കഴിഞ്ഞുകൂടുന്നുവോ അതേ അന്തരീക്ഷത്തിലായിരിക്കും കുടിയില്‍ കഴിയുക. ചൂട്, കാറ്റ്, വെളിച്ചം മുതലായവ ഒട്ടും കടന്നുവരാത്ത രീതിയിലായിരിക്കും കുടിക. ജരാചികിത്സ എന്ന പേരിലും അറിയപ്പെടുന്ന ഇത്തരം ചികിത്സാവിധി അനുസരിക്കുന്നതിലൂടെ ദീര്‍ഘായുസ്സ്, ആരോഗ്യം, ബുദ്ധിശക്തി, ഓര്‍മ്മശക്തി, മേധാശക്തി, യൗവ്വനാവസ്ഥ, വാഗ്സിദ്ധി മുതലായവ ലഭിക്കുമത്രെ.
അഷ്ടാംഗത്തിലെ ഏഴാം അംഗമായ ജരാചികിത്സക്ക് വിധേയമാകുന്നതിന് അസാധാരണമായ മനസ്ഥൈര്യം അത്യാവശ്യമാണെന്ന് ഡോ.സേതുമാധവന് പറഞ്ഞു. ഒരു ഗര്‍ഭകാലം, അതായത് ഒന്‍പത് മാസക്കാലമാണ് യഥാര്‍ത്ഥത്തില്‍ ജരാചികിത്സ ആവശ്യപ്പെടുന്നത്. എന്നാല്‍ ബ്രണ്ടന്‍ 90 ദിവസമാണ്. മൂന്നുമാസത്തെ മുന്നൊരുക്കങ്ങളും നടത്തി മാനസികമായി ഏറെ തയ്യാറെടുപ്പുകള്‍ ചികിത്സക്ക് വിധേയരാകുന്നവര്‍ നടത്തേണ്ടതുണ്ട്. കോശങ്ങളെ പുതുക്കിപ്പണിയുന്നതടക്കം നിരവധി ഫലസിദ്ധി നേരത്തെ നടത്തിയ ജരാചികിത്സയില് നിന്നും ബോധ്യപ്പെട്ടതാണെന്നും സേതുമാധവന് വിശദീകരിച്ചു. നാല് വിദേശികളടക്കം ഇവിടുത്തെ ഒന്‍പതാമത്തെ വ്യക്തിയാണ് കായകല്പ ചികിത്സക്ക് വിധേയനാകുന്ന ബ്രണ്ടന്‍.
















