കൊളംബോ: ഐസിസി വനിതാ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഇന്ത്യക്ക് തുടര്‍ച്ചയായ നാലാം ജയം. ഇന്നലെ നടന്ന മത്സരത്തില്‍ ഇന്ത്യ 9 വിക്കറ്റിന് സിംബാബ്‌വെ വനിതകളെ തകര്‍ത്തു. ഇതോടെ ഗ്രൂപ്പ് എ ചാമ്പ്യന്മാരായി ഇന്ത്യ യോഗ്യതാ റൗണ്ടിലെ സൂപ്പര്‍ സിക്‌സിലേക്ക് യോഗ്യത നേടി.
ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെ 28.5 ഓവറില്‍ 60 റണ്‍സിന് എല്ലാവരും പുറത്തായി. രണ്ട് പേര്‍ മാത്രം രണ്ടക്കം കടന്ന ഇന്നിങ്ങ്‌സില്‍ 26 റണ്‍സെടുത്ത മേരി ആനി മുസോണ്ട ടോപ് സ്‌കോറര്‍. പ്രഷ്യസ് മരാന്‍ജെ 12 റണ്‍സുമെടുത്തു. 7.5 ഓവറില്‍ 19 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്‌ത്തിയ പൂനം യാദവാണ് സിംബാബ്‌വെ ഇന്നിങ്ങ്‌സിനെ തകര്‍ത്തത്. രാജേശ്വരി ഗെയ്‌ക്ക്‌വാദ് രണ്ട് വിക്കറ്റുകളും വീഴ്‌ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 9 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 61 റണ്‍സെടുത്തു. 29 റണ്‍സെടുത്ത വേദ കൃഷ്ണമൂര്‍ത്തിയാണ് പുറത്തായത്. 21 റണ്‍സുമായി മോന മെഷ്‌റാമും 11 റണ്‍സുമായി ഹര്‍മന്‍പ്രീത് കൗറും പുറത്താകാതെ നിന്നു. പൂനം യാദവ് മത്സരത്തിലെ താരം.
















