തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ വിവിധ സെന്ററുകളിലെ ബോര്‍ഡുകളും ബാനറുകളും 24 മണിക്കൂറിനകം നീക്കം ചെയ്യണമെന്ന് വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍ നിര്‍ദേശം നല്‍കി. നീക്കിയില്ലെങ്കില്‍ അത് സര്‍വകലാശാലയുടെ നേതൃത്വത്തില്‍ നീക്കം ചെയ്യും.പ്രവേശന കവാടത്തില്‍ ബാനറുകള്‍ പാടില്ലെന്ന് കഴിഞ്ഞ സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചിരുന്നു.
കേരള സര്‍വകലാശാലയുടെ പാളയത്തെ ആസ്ഥാനം, കാര്യവട്ടം ക്യമ്പസ് എന്നീ സ്ഥാപനങ്ങളെ ലക്ഷ്യമിട്ടാണ് വി സിയുടെ നിര്‍ദ്ദേശം.സര്‍വകലാശാല കവാടത്തിന്റെ 200 മീറ്റര്‍ പരിധിയില്‍ ബോര്‍ഡുകളോ ബാനറുകളോ പാടില്ലെന്നണ് സിന്‍ഡിക്കേറ്റിന്റെ തീരുമാനം. എന്നാല്‍ സര്‍വകലാശാലയുടെ പാളയത്തെ ആസ്ഥാനം, കാര്യവട്ടം ക്യാമ്പസ് എന്നിവിടങ്ങളില്‍ ഇത് നടപ്പിലാക്കിയിരുന്നില്ല.
24 മണിക്കൂറിനകം ബാനറുകള്‍ നീക്കിയില്ലെങ്കില്‍ സര്‍വകലാശാല അത് നീക്കിയ ശേഷം ഇതിനുള്ള ചെലവുകള്‍ ബാനറുകള്‍ സ്ഥാപിച്ച സംഘടനകളില്‍ നിന്ന് ഈടാക്കും.ക്യാമ്പസുകളില്‍ വിദ്യാര്‍ഥി സംഘടനകളുടെയും അധ്യാപക സംഘടനകളുടെയും ബാനറുകളുമുണ്ട്.
















