കശ്മീര്‍: ജമ്മു-കശ്മീരിന് പ്രത്യേക പദവി നല്കുന്ന 370ാം വകുപ്പ് പിൻവലിച്ചാല്‍ താഴ്‌വര അക്രമത്തില്‍ മുങ്ങുമെന്നും വ്യാപക രക്തച്ചൊരിച്ചില്‍ ഉണ്ടാകുമെന്നും രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള പ്രതിപക്ഷം വാദിച്ചിരുന്നത് ഓര്‍മ്മയുണ്ടോ? കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണെന്ന തിരിച്ചറിവ് ഉണ്ടാക്കിക്കൊടുക്കാന്‍ 2019 ആഗസ്റ്റ് 5-ന് 370ാം വകുപ്പ് റദ്ദാക്കിയതിലൂടെ സാധിച്ചു. ഇന്നിതാ 370ാം വകുപ്പ് പിന്‍വലിച്ച് ഏഴ് വര്‍ഷം കഴിഞ്ഞു. ഒരു പ്രശ്നവുമില്ലാതെ കശ്മീര്‍ മുന്നോട്ട് പോവുന്നു, ഇന്ത്യയുടെ അവിഭാജ്യ ഭാഗമായി.
കശ്മീര്‍ ഇന്ത്യയുടെ ഭാഗം തന്നെ എന്ന നിലപാട് മോദി സര്‍ക്കാര്‍ നടപ്പാക്കി
ഒരേ ഭരണഘടനയും നിയമവ്യവസ്ഥയും രാജ്യത്തുടനീളം നടപ്പാക്കാനുമുള്ള ചരിത്രപരമായ തീരുമാനത്തിന്റെ ഭാഗമായാണ് കശ്മീരിന് പ്രത്യേക അവകാശം നല്കുന്ന 370ാം വകുപ്പ് റദ്ദാക്കിയത്. എന്തിനാണ് കശ്മീരിനെ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വേറിട്ടതാക്കി മാറ്റിനിര്‍ത്തുന്നത്? കശ്മീര്‍ ഇന്ത്യയുടെ ഭാഗം തന്നെയാണ് എന്നതായിരുന്നു മോദി സര്‍ക്കാരിന്റെ നിലപാട്. ഇതോടെ കശ്മീരിലെ ജനങ്ങളും മാറി. വിവിധ ബിസിനസ് രംഗങ്ങളില്‍ വന്‍തോതില്‍ പുറത്ത് നിന്നും നിക്ഷേപം എത്തി. വികസനം, നിക്ഷേപം, അടിസ്ഥാനസൗകര്യങ്ങള്‍, വിനോദസഞ്ചാരം തുടങ്ങിയ മേഖലകളില്‍ താഴ്‌വരയില്‍ ഉണ്ടായ മാറ്റങ്ങള്‍ ഈ തീരുമാനത്തിന്റെ പ്രധാന നേട്ടങ്ങളാണ്. ജമ്മു കശ്മീരിന്റെ സുരക്ഷ പതിന്മടങ്ങ് വര്‍ധിക്കുകയാണ് ചെയ്തത് പണ്ടത്തേതുപോലെ പാകിസ്ഥാനില്‍ നിന്നുള്ള ഭീകരര്‍ ഇടയ്‌ക്കിടെ നുഴഞ്ഞു കയറി വന്ന് ആളുകളെ വെടിവെച്ച് കൊല്ലുന്ന, ബോംബ് സ്ഫോടനം നടത്തുന്ന വാര്‍ത്തകള്‍ കുറഞ്ഞു.
കശ്മീരിനെ മുതലെടുത്ത അബ്ദുള്ളമാരും മുഫ്തിമാരും
ഇന്ത്യ എന്ന രാജ്യത്തിനുള്ളില്‍ എന്തിനാണ് പ്രത്യക നിയമവും പ്രത്യേക പതാകയുമുള്ള ഒരു പ്രത്യേക സംസ്ഥാനമായി കശ്മീരിനെ നിലനിര്‍ത്തിത് നെഹ്രുവാണ്. കാലക്രമേണം വികസനം നിഷേധിക്കപ്പെട്ട ജനങ്ങളായി കശ്മീരികള്‍ മാറി. ഇവരെ മുതലെടുത്താണ് കശ്മീരിലെ രാഷ്‌ട്രീയ കുടുംബങ്ങളായ അബ്ദുള്ളമാരും മുഫ്തിമാരും അടക്കി വാണത്. ഇവരാണ് കശ്മീരികളെ ഇന്ത്യയുടെ ഭാഗമല്ലെന്ന് ഇടയ്‌ക്കിടെ ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നത്. കാരണം ഈ വിഘടന വാദമായിരുന്നു അവരുടെ നിലനില്‍പ്. അതുപോലെ പാകിസ്ഥാനിലെ തീവ്രവാദഗ്രൂപ്പുകളുമായി ഈ രാഷ്‌ട്രീയ കുടുംബങ്ങള്‍ പുലര്‍ത്തിയിരുന്ന കൂറും വലുതായിരുന്നു. പലപ്പോഴും ഇവരുടെ ഇംഗിതമനുസരിച്ചാണ് പാകിസ്ഥാനില്‍ നിന്നും ഭീകരസംഘങ്ങള്‍ എത്തി കശ്മീരില്‍ ആക്രമണം നടത്തിയിരുന്നത്.
കശ്മീരിന് വേണ്ടി മരണം വരിച്ച ശ്യാമപ്രസാദ് മുഖര്‍ജി
കശ്മീർ. താഴ്‌വരയുടെ കാര്യത്തില്‍ ജനസംഘത്തിന്റെ കാലം മുതല്‍ സ്വീകരിച്ച നിലപാട് ബിജെപിയും ശക്തമായി തന്നെ തുടർന്നു. ഭാരതീയജനസംഘ് രൂപീകരിച്ച ബംഗാളില്‍ നിന്നുള്ള ശ്യാമപ്രസാദ് മുഖര്‍ജി 1950കളില്‍ തന്നെ കശ്മീരിനെക്കുറിച്ചുള്ള നിലപാട് വ്യക്തമാക്കിയിരുന്നു. കശ്മീരിനെ പൂര്‍ണ്ണമായും ഇന്ത്യയില്‍ ലയിപ്പിക്കണമെന്നും ഇന്ത്യന്‍ ഭരണഘടന കശ്മീരിന് കൂടി ബാധകമാക്കണമെന്നും ആവശ്യപ്പെട്ട് ശ്യാമപ്രസാദ് മുഖര്‍ജി അന്ന് കശ്മീര്‍ സത്യാഗ്രഹം സംഘടിപ്പിച്ചു. നെഹ്രു അനുവദിച്ചതുപോലെ കശ്മീരിനുള്ള പ്രത്യേക പദവികള്‍ എടുത്തുകളയാനും ശ്യാമപ്രസാദ് മുഖര്ജി ആവശ്യപ്പെട്ടു. ഒരു രാജ്യത്ത് രണ്ട് പ്രധാനമന്ത്രിയോ രണ്ട് കൊടിയോ രണ്ട് ഭരണഘടനയോ വേണ്ടെന്ന് ആവശ്യപ്പെട്ട് അദ്ദേഹം നെഹ്രുവിന്റെ കശ്മീര്‍ നയത്തെ എതിര്‍ത്ത് വന്‍പ്രചാരണക്കൊടുങ്കാറ്റ് അഴിച്ചുവിട്ടു. കശ്മീരിലേക്ക് കടക്കാന്‍ പ്രത്യേകം പെര്‍മിറ്റ് വേണമെന്ന നെഹ്രുവിന്റെ നിയമത്തെ വെല്ലുവിളിച്ച് പെര്‍മിറ്റ് ഇല്ലാതെ കശ്മീരിലേക്ക് പ്രവേശിക്കാന്‍ ശ്യാമപ്രസാദ് മുഖര്‍ജി തീരുമാനിച്ചു. 1953ല്‍ കശ്മീരിലേക്ക് പെര്‍മിറ്റില്ലാതെ പ്രവേശിക്കാന്‍ ശ്രമിച്ച ശ്യാമപ്രസാദ് മുഖര്‍ജിയെ അറസ്റ്റ് ചെയ്തു. മുഖര്‍ജിയെ ശ്രീനഗറിലേക്ക് കൊണ്ടുപോയി വീട്ടുതടങ്കലിലാക്കി. തൊട്ടടുത്ത് മാസം ശ്യാമപ്രസാദ് മുഖര്‍ജി ഹൃദയസ്തംഭനം മൂലം മരണപ്പെട്ടു- കൃത്യമായി പറഞ്ഞാല്‍ 1953 ജൂണ്‍ 23ന്.
കശ്മീരി പണ്ഡിറ്റുകള്‍ അവരുടെ ജന്മനാടായ ജമ്മു കശ്മീരിലേക്ക് പൂർണ്ണ അന്തസ്സോടെ തിരിച്ചുവരുമെന്ന് ബിജെപി പ്രകടനപത്രികയില്‍ പറഞ്ഞു
എന്തായാലും 2014ലും 2019ലും ബിജെപിയുടെ പ്രകടനപത്രികയില്‍ ജമ്മുകശ്മീരിനെ കുറിച്ച് വ്യക്തമായി പറയുന്നുണ്ട്. ‘ജനസംഘത്തിന്റെ കാലം മുതല്‍ മുന്നോട്ട് വെക്കുന്ന 370ാം വകുപ്പ് റദ്ദാക്കുമെന്ന നിലപാട് ആവർത്തിക്കുന്നു. കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്, അത് എന്നും തുടരും. ഇന്ത്യയുടെ അഖണ്ഡത ലംഘിക്കാനാവാത്തതാണ്. ഭരണഘടനയിലെ 35A വകുപ്പ് , സംസ്ഥാനത്തിന്റെ വികസനത്തിന് തടസ്സമാണ്. ജമ്മു, കാശ്മീർ, ലഡാക്ക് എന്നീ മൂന്ന് മേഖലകളിലും തുല്യ വികസനമെന്ന അജണ്ട ബിജെപി പിന്തുടരും. കശ്മീരി പണ്ഡിറ്റുകള്‍ അവരുടെ ജന്മനാടായ ജമ്മു കശ്മീരിലേക്ക് പൂർണ്ണ അന്തസ്സോടെയും സുരക്ഷയോടെയും മടങ്ങിവരുന്നത് ബിജെപിയുടെ അജണ്ടയില്‍ സുപ്രധാനമാണ്. 370ാം വകുപ്പ് റദ്ദാക്കാൻ ബിജെപി പ്രതിജ്ഞാബദ്ധരാണ്”- ഇതായിരുന്നു കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും ബിജെപിയുടെ പ്രകടന പത്രിക വാഗ്ദാനം ചെയ്തിരുന്നത്.
ഏഴ് വര്‍ഷം മുന്‍പ് 2019 ആഗസ്ത് അഞ്ചിന് കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞു
2019 ആഗസ്റ്റ് 5, സർക്കാർ അധികാരമേറ്റ് രണ്ട് മാസവും അഞ്ച് ദിവസവും പിന്നിടുമ്പോള്‍ മോദി-ഷാ സഖ്യം 370ാം വകുപ്പ് പിന്‍വലിച്ചു. മാത്രമല്ല വിഘടനവാദം ഇല്ലാതാക്കാൻ സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി വിഭജിക്കുകയും ചെയ്തു. ജമ്മുകശ്മീരിനെ നിയമസഭയുള്ള കേന്ദ്രഭരണപ്രദേശവും ലഡാക്കിനെ നിയമസഭയില്ലാത്ത കേന്ദ്രഭരണപ്രദേശവുമാക്കി. ഇതിനെതിരെ വിഘടനവാദികളും വിവിധ രാഷ്‌ട്രീയ കക്ഷികളും ചേർന്ന് സുപ്രീം കോടതിയെ സമീപിച്ചു. 2023 ഡിസംബർ 11ന് പാർലമെന്‍റിന്റെ തീരുമാനം സുപ്രീംകോടതി ഭരണഘടനാ ബഞ്ച് ശരിവെച്ചു. ഇതോടെ പ്രശാന്ത് കിഷോര്‍, കപില്‍ സിബല്‍, അഭിഷേക് മനു സിംഘ് വി തുടങ്ങിയ കോണ്‍ഗ്രസ്, പ്രതിപക്ഷ അഭിഭാഷകപ്പട നിശ്ശബ്ദരനായി തോല്‍വി ഏറ്റുവാങ്ങി.
2019ല്‍ 370ാം വകുപ്പ് എടുത്തുകളയുന്നത് വരെ ഈ വകുപ്പ് എത്രമാത്രം വിവേചനപരമാണെന്ന് മനസ്സിലാക്കാന്‍ കശ്മീര്‍ ജനതയ്‌ക്ക് പോലും കഴിഞ്ഞില്ല. കശ്മീരിലെ രാഷ്‌ട്രീയ ‘രാജവംശങ്ങള്‍’ എന്നാണ് അബ്ദുള്ളമാരുടെയും (ഷേഖ് അബ്ദുള്ള, മകന്‍ ഫാറൂഖ് അബ്ദുള്ള, ഇയാളുടെ മകന്‍ ഒമര്‍ അബ്ദുള്ള എന്നിവര്‍) മുഫ്തിമാരുടെയും ( മുഫ്തി മുഹമ്മദ് സെയിദ്, മകള്‍ മെഹ്ബൂബ മുഫ്തി, ചെറുമകള്‍ ഇല്‍തിജ മുഫ്തി) കയ്യില്‍ മാത്രമായി ജമ്മു കശ്മീരിന്റെ അധികാരം ഒതുങ്ങിപ്പോയതാണ് കശ്മീരിലെ മറ്റ് ജനങ്ങള്‍ ഈ സംസ്ഥാനത്തോടും ഇവിടുത്തെ ഭരണത്തോടും ഇന്ത്യയോട് പോലും അകന്നുപോകാന്‍ കാരണമായത്. കശ്മീരില്‍ പ്രത്യേക പദവി നല്‍കുന്നത് വഴി ലഭിച്ച അധികാരം ഈ രണ്ട് കുടുംബങ്ങള്‍ ആവോളം ആസ്വദിക്കുകയായിരുന്നുവെന്ന് അന്നേ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ പാര്‍ലമെന്‍റില്‍ പറഞ്ഞിരുന്നു.
രാഹുല്‍ ഗാന്ധി പേടിപ്പിച്ചതുപോലെ കശ്മീരില്‍ പോലും ചോരപ്പുഴ ഒഴുകിയില്ല
ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആർട്ടിക്കിള്‍ 370 റദ്ദാക്കിയപ്പോള്‍ രാജ്യമെമ്പാടും അക്രമങ്ങള്‍ പൊട്ടിപ്പുറപ്പെടുമെന്നും ചോരപ്പുഴ ഒഴുകുമെന്നുമൊക്കെ രാഹുല‍് ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷം വാദിച്ചു. എന്നാല്‍ ജമ്മു കശ്മീരില്‍ പോലും പ്രശ്‌നങ്ങള്‍ ഉണ്ടായില്ല. ഇവിടെ ടൂറിസം തഴച്ചുവളര്‍ന്നു. ഇന്ത്യയുടെ നാനാഭാഗങ്ങളില്‍ നിന്നും കശ്മീരിലേക്ക് ടൂറിസ്റ്റുകള്‍ ഒഴുകാന്‍ തുടങ്ങി. കശ്മീരികള്‍ക്ക് ഇതുവഴി വരുമാനം ലഭിക്കാന്‍ തുടങ്ങി.
സമാധാനത്തിന്റെയും വികസനത്തിന്റെയും പാതയില്‍ ജമ്മു കശ്മീരിനെ കൊണ്ടുവരാന്‍ മോദി സര്‍ക്കാര്‍ നിരവധി നടപടികള്‍ കൈക്കൊണ്ടു. ജമ്മു കശ്മീരിലെ കുട്ടികളെയെല്ലാം മദ്രസാ പഠനം മതമൗലികവാദികളായക്കിയിരുന്നു. ഈ കുട്ടികളുടെ മനംമാറ്റം വലിയ വെല്ലുവിളിയായി.
ദേശീയ സുരക്ഷ ഉപദേഷ്ടാവായ അജിത് ഡോവല്‍ കശ്മീരിന്റെ പലയിടങ്ങളിലും സന്ദര്‍ശിച്ച് അവരുടെ ഉള്ളിലെ ഭയം എടുത്തുകളയാന്‍ അവരുമായി സംസാരിച്ചു. 370ാം വകുപ്പ് എടുത്തുകളഞ്ഞതുകൊണ്ട് അവര്‍ക്ക് മേല്‍ ആരും കുതിരകയറാന്‍ പോകുന്നില്ലെന്നും അങ്ങിനെ ചെയ്യാന്‍ വരുന്നവരെ സര്‍ക്കാര്‍ വേണ്ട വിധം നേരിടുമെന്ന ഉറപ്പും അജിത് ഡോവല്‍ നല‍്കി. ഇത് കശ്മീരികളുടെഉള്ളില്‍ ഉണ്ടാക്കിയ സുരക്ഷിതബോധം ചെറുതല്ല.
ന്യൂനപക്ഷവോട്ടിന് വേണ്ടി നെഹ്രു നടത്തിയ പ്രീണനമാണ് കശ്മീരിനെ മരണഭൂമിയാക്കിയത്
ജവഹര്‍ ലാല്‍ നെഹ്രു വോട്ട് ബാങ്കിന് വേണ്ട ന്യൂനപക്ഷത്തെ പ്രീണിപ്പിച്ചതില്‍ നിന്നാണ് കശ്മീര്‍ ഒരു പ്രശ്നസ്ഥലമായി മാറിയത്. അന്ന് ഷെയ്ഖ് അബ്ദുള്ളയോട് നെഹ്രുവിനുണ്ടായിരുന്ന വഴിവിട്ട വിധേയത്വവും വാത്സല്യവുമാണ് കശ്മീരിന് പ്രത്യേക പദവി നല്‍കുന്നതിലേക്ക് നയിച്ചത്. കശ്മീരിനെ പാകിസ്ഥാന്റെ ഭാഗത്തേക്ക് കൊണ്ടുപോകാനുള്ള മുഹമ്മദ് അലി ജിന്നയുടെശ്രമങ്ങളെ ഷേഖ് അബ്ദുള്ള എതിര്‍ത്തു എന്നതാമ് നെഹ്രു ഉയര്‍ത്തുന്ന ന്യായീകരണം. പക്ഷെ കശ്മീര്‍ രാജാവിനോട് കശ്മീര്‍ വിടുക എന്ന മുദ്രാവാക്യം മുഴക്കി സമരം ചെയ്തത് ഷെയ്ഖ് അബ്ദുള്ളയായിരുന്നു. കശ്മീര്‍ സ്വദേശികളായ പണ്ഡിറ്റുകളെ അന്യരായി കാണാന്‍ പ്രേരിപ്പിച്ചത് ഈ സമരം ആയിരുന്നു.അത് പിന്നീട് ഹിന്ദുക്കള്‍ക്കെതിരായ ഇസ്ലാമിക ഭീകരരുടെ ആക്രമണത്തിലേക്ക് വഴിവെച്ചു. 1947 ഒക്ടോബർ 27-ന് നിലവിൽവന്ന ലയനക്കരാറിന്റെ അടിസ്ഥാനത്തിൽ പ്രത്യേക പദവിയോടുകൂടിയ ജമ്മു-കാശ്മീരിന്റെ പ്രധാനമന്ത്രിയായി 1948-ൽ ഷെയ്ഖ് അബ്ദുള്ളയെ വാഴിക്കുകയായിരുന്നു ജവഹര്‍ലാല്‍ നെഹ്രു. .
വളരെ ചുരുങ്ങിയ കാലത്തേക്ക് എന്നു പറഞ്ഞ് നെഹ്രു കശ്മീരിന് പ്രത്യേക പദവി നല്കുന്ന 370ാം വകുപ്പ് കൊണ്ടുവന്നപ്പോള്‍ സർദാർ പട്ടേലും ഭരണഘടനാശില്പിയായ ഡോ. ബി.ആർ. അംബേദ്കറും അതിന് എതിരായിരുന്നു. നെഹ്രുവിന് ശേഷം വന്ന കോണ്‍ഗ്രസ് സർക്കാരുകള്‍ മുസ്ലിം വോട്ട് ബാങ്കിന് വേണ്ടി കശ്മീരിനുള്ള ഈ പ്രത്യേക പദവി നിലനിര്‍ത്തി. കശ്മീരിന് വേണ്ടി സ്വജീവൻ ത്യജിച്ച മുഖർജിയുടെ സ്വപ്നവും ലക്ഷ്യവുമാണ് മോദി സർക്കാർ സഫലമാക്കിയത്.
സൈന്യത്തിന് നേരെയുള്ള കല്ലേറ് അവസാനിപ്പിച്ചു, വികസനം വന്നു
ഇന്ന് തങ്ങളുടെ മാതൃരാജ്യം ഭാരതമാണെന്നും തങ്ങള്‍ ഇന്ത്യൻ പൗരൻമാരണെന്നും ഉള്ള ധാരണ കശ്മീരികളില്‍ രൂഡമൂലമായി. മുമ്പ് അവിടെ നിന്നുള്ള വാർത്തകളുടെ ഉള്ളടക്കം ഭീകരവാദവും കല്ലേറും സ്ഫോടനവുമായിരുന്നു. സ്വതന്ത്ര്യദിനമോ റിപ്പബ്ലിക് ദിനമോ അവിടെ ആഘോഷമായിരുന്നില്ല. എന്നാല്‍ ഇന്ന് ത്രിവര്‍ണ്ണപതാകയ്‌ക്ക് കീഴില്‍ കശ്മീരികള്‍ അണി നിരക്കുന്നു.
അക്കാലങ്ങളില്‍ ഇന്ത്യന്‍ സേനയ്‌ക്ക് നേരെ കശ്മീരി യുവാക്കള്‍ കല്ലെറിയുന്നത് പതിവായിരുന്നു. എന്നാല്‍ പിന്നീട് ഈ കല്ലേറ് നിര്‍ത്തി യുവാക്കള്‍ മുഖ്യധാരയിലേക്ക് വന്നു. കേന്ദ്രം അവര്‍ക്ക് തൊഴിലവസരങ്ങളും വ്യവസായസംരംഭങ്ങള്‍ക്കുള്ള സഹായവും നല്‍കി. ഇവിടുത്തെ ബന്ദും അടച്ചിടലും അവസാനിച്ചു.
കശ്മീരിന് പ്രത്യേക പദവി എടുത്തുകളഞ്ഞതോടെ എന്തൊക്കെ മാറ്റങ്ങള്‍ ഉണ്ടായി?
കശ്മീരിന് പ്രത്യേക പദവി നല്കുന്ന 370ാം വകുപ്പ് എടുത്തുകളഞ്ഞതോടെ കശ്മീർ പതാക ഇല്ലാതായി. പകരം ഇന്ത്യന്‍ ത്രിവര്‍ണ്ണപ്പതാക ജമ്മു കശ്മീരിന്റെയും പതാകയായി മാറി. പാർലമെന്റ് അംഗീകരിക്കുന്ന എല്ലാ നിയമങ്ങളും ജമ്മുകശ്മീരിലും ബാധകമായി. കശ്മീരില്‍ അതുവരെ നിലവിലുണ്ടായിരുന്ന രണ്‍ബീർ പീനല്‍ കോഡിനു പകരം ഇന്ത്യൻ ശിക്ഷാനിയമം പ്രബല്യത്തില്‍ വന്നു. മുൻപ് കശ്മീരികള്‍ക്ക് മാത്രമേ കശ്മീരില്‍ ഭൂമി വാങ്ങാൻ സാധിക്കുമായിരുന്നുള്ളൂ.. ഇന്ന് എല്ലാം ഇന്ത്യൻ പൗരൻമാർക്കും കശ്മീരില്‍ ഭൂമി വാങ്ങാനാവും.
കശ്മീരിലെ പെണ്‍കുട്ടികള്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെ വിവാഹം കഴിച്ചാല്‍ കശ്മീർ പൗരത്വവും സ്വത്തവകാശവും പണ്ട് നഷ്ടമാകുമായിരുന്നു. ഈ നിയമം എടുത്തുകളഞ്ഞു. ഭാരതത്തിലെ മറ്റു സംസ്ഥാനങ്ങളിലെ പോലെ നിയമസഭയുടെ കാലാവധി അഞ്ചുവർഷമായി. ത്രിതല പഞ്ചായത്തീരാജ് സംവിധാനം നിലവില്‍ വന്നു. ജമ്മുകാശ്മീരില്‍ താമസിക്കുന്ന ഇതര സംസ്ഥാനക്കാർക്കും പ്രായപൂർത്തി വോട്ടവകാശം ലഭിക്കും. ആധാർ നിയമം, വിവരാവകാശ നിയമം, വിവാഹ മോചനം അടക്കമുള്ള നിയമങ്ങള്‍ ബാധകമായി. ഇന്ത്യൻ പൗരൻ അനുഭവിക്കുന്ന എല്ലാം അവകാശങ്ങളും കശ്മീരികള്‍ക്കും ലഭ്യമായി.
കശ്മീരിന് നടപ്പാക്കുന്നത് 1.3 ലക്ഷം കോടിയുടെ വികസനം
മോദി സർക്കാര്‍ കശ്മീരില്‍ ഒരു വികസനക്കൊടുങ്കാറ്റ് അഴിച്ചുവിട്ടു. 1.3 കോടി ജനങ്ങളുള്ള കശ്മീരില്‍ മാറി മാറി ഭരിച്ച സർക്കാരുകള്‍ ഒറ്റ ഉന്നത വിദ്യാഭ്യാസ സ്ഥാപനം പോലും ആരംഭിച്ചിരുന്നില്ല. വികസനമില്ലായ്‌മയും തൊഴിലില്ലായ്‌മയും കാരണമാണ് ഇവിടുത്തെ യുവാക്കള്‍ ഭീകരതയിലേക്ക് ആകര്‍ഷിക്കപ്പെട്ടത്.
ഇന്ന് 1.3 ലക്ഷം കോടി രൂപയുടെ 75 ലധികം പദ്ധതികളാണ് ഇന്ന് കശ്മീരില്‍നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. റോഡ്, വൈദ്യുതി, തൊഴില്‍, വിദ്യാഭ്യാസം, വൈദ്യുതി, ടെലികമ്മ്യൂണിക്കേഷൻ എന്നിവ ഉള്‍ക്കൊള്ളുന്ന സമഗ്രമായ വികസനം ഇവിടെ നടപ്പിലാക്കി വരുന്നു. റോഡ് കണക്റ്റിവിറ്റിയുടെ കാര്യത്തില്‍ ഏറ്റവും ദയനീയമായ പ്രദേശമായിരുന്നു ലഡാക്കും ശ്രീനഗറും. ഇന്ന് പ്രതിദിനം 20.6 കിലോമീറ്റർ റോഡാണ് താഴ്വരയില്‍ നിർമ്മിക്കുന്നത്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ചെനാബ് പാലം (359 മീറ്റർ ഉയരം) വലിയ മാറ്റം ഉണ്ടാക്കി. മഞ്ഞുകാലത്ത് റോഡുകളിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടാലും ജനങ്ങള്‍ക്ക് ചെനാബ് പാലത്തിലൂടെ ട്രെയിനില്‍ കശ്മീരില്‍ നിന്നും പുറത്തേക്കും തിരിച്ചും സ്വതന്ത്രമായി യാത്ര ചെയ്യാം. അവിടെ മാറ്റങ്ങള്‍ ദ്രുതഗതിയില്‍ നടക്കുകയാണ്. പുറത്തെ സംസ്ഥാനങ്ങളില്‍ നിന്നുള്ള ബിസിനസുകാര്‍ വലിയ തോതില്‍ ഇവിടെ നിക്ഷേപമിറക്കുന്നു. കശ്മീരികള്‍ക്ക് ജോലി നല്‍കുന്നു.
















