പാലാ: പാലാ നഗരത്തില്‍ കൊതുകു പിടുത്ത മത്സരം സംഘടിപ്പിക്കുന്നു. പനി, ഡെങ്കിപ്പനി തുടങ്ങിയ രോഗങ്ങള്‍ പടര്‍ന്നു പിടിച്ചിട്ടും കൊതുകുനിവാരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്താത്ത നഗരസഭാധികൃതരുടെ നടപടിയില്‍ പ്രതിക്ഷേധിക്കാനാണ് കൊതുക് പിടുത്ത മത്സരം നടത്തുന്നത്. പ്രതിഷേധത്തിനൊപ്പം കൊതുകു നിവാരണവും ലക്ഷ്യമിട്ടാണ് മത്സരം സംഘടിപ്പിച്ചിട്ടുള്ളത്. മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷനാണ് വ്യത്യസ്തമായ ഈ സമരവുമായി രംഗത്തിറങ്ങിയത്. നഗരസഭാതിര്‍ത്തിക്കുള്ളില്‍ ഉള്ളവരെ മാത്രമേ മത്സരത്തിനു പരിഗണിക്കുകയുള്ളൂ.
23 മുതല്‍ 30 വരെ ഒരാഴ്ചക്കാലമാണ് കൊതുകു പിടുത്തത്തിന്റെ മത്സര കാലയളവ്. ഈ കാലയളവിനുള്ളില്‍ ഏറ്റവും കൂടുതല്‍ കൊതുകുകളെ പിടികൂടുന്നവര്‍ക്ക് ക്യാഷ് അവാര്‍ഡും ശുചിത്വശ്രീ പുരസ്‌ക്കാരവും നല്‍കും. തൊട്ടടുത്ത അഞ്ചു സ്ഥാനങ്ങളിലെത്തുന്നവര്‍ക്ക് സര്‍ട്ടിഫിക്കേറ്റുകളും സമ്മാനിക്കും. കൊതുകുകളെ പിടികൂടിയ ശേഷം സംഘടനയെ അറിയിച്ചാല്‍ മതി. പരിശോധിച്ച ശേഷം ജേതാവിനെ കണ്ടെത്തും.
















