കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ കേരളം മഴമാപിനി സ്ഥാപിച്ചു. സംസ്ഥാന ജലവിഭവ വകുപ്പാണ് ജോലികള്‍ നടത്തുന്നത്. മുന്‍പ് ഉന്നതാധികാര സമിതി അംഗങ്ങള്‍ അണക്കെട്ട് സന്ദര്‍ശിച്ച സമയത്ത് കേരളം, തമിഴ്‌നാട് സംസ്ഥാനങ്ങളുടെ പ്രതിനിധികളുമായി ഉണ്ടാക്കിയ ധാരണയുടെ തുടര്‍ച്ചയായാണ് മഴമാപിനികള്‍ സ്ഥാപിക്കാനുള്ള തീരുമാനം.
പെരിയാര്‍ വന്യജീവി കേന്ദ്രത്തിന്റെ ഭാഗമായ അഞ്ചുരുളി പ്രദേശത്താണ് ആദ്യ ഉപകരണം സ്ഥാപിച്ചത്. തുടര്‍ന്ന് വൃഷ്ടി പ്രദേശങ്ങളില്‍ പെടുന്ന പ്രധാന 13 കേന്ദ്രങ്ങളില്‍ യന്ത്രങ്ങള്‍ സ്ഥാപിക്കും.
മഴയുടെ അളവ് ശേഖരിക്കുന്നത് കൂടാതെ വായു സഞ്ചാരം, ഊഷ്മാവ്, അന്തരീക്ഷ ഈര്‍പ്പം, കാറ്റിന്റെ വേഗം, ഗതി, സൂര്യതാപത്തിന്റെ വ്യതിയാനം, അന്തരീക്ഷ മര്‍ദ്ദം എന്നിവ സംബന്ധിച്ചുള്ള കാര്യങ്ങള്‍ യഥാസമയം ഈ ഉപകരണത്തിന്റെ സഹായത്തോടെ ഉദ്യോഗസ്ഥര്‍ക്ക് ശേഖരിക്കാം. ഐഎസ്ആര്‍ഒയുടെ സാങ്കേതിക സഹായത്തോടെയാണ് ജലവകുപ്പ് ഈ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നത്.
















