കണ്ണൂര്‍: സംസ്ഥാനത്ത് പുതിയ അധ്യയന വര്‍ഷത്തില്‍ പൊതുവിദ്യാലയങ്ങളിലെ ഒന്നാം ക്ലാസ്സില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ വര്‍ധിച്ചത് കണ്ണൂര്‍ ജില്ലയില്‍. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 10.99 ശതമാനത്തിന്റെ വര്‍ധനയാണ് ജില്ലയിലുണ്ടായത്. കോഴിക്കോട് (6.62%), കാസര്‍ക്കോട് (6.15%) ജില്ലകളാണ് തൊട്ടുപിറകില്‍. 4.56 ശതമാനമാണ് സംസ്ഥാന ശരാശരി.
കണ്ണൂര്‍ ജില്ലയില്‍ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ 589 കുട്ടികളും എയ്ഡഡ് സ്‌കൂളുകളില്‍ 1795 കുട്ടികളുമായി ഒന്നാം ക്ലാസ്സില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 2384 കുട്ടികളാണ് ഇത്തവണ അധികമായെത്തിയത്. മുന്‍വര്‍ഷം ആകെയുണ്ടായിരുന്ന 21696 കൂട്ടികളുടെ 10.99% ആണിത്. മലപ്പുറം ജില്ലയില്‍ 2839 കുട്ടികള്‍ കൂടിയെങ്കിലും 5.39% മാണ് ആകെ വര്‍ദ്ധന.
സംസ്ഥാനസര്‍ക്കാര്‍ ആവിഷ്‌കരിച്ച പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടന്ന തിരികെ തിരുമുറ്റത്തേക്ക് കാംപയിന്‍ വിജയകരമായിരുന്നുവെന്നാണ് ഈ വര്‍ധന വ്യക്തമാക്കുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കഴിഞ്ഞ ഏപ്രില്‍ 16ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, മേയര്‍ ഇ.പി.ലത, ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി, എസ്പി ശിവവിക്രം തുടങ്ങിയവരുടെ നേതൃത്വത്തില്‍ കടാങ്കോട് വാരം മാപ്പിള എല്‍.പി സ്‌കൂളില്‍ നടത്തിയ ജില്ലാതല ഉദ്ഘാടനത്തിനു ശേഷം ജില്ലയിലെ വിവിധയിടങ്ങളിലായി 137 സ്ഥലങ്ങളില്‍ കാംപയിന്‍ പ്രവര്‍ത്തനങ്ങള്‍ നടന്നു. ജില്ലയിലെ വിദ്യാര്‍ഥി-യുവജന സംഘടനാ പ്രതിനിധികളുടെ നേതൃത്വത്തില്‍ കാട്ടാമ്പള്ളി ഗവ.എം.യു.പി സ്‌കൂളില്‍ നടന്ന കാംപയിന്‍ സംസ്ഥാനത്ത് തന്നെ വേറിട്ടതായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പൊതുവിദ്യാലയ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഭൗതിക സാഹചര്യങ്ങളില്‍ കൈവരിച്ച പുരോഗതിയും പഠനനിലവാരം മെച്ചപ്പെടുത്തുന്നതിന് സ്വീകരിച്ച നടപടികളും ഈ വിജയത്തിന് സഹായകമായി. വിദ്യാര്‍ഥികളില്‍ ആശയവിനിമയ ശേഷി വര്‍ധിപ്പിക്കുന്നതിന് ഓരോ സ്‌കൂളിലും ഇംഗ്ലീഷ്, ഹിന്ദി കമ്മ്യൂണിക്കേഷന്‍ ക്ലബ്ബുകള്‍ രൂപീകരിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
2 മുതല്‍ 10 വരെ ക്ലാസുകളിലേക്ക് സിബിഎസ്ഇ, ഐസിഎസ്ഇ, അംഗീകൃത അണ്‍എയ്ഡഡ് കേരള സിലബസ് സ്‌കൂളുകള്‍ എന്നിവിടങ്ങളില്‍ നിന്നായി 12617 കുട്ടികള്‍ പൊതുവിദ്യാലയങ്ങളിലേക്കെത്തിയതായും കണക്കുകള്‍ കാണിക്കുന്നു.
പൊതുവിദ്യാഭ്യാസ കാംപെയിന്‍ ശക്തമായി നടന്ന പയ്യന്നൂര്‍ (1179), കണ്ണൂര്‍ സൗത്ത് (1061) തളിപറമ്പ് നോര്‍ത്ത് (1066), മാടായി ( 866) കണ്ണൂര്‍ നോര്‍ത്ത് (837) എന്നീ ബിആര്‍സികള്‍ക്ക് കീഴിലാണ് കൂടുതല്‍ കുട്ടികള്‍ തിരിച്ചെത്തിയത്.
പ്രസിഡന്റിന്റെ ചേംബറില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി.ദിവ്യ, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ കെ.പി.ജയബാലന്‍ മാസ്റ്റര്‍, വി.കെ സുരേഷ് ബാബു, അംഗം അജിത്ത് മാട്ടൂല്‍, ഡിഡിഇ എം ബാബുരാജ്, എസ്എസ്എ ജില്ലാ പ്രൊജക്ട് ഓഫീസര്‍ പി.വി.പുരുഷോത്തമന്‍ എന്നിവര്‍ സംബന്ധിച്ചു.
















