ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചയായ മൂന്നാം ജയത്തോടെ മാഞ്ചസ്റ്റര്‍ സിറ്റി പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു. നേരത്തെ അഞ്ചാം സ്ഥാനത്തായിരുന്നു സിറ്റി. സിറ്റിക്ക് 25 കളികളില്‍ നിന്ന് 52 പോയിന്റാണുള്ളത്. 60 പോയിന്റുമായി ചെല്‍സി ഒന്നാമത്.
തിങ്കളാഴ്ച രാത്രി നടന്ന മത്സരത്തില്‍ ബൗണ്‍മൗത്തിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് സിറ്റി കീഴടക്കിയത്.
തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും അര്‍ജന്റീനന്‍ സ്‌ട്രൈക്കര്‍ സെര്‍ജിയോ അഗ്യൂറോയെ സൈഡ് ബെഞ്ചിലിരുത്താണ് കോച്ച് പെപ്പ് ഗ്വാര്‍ഡിയോള ടീമിനെ കളത്തിലിറക്കിയത്. എന്നാല്‍ പതിനഞ്ച് മിനിറ്റായപ്പോഴക്കും ഗബ്രിയേല്‍ ജീസസിന് പരിക്കേറ്റതിനെ തുടര്‍ന്ന് അഗ്യൂറോ കളത്തിലെത്തി.
പന്തടക്കത്തിലും ഷോട്ടുകള്‍ പായിക്കുന്നതിലും ഏറെ മുന്നിട്ടുനിന്ന മാഞ്ചസ്റ്റര്‍ സിറ്റി 29-ാം മിനിറ്റില്‍ ആദ്യ ഗോള്‍ നേടി. ലെറോയ് സാനെ നല്‍കിയ ക്രോസ് ഗോള്‍കീപ്പറെ മറികടന്ന് റഹിം സ്റ്റര്‍ലിങ്ങാണ് വലയിലെത്തിച്ചത്. തൊട്ടടുത്ത മിനിറ്റില്‍ തന്നെ ബൗണ്‍മൗത്ത് സമനില ഗോള്‍ നേടിയെങ്കിലും റഫറി അത് അനുവദിച്ചില്ല. ജോഷ് കിങ് മനോഹരമായൊരു ഷോട്ടിലൂടെ ലക്ഷ്യം കണ്ടെങ്കിലും സ്‌റ്റോണ്‍സിന്റെ ജഴ്‌സി പിടിച്ചു വലിച്ചതിനെ തുടര്‍ന്ന് റഫറി ഫൗള്‍ വിധിക്കുകയായിരുന്നു. തുടര്‍ന്നും സിറ്റിക്ക് നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും ആദ്യപകുതിയില്‍ ലീഡ് ഉയര്‍ത്താന്‍ കഴിഞ്ഞില്ല.
പിന്നീട് 68-ാം മിനിറ്റില്‍ ടെയ്‌റോണ്‍ മിങ്‌സിന്റെ സെല്‍ഫ് ഗോളിലൂടെ സിറ്റി രണ്ടാം ഗോളും നേടി. റഹീം സ്‌റ്റെര്‍ലിങ് നല്‍കിയ പാസ്സില്‍ അഗ്യൂറോയുടെ ഷോട്ട് ടെയ്‌റോണ്‍ മിങ്‌സിന്റെ കാലില്‍ തട്ടി വലയിലെത്തുകയായിരുന്നു. തുടര്‍ന്നും ഇരുടീമുകളും മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും കൂടുതല്‍ പിറന്നില്ല.
















