തിരുവനന്തപുരം: പ്രായമാകുമ്പോള്‍ എല്ലാവരും മരിക്കും, പക്ഷെ ചില മരണങ്ങള്‍ നമുക്ക് വേദനയുണ്ടാക്കും. അത്തരമൊരു വിടവാങ്ങലാണ് ജാനകിയമ്മയുടേതെന്ന് ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരന്‍തമ്പി. ജാനകിയുടെ മരണവാര്‍ത്ത അറിഞ്ഞയുടന്‍ വാര്‍ത്താചാനലുകളോട് പ്രതികരിക്കുകയായിരുന്നു ശ്രീകുമാരന്‍ തമ്പി.
ജാനകിയമ്മ എനിക്ക് എന്റെ മൂത്ത ചേച്ചി പോലെയാണ്. ഞാനെഴുതിയ ആദ്യ സിനിമാഗാനം പാടിയത് യേശുദാസും ജാനകിയമ്മയും ചേര്‍ന്നാണ്. ‘താമരത്തോണിയില്‍ താലോലമാടി” എന്ന ഗാനമായിരുന്നു അത്. അത് സൂപ്പര്‍ ഹിറ്റായി. അന്ന് ജാനകിയമ്മ സ്റ്റുഡിയോയില്‍ എത്തുമ്പോള്‍ അവരെ ഒരു നോക്ക് കാണാന്‍ സ്റ്റുഡിയോയുടെ ടെറസില്‍ പോയി നിന്നത് ഇന്നും ഓര്‍ക്കുന്നു. ആദ്യമായി സിനിമയില്‍ പാട്ടെഴുതിയ ഒരാളുടെ കൗതുകം. – ശ്രീകുമാരന്‍ തമ്പി ഓര്‍ത്തു.
ചന്ദ്രകാന്തം എന്ന പേരില്‍ ഞാന്‍ സംവിധാനം ചെയ്ത സിനിമയില്‍ ഞാന്‍ തന്നെ എഴുതിയ ‘ആ നിമിഷത്തിന്‍ നിര്‍വൃതിയില്‍ ഞാനൊരാവണിത്തെന്നലായി മാറി’ എന്ന ഗാനത്തിന് സംസ്ഥാന അവാര്‍ഡ് ലഭിച്ചിരുന്നു. എത്ര മാത്രം വലിയ ഗായികയാണ് അവര്‍. അവര്‍ സരിഗമ പഠിച്ചിട്ടില്ല. അതായത് ശാസ്ത്രീയസംഗീതം പഠിച്ചിട്ടില്ല. ഒരിയക്കല്‍ ഒരു ഗാനം ഏത് രാഗമാണ് എന്ന് ചോദിച്ചപ്പോള്‍ എനിക്ക് രാഗമൊന്നും തെരിയില്ലേ എന്ന് പറഞ്ഞു അവര്‍. എനിക്ക് അത് വിശ്വസിക്കാനായില്ല. പക്ഷെ അത് വാസ്തവമായിരുന്നു. – ശ്രീകുമാരന്‍ തമ്പി പറഞ്ഞു.
സുബ്ബയ്യ നായിഡു കൊഞ്ചും ചിലങ്കൈ എന്ന തമിഴ് സിനമയില്‍ പി. ലീലയെ പാടാന്‍ വരുത്തിയത് ഓര്‍ക്കുന്നു. ആ ഗാനത്തിന് നാദസ്വരം വായിച്ചത് കാരൈക്കുടി അരുണാചലമാണ്. നാദസ്വരത്തിന്റെ ഈണത്തിനൊപ്പിച്ചാ് ഗാനം പാടേണ്ടത്. പി. ലീല എത്ര ശ്രമിച്ചിട്ടും ശരിയായില്ല. അപ്പോഴാണ് പി. ലീല ഒരു കാര്യം പറഞ്ഞത്. ആന്ധ്രയില്‍ ഒരു കൊച്ചുകുട്ടി വന്നിട്ടുണ്ട്. നന്നായി പാടും. ഒന്നു ശ്രമിച്ചു നോക്കൂ എന്ന്. അങ്ങിനെ ജാനകി പാടാനെത്തി. കൊഞ്ചു ചിലങ്കൈ എന്ന സിനിമയിലെ ശിംഗാരവേല എന്ന് തുടങ്ങുന്ന ഗാനം തമിഴ്നാട്ടില്‍ വന്‍ഹിറ്റായി. അതോടെ അവിടെ ജാനകിയുടെ യുഗം പിറന്നു. – ശ്രീകുമാരന്‍ തമ്പി ഓര്‍ക്കുന്നു.
.
ഒരു കാലഘട്ടത്തില്‍ കന്നടയില്‍ പിന്നണി ഗാനരംഗത്ത് ജാനകി മാത്രമായി മാറിയ ഒരു കാലമുണ്ടായിരുന്നു. അവര്‍ ഒരു അവതാരമായിരുന്നു. അവര്‍ മികച്ച സംഗീതജ്ഞയാണ്. പത്മഭൂഷണ്‍ കൊടുത്തപ്പോള്‍ എനിക്ക് പത്മഭൂഷണ്‍ വേണ്ട ഭാരതരത്നം മതി എന്ന് പറഞ്ഞ ഗായികയാണ് അവര്‍. കാരണം ആശാ ഭോസ് ലെയ്‌ക്ക് ഭാരതരത്ന കൊടുത്തിരുന്നു. അതായിരുന്നു ജാനകിയുടെ നീരസത്തിന് കാരണമായത്. -ശ്രീകുമാരന്‍ തമ്പി പറഞ്ഞു.
അവരുടെ ജീവിതത്തില്‍ ദുഖങ്ങളുണ്ടായിരുന്നു. ജാനകിക്ക് എറ്റവുമധികം പിന്തുണനല്‍കിയ ഭര്‍ത്താവാണ് പ്രസാദ്. ഗാനം എന്ന സിനിമയില്‍ ‘ആലാപനം ആലാപനം’ എന്ന ഗാനം ജാനകിയമ്മയും യേശുദാസും ചേര്‍ന്നാണ് പാടേണ്ടത്. യേശുദാസ് നേരത്തെ എത്തി. ജാനകി സമയത്തിനെത്തിയില്ല. ഞാന്‍ സമയനിഷ്ഠ ഉള്ള ആളാണ്. അതറിയാവുന്നതുകൊണ്ട് ജാനകി ഓടിക്കിതച്ചുകൊണ്ടെത്തി. ഭക്ഷണം പോലും കഴിച്ചില്ല. യേശുദാസ് പാടിക്കൊണ്ടിരിക്കുകയാണ്. ജാനകിയും ചേര്‍ന്നു. കുറെക്കഴിഞ്ഞപ്പോള്‍ ഭര്‍ത്താവ് പ്രസാദ് വന്നിട്ട് എന്നോച് ചോദിച്ചു. ക്ഷമീക്കൂ സാര്‍, ഞാന്‍ ഉള്ളില്‍പോയി അവര്‍ക്ക് അല്‍പം കാപ്പികൊടുക്കട്ടെ, അവര്‍ ഭക്ഷണം കഴിച്ചിട്ടില്ല. എനിക്ക് വിഷമമായി. ശരി നിങ്ങള്‍ പോയി ഭക്ഷണം കഴിച്ചിട്ടുവരൂ എന്ന് ഞാന് പറഞ്ഞു. പക്ഷെ അവര്‍ ആ ഗാനം പാടിത്തീര്‍ത്ത ശേഷമാണ് ഭക്ഷണം കഴിക്കാന്‍ പോയത്. സംഗീതജ്ഞനായ എസ്. ബാലമുരളീകൃഷ്ണയോടുള്ള ആദരം കാരണമാണ് മകന് മുരളിഎന്ന പേരിട്ടത്. മുരളി എന്തായിത്തീരണമെന്ന് ജാനകി ആഗ്രഹിച്ചോ അതായിത്തീര്‍ന്നില്ല. – ശ്രീകുമാരന്‍ തമ്പി ഓര്‍മ്മിച്ചു.
ഭര്‍ത്താവ് പ്രസാദ് നേരത്തെ മരിച്ചു. പ്രസാദ് മരിച്ചപ്പോള്‍ തന്നെ ജാനകിയമ്മയുടെ പാതി ജീവന്‍ പോയി. അവരുടെ നെറ്റിയെ അലങ്കരിച്ചിരുന്ന, ജാനകിയുടെ ട്രേഡ് മാര്‍ക്കായിരുന്ന ആ വലിയ ചുവന്ന പൊട്ട് മാഞ്ഞത് അന്ന് മുതലാണ്. നെറ്റിയിലെ ആ വലിയ പൊട്ട് അവരുടെ ജീവിതത്തില്‍ നിന്നും എന്നെന്നേയ്‌ക്കുമായി മാഞ്ഞുപോയി. പിന്നീട് അവരുടെ മകന്‍ മുരളിയും മരിച്ചു. അതെ, ജീവിതത്തില്‍ ഒട്ടേറെ ദുഖങ്ങള്‍ അനുഭവിച്ച സ്ത്രീയാണ് അവര്‍. – ശ്രീകുമാരന്‍ തമ്പി പറഞ്ഞു.
ശ്രീകുമാരന്‍ തമ്പി രചിച്ച ‘ആ നിമിഷത്തിന്‍ നിര്‍വൃതിയില്‍ ഞാനൊരാവണിത്തെന്നലായി മാറി’ എന്ന ഗാനം. ഈ ഗാനത്തിന് സംസഥാന അവാര്‍ഡ് ലഭിച്ചു സംഗീതം എം.എസ്. വിശ്വനാഥന്‍:
















