കൊച്ചി: പുറ്റിങ്ങല്‍ വെടിക്കെട്ടു ദുരന്തത്തില്‍ പ്രതികള്‍ക്കെതിരെ പ്രേരണാക്കുറ്റം ചുമത്താനാവുമോയെന്നതുള്‍പ്പെടെ അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ വ്യക്തമാക്കി പത്തു ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ഹൈക്കോടതി ക്രൈംബ്രാഞ്ചിന് നിര്‍ദ്ദേശം നല്‍കി.
ഹര്‍ജി പരിഗണനയ്‌ക്കെടുത്തപ്പോള്‍ നിലവില്‍ നടന്ന അന്വേഷണം തൃപ്തികരമാണോയെന്ന് ഡിവിഷന്‍ ബെഞ്ച് വാക്കാല്‍ ചോദിച്ചു. തുടര്‍ന്നാണ് ഉച്ച കഴിഞ്ഞ് ക്രൈംബ്രാഞ്ചിനോടു റിപ്പോര്‍ട്ട് തേടിയത്. പുറ്റിങ്ങല്‍ വെടിക്കെട്ടു ദുരന്തത്തെക്കുറിച്ച് സിബിഐ അന്വേഷിക്കണമെന്നതടക്കമുള്ള ഹര്‍ജികളിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദ്ദേശം.
പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ടിന് രാഷ്‌ട്രീയക്കാരടക്കമുള്ള ആരുടെയും സമ്മര്‍ദ്ദമില്ലാതെയാണ് ജില്ലാ ഭരണകൂടം അനുമതി നല്‍കിയതെന്നും മത്സര വെടിക്കെട്ടിനല്ല അനുമതി നല്‍കിയതെന്നും വ്യക്തമാക്കി ക്രൈംബ്രാഞ്ച് എസ്.പി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മുന്‍ എം.പി പീതാംബരകുറുപ്പ്, ചാത്തന്നൂര്‍ എം.എല്‍.എയായിരുന്ന ജയലാല്‍, കോണ്‍ഗ്രസ് നേതാവ് ശൂരനാട് രാജശേഖരന്‍ തുടങ്ങിയവര്‍ വെടിക്കെട്ടിന് അനുമതി നല്‍കാമോയെന്ന് പോലീസ് ഉദ്യോഗസ്ഥരോട് ആരാഞ്ഞിരുന്നെങ്കിലും ഇതിലെ സാങ്കേതിക പ്രശ്‌നങ്ങളും അപകടവും ചൂണ്ടിക്കാട്ടിയതോടെ അവര്‍ പിന്തിരിഞ്ഞുവെന്നാണ് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയത്.
ഇതിനായി പോലീസ് ഉദ്യോഗസ്ഥരുടെ മൊഴിയെടുത്തെങ്കിലും രാഷ്‌ട്രീയക്കാരുടെ മൊഴി രേഖപ്പെടുത്തിയതായി കാണുന്നില്ലെന്ന് ഡിവിഷന്‍ ബെഞ്ച് വാക്കാല്‍ വിലയിരുത്തി. എന്നാല്‍ ഇവരുടെ മൊഴിയും രേഖപ്പെടുത്തിയെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. തുടര്‍ന്നാണ് അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് തേടിയത്. ഹര്‍ജി ഫെബ്രുവരി 15 ന് വീണ്ടും പരിഗണിക്കും.
















