തിരുവനന്തപുരം: ലോ അക്കാദമിക്കെതിരായ സമരം സ്വാശ്രയ കോളേജുകളുടെ ചൂഷണത്തിനെതിരായ സമരമാക്കി വിപുലീകരിക്കാന്‍ ബിജെപി കോര്‍ കമ്മിറ്റി യോഗം തീരുമാനിച്ചു. സ്വാശ്രയ സമരപരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എ.എന്‍. രാധാകൃഷ്ണന്‍, എം.ടി.രമേശ്, മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ വി. മുരളീധരന്‍ എന്നിവരെ ചുമതലപ്പെടുത്തിയതായും യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ അറിയിച്ചു. പാമ്പാടി നെഹ്‌റു കോളേജ്, കോട്ടയം ടോംസ് കോളേജ് എന്നിവിടങ്ങളില്‍ നടക്കുന്ന സമരത്തിന് ബിജെപി പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിക്കുന്നതായി കുമ്മനം പറഞ്ഞു.
ലോ അക്കാദമി വിഷയം വഷളാക്കിയത് സര്‍ക്കാരാണ്. വിദ്യാര്‍ത്ഥികളുടെ ആവശ്യം പരിഗണിക്കാതെ സമരം അടിച്ചമര്‍ത്താനാണ് ശ്രമം. അക്കാദമി സമരം വിജയം കണ്ടാല്‍ അത് മറ്റ് സ്വാശ്രയ മാനേജ്‌മെന്റുകള്‍ക്ക് പാഠമാകും. വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരത്തിന് ജനകീയ പിന്തുണ നല്‍കി ശക്തമായ പ്രക്ഷോഭം ആരംഭിക്കും.
കേരളത്തില്‍ അക്രമ രാഷ്‌ട്രീയം പാരമ്യത്തില്‍ എത്തി.ഇതിനെതിരെ കേന്ദ്ര ഇടപെടല്‍ ആവശ്യപ്പെട്ട് മൂന്നംഗ ബിജെപി പ്രതിനിധി സംഘം ഇന്ന് രാവിലെ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിനെ സന്ദര്‍ശിക്കും. കുമ്മനത്തിനെ കൂടാതെ മുന്‍ സംസ്ഥാന അദ്ധ്യക്ഷന്മാരായ പി.കെ.കൃഷ്ണദാസ്, വി.മുരളീധരന്‍ എന്നിവരും സംഘത്തിലുണ്ടാകും.
ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷനും കെപിഎംഎസ് സംസ്ഥാന ഖജാന്‍ജിയുമായ ഡോ.പി.പി. വാവയ്‌ക്കെതിരായ ഗ്രനേഡ് പ്രയോഗത്തെ യോഗം അപലപിച്ചു. ഗ്രനേഡ് പ്രയോഗിക്കുന്നത് സംബന്ധിച്ചുള്ള പോലീസ് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളുടെ നഗ്‌നമായ ലംഘനമാണ് പേരൂര്‍ക്കടയില്‍ ഉണ്ടായത്. ഗ്രനേഡ് പ്രയോഗിച്ച പോലീസുകാര്‍ക്കെതിരെ വധശ്രമത്തിന് കേസെടുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ നിയമനടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു.
പാലക്കാട് സിപിഎമ്മുകാര്‍ ചുട്ടുകൊന്ന വിമലയെന്ന വീട്ടമ്മയുടെ ചിതാഭസ്മവുമായി കേരളത്തില്‍ രണ്ട് ജാഥകള്‍ നടത്തുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് അറിയിച്ചു. ഫെബ്രുവരി 26 മുതല്‍ മാര്‍ച്ച് 3 വരെയാണ് ജാഥകള്‍. പാലക്കാട് നിന്ന് മഞ്ചേശ്വരത്തേക്കുള്ള ജാഥ സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രനും തിരുവനന്തപുരത്തേക്കുള്ള ജാഥ മഹിളാ മോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷ രേണു സുരേഷും നയിക്കും.
ചിതാഭസ്മം മഞ്ചേശ്വരത്തും തിരുവല്ലത്തും നിമജ്ജനം ചെയ്യും. രണ്ട് ജാഥകളുടെ സ്വീകരണ യോഗത്തിലുമായി ഒരുലക്ഷം പേര്‍ പങ്കെടുക്കുമെന്നും എം.ടി.രമേശ് അറിയിച്ചു.
ഫെബ്രുവരി 11 ന് ദീനദയാല്‍ ഉപാധ്യായായ അനുസ്മരണദിനം ജില്ലാഓഫീസുകളിലും സംസ്ഥാന ഓഫീസിലും ആചരിക്കും.11 മുതല്‍ 18 വരെ ബൂത്തടിസ്ഥാനത്തില്‍ അനുസ്മരണസമ്മേളനങ്ങള്‍ സംഘടിപ്പിക്കും.
















