എരുമേലി: എരുമേലി ഗ്രാമപഞ്ചായത്ത് വായനശാലയുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് വായനാ ദിനത്തില്‍ പഞ്ചായത്ത് ഓഫീസ് പടിക്കല്‍ വേറിട്ട പ്രതിഷേധം. പുസ്തകം വായിച്ചും കവിത ചൊല്ലിയുമാണ് പൊതുപ്രവര്‍ത്തകരുടെ പ്രതിഷേധം നടന്നത്. പഞ്ചായത്ത് വായനശാല ആധുനിക വല്‍ക്കരിക്കുക, റീഡിംഗ് റൂം ഏര്‍പ്പെടുത്തുക, കൂടുതല്‍ പുസ്തകങ്ങള്‍ എത്തിക്കുക, പഞ്ചായത്തിലെത്തുന്ന എല്ലാ ദിനപത്രങ്ങളും പൊതുജനങ്ങള്‍ക്ക് വായിക്കുവാന്‍ അവസരം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ഈ വായനദിനത്തിലെ പ്രതിഷേധം.
പൊതുപ്രവര്‍ത്തകന്‍ ലൂയിസ്‌ഡേവിഡ്, എഴുത്തുകാരന്‍ രവീന്ദ്രന്‍, കവി കെ.പി ഓതറ എന്നിവരാണ് മികച്ച വായനശാലക്കായി പ്രതിഷേധിച്ചത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് വായനശാലക്കായി നിര്‍മ്മിച്ച കെട്ടിടം പഞ്ചായത്തോഫീസ് പ്രവര്‍ത്തനങ്ങള്‍ക്കായി അധികൃതര്‍ മാറ്റുകയായിരുന്നു. ഇതോടെ വായനശാല ഒരു സൗകര്യവുമില്ലാത്ത ഇടുങ്ങിയ മുറിയിലേക്ക് മാറ്റുകയായിരുന്നു. മുഴുവന്‍ സമയവും വായനശാല തുറക്കണമെന്നും ഓഫീസിലെത്തുന്ന വിവിധ ദിനപത്രങ്ങള്‍ പൊതുജനത്തിന് വായനക്ക് ലഭ്യമാക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. നിവേദനവും അധികൃതര്‍ക്ക് സമര്‍പ്പിച്ചു.
















