ലക്നൗ: പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ ഉടനടി നടപടിയെടുക്കാന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടു. സംഭവം അന്വേഷിച്ച് പ്രതികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് യോഗി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കി. ട്വിറ്ററിലൂടെയാണ് ഇരയുടെ ഭര്‍ത്താവ് പീഡനവിവരം യോഗി ആദിത്യനാഥിനെ അറിയിച്ചത്. തുടര്‍ന്ന് നടപടി സ്വീകരിക്കാന്‍ മന്ത്രി ഉത്തരവിടുകയായിരുന്നു.
കഴിഞ്ഞ മാസമാണ് സംഭവം. കല്യാണ്‍പൂര്‍ ഭാഗത്ത് മദ്യപിച്ചു കൊണ്ടിരുന്ന ഏതാനും യുവാക്കള്‍ വീട്ടില്‍ അതിക്രമിച്ചു കയറി യുവതിയെയും മകളെയും മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. തടയാന്‍ ശ്രമിച്ച യുവതിയുടെ ഭര്‍ത്താവിനെ ഇവര്‍ മര്‍ദ്ദിക്കുകയും ചെയ്തു.
ഇതു സംബന്ധിച്ച് യുവതിയുടെ ഭര്‍ത്താവ് കല്യാണ്‍പൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും കാര്യമായ നടപടികളൊന്നുമുണ്ടാകാതിരുന്നതിനേത്തുടര്ന്നാണ് സംസ്ഥാന പോലീസ് മേധാവിയുടെയും, മുഖ്യമന്ത്രിയുടെയും സഹായമഭ്യര്‍ത്ഥിച്ചു കൊണ്ട് ട്വീറ്റ് ചെയ്തത്.
ഇതു പ്രകാരം ഉടനടി നടപടി സ്വീകരിക്കാന്‍ ഡിജിപി വഴി നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ഡിജിപിയുടെ നിര്‍ദ്ദേശപ്രകാരം താന്‍ സംഭവസ്ഥലം സന്ദര്‍ശിച്ചതായും, കൃത്യമായ വകുപ്പുകള്‍ ചേര്‍ത്ത് റിപ്പോര്‍ട്ട് നല്‍കുന്നതിന് തന്നോട് ഡിജിപി ആവശ്യപ്പെട്ടതായും വെസ്റ്റ് എസ്.പി സചീന്ദ്ര പട്ടേല്‍ മാദ്ധ്യമങ്ങളോടു പറഞ്ഞു. പരാതിക്കാരായ കുടുംബത്തിന് സുരക്ഷ വര്‍ദ്ധിപ്പിച്ചതായും, കേസ് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായും എസ്.പി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: