പൊന്‍കുന്നം: സബ് ജയിലില്‍ കൊലപാതകക്കേസിലെ റിമാന്‍ഡ് പ്രതി സഹതടവുകാരനെ തോര്‍ത്തിനുള്ളില്‍ കല്ലിട്ടു തലയ്‌ക്കടിച്ച് മര്‍ദിച്ചു.
കോട്ടയം ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കൊലപാതക കേസിലെ പ്രതിയായ നിഷാദ് തമ്പി (32) ആണ് സഹതടവുകാരന്‍ ജോമേഷ് ജോര്‍ജിനെ ആക്രമിച്ചത്. ഇയാളെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ ജോമേഷിനെ വിചാരണയ്‌ക്കായി കോടതിയില്‍ ഹാജരാക്കുന്നതിന് സെല്ലില്‍ നിന്നും പുറത്തിറക്കിയിരുന്നു. ഇതിനിടെയാണ് ആക്രമണമുണ്ടായത്.
തലയ്‌ക്കു പരിക്കേറ്റ ജോമേഷിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ക്ക് തലയില്‍ എട്ട് തുന്നിക്കെട്ടുണ്ട്.സംഭവത്തില്‍ പൊന്‍കുന്നം പോലീസ് കേസെടുത്തു. മജിസ്‌ട്രേറ്റിന്റെ അനുമതിയോടെ സബ് ജയിലില്‍ തെളിവെടുപ്പ് നടത്തി.
















