ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനക്കാരായ ചെല്‍സിക്ക് അപ്രതീക്ഷിത സമനില. ഇന്നലെ എവേ മത്സരത്തില്‍ ബേണ്‍ലിയോടാണ് ചെല്‍സി 1-1ന് സമനില പാലിച്ചത്.
കൡതുടങ്ങി ഏഴാം മിനിറ്റില്‍ പെഡ്രോയുടെ ഗോളിലൂടെ ചെല്‍സി മുന്നിലെത്തി. എന്നാല്‍ 24-ാം മിനിറ്റില്‍ റോബി ബ്രാഡിയുടെ ഫ്രീകിക്ക് ഗോളിലൂടെ ബേണ്‍ലി സമനില പിടിച്ചു. രണ്ടാം പകുതിയില്‍ ജയത്തിനായി ഇരു ടീമുകളും കിണഞ്ഞ് പരിശ്രമിച്ചെങ്കിലും വിജയഗോള്‍ പിറന്നില്ല. പന്തടക്കത്തിലും ഷോട്ടുകള്‍ പായിക്കുന്നതിലും ഏറെ മുന്നിലായിരുന്ന ചെല്‍സിക്ക് സുവര്‍ണ്ണാവസരങ്ങള്‍ പോലും നഷ്ടപ്പെടുത്തിയതാണ് തിരിച്ചടിയായത്. അതേസമയംമാറ്റ് ലോടണ്‍, ആന്ദ്രേ ഗ്രേ തുടങ്ങിയവരുടെ ഗോളെന്നുറപ്പിച്ച ഷോട്ടുകള്‍ പാഴായത് ചെല്‍സിക്കു തുണയാവുകയും ചെയ്തു. സ്വാന്‍സി സിറ്റിയുമായി സ്വന്തം മൈതാനമായ സ്റ്റാംഫഡ് ബ്രിജിലാണു ചെല്‍സിയുടെ അടുത്ത കളി.
സമനിലയില്‍ കുടുങ്ങിയെങ്കിലും 25 കളികളില്‍ നിന്ന് 50 പോയിന്റുമായി ചെല്‍സി ഒന്നാം സ്ഥാനത്ത്. രണ്ടാമതുള്ള ടോട്ടനത്തേക്കാള്‍ 10 പോയിന്റിന്റെ ലീഡാണ് നീലപ്പടക്കുള്ളത്. 50 പോയിന്റുള്ള ആഴ്‌സണല്‍ മൂന്നാമതും 49 പോയിന്റുമായി ലിവര്‍പൂള്‍ നാലാമതും.
മറ്റൊരു മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ലെസ്റ്റര്‍ സിറ്റി തുടര്‍ച്ചയായ അഞ്ചാം പരാജയം ഏറ്റുവാങ്ങി. സ്വാന്‍സീ സിറ്റിയോടാണ് അവര്‍ ഇന്നലെ തോറ്റത്. മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക്. 36-ാം മിനിറ്റില്‍ ആല്‍ഫി മാവ്‌സണും ആദ്യപകുതിയുടെ പരിക്കു സമയത്ത് മാര്‍ട്ടിന്‍ ഓള്‍സണും സ്വാന്‍സീക്കായി ഗോള്‍ നേടി. ജയത്തോടെ 25 കളികളില്‍ നിന്ന് 24 പോയിന്റുമായി സ്വാന്‍സീ സിറ്റി 15-ാം സ്ഥാനത്തേക്ക് ഉയര്‍ന്നപ്പോള്‍ ലെസ്റ്റര്‍ 21 പോയിന്റുമായി 17-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
















