ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കും ടോട്ടനം ഹോട്‌സ്പറിനും മികച്ച ജയം.
വാശിയേറിയ മത്സരത്തിനൊടുവില്‍ ടോട്ടനം രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് എവര്‍ട്ടനെ കീഴടക്കിയപ്പോള്‍ സണ്ടര്‍ലാന്‍ഡിനെതിരെ സിറ്റിയുടെ വിജയം 2-0ന്.
കളിയില്‍ സമ്പൂര്‍ണ്ണ ആധിപത്യം പുലര്‍ത്തിയ ടോട്ടനത്തിന് ഹാരി കെയ്‌ന്റെ ഇരട്ട ഗോളാണ് വിജയം സമ്മാനിച്ചത്. 20, 56 മിനിറ്റുകളിലായിരുന്നു കെയ്‌ന്റെ ഗോളുകള്‍. ഇഞ്ചുറി സമയത്ത് ഡെലെ അലിയും ടോട്ടനത്തിനായി ഗോള്‍ കണ്ടെത്തി. എവര്‍ട്ടനായി 91-ാം മിനിറ്റില്‍ റൊമേലു ലുകാക്കു, പരിക്ക് സമയത്ത് എന്നര്‍ വലന്‍സിയ എന്നിവരാണ് ലക്ഷ്യം കണ്ടത്. എവര്‍ട്ടനെതിരായ ജയത്തോടെ സ്പര്‍സ് അവരുടെ സ്വന്തം തട്ടകമായ വൈറ്റ് ഹാര്‍ഡ് ലൈനില്‍ തുടര്‍ച്ചയായ 9 കളികള്‍ ജയിച്ചു പുതിയ ക്ലബ് റെക്കോര്‍ഡും സൃഷ്ടിച്ചു. 27 കളികളില്‍ നിന്ന് 56 പോയിന്റുമായി ടോട്ടനം പട്ടികയില്‍ രണ്ടാം സ്ഥാനം നിലനിര്‍ത്തി.
സണ്ടര്‍ലാന്‍ഡിനെതിരായ എവേ മത്സരത്തില്‍ 42-ാം മിനിറ്റില്‍ സൂപ്പര്‍താരം സെര്‍ജിയോ അഗ്യൂറോയും 59-ാം മിനിറ്റില്‍ സാനെയും നേടിയ ഗോളുകളിലാണ് മാഞ്ചസ്റ്റര്‍സിറ്റി വിജയം നേടിയത്. 26 കളികളില്‍ നിന്ന് 55 പോയിന്റുള്ള മാഞ്ചസ്റ്റര്‍ സിറ്റി പോയിന്റ് പട്ടികയില്‍ മൂന്നാമത്.
















