ന്യൂദല്‍ഹി: മറഞ്ഞിരുന്ന് സൈന്യത്തെ ആക്രമിക്കാമെന്ന് ഇനി ജിഹാദികള്‍ കരുതേണ്ട. വീടിനുള്ളിലും മതിലിന് മറവിലും ഒളിച്ചിരുന്ന് വെടിയുതിര്‍ക്കുന്ന ഭീകരരെ കണ്ടെത്താന്‍ സൈന്യം അത്യാധുനിക റഡാര്‍ സംവിധാനമൊരുക്കുന്നു. അമേരിക്കയില്‍ നിന്നും ഇസ്രയേലില്‍ നിന്നുമാണ് ഇന്ത്യ ഹൈടെക് റഡാറുകള്‍ വാങ്ങുന്നത്. ഇതില്‍ ചിലതു ലഭിച്ചതായും കശ്മീരില്‍ ഉപയോഗിച്ച് തുടങ്ങിയതായും സൈന്യം വ്യക്തമാക്കി.
ഭീകരര്‍ എവിടെയാണ് ഒളിച്ചിരിക്കുന്നതെന്ന് കൃത്യമായി കണ്ടത്താന്‍ മൈക്രോവേവ് തരംഗങ്ങളിലൂടെ പ്രവര്‍ത്തിക്കുന്ന റഡാറുപയോഗിച്ച് സാധിക്കും. നാല്‍പ്പത് മീറ്റര്‍ വരെ അകലെയുള്ള ചിത്രങ്ങള്‍ പകര്‍ത്താം. ഭീകരര്‍ ഒളിച്ചിരിക്കുന്ന സ്ഥാനം വ്യക്തമായാല്‍ സൈന്യത്തിന് എളുപ്പത്തില്‍ ഇവരെ വധിക്കാനാകും. സാധാരണക്കാര്‍ക്കുണ്ടാകുന്ന നഷ്ടങ്ങളും ഒഴിവാകും.
സൈന്യത്തെ ആക്രമിക്കാനും മനുഷ്യ കവചമായും കശ്മീരില്‍ സാധാരണക്കാരെ ഭീകരര്‍ ഉപയോഗിക്കുന്നുണ്ട്. അടുത്തിടെ സംഘര്‍ഷവും ഏറ്റുമുട്ടലും വര്‍ധിച്ചതോടെയാണ് ആധുനിക മാര്‍ഗ്ഗങ്ങള്‍ സൈന്യം അന്വേഷിച്ചത്. കഴിഞ്ഞ വര്‍ഷം ലഷ്കര്‍ കമാണ്ടര്‍ ബുര്‍ഹാന്‍ വാനിയെ വധിച്ചത് ഒരേ കെട്ടിടത്തില്‍ മൂന്ന് തവണ പരിശോധന നടത്തിയാണ്. രണ്ട് തവണയും ഭീകരരെ കണ്ടെത്താനായിരുന്നില്ല. വീണ്ടും പരിശോധന നടത്തുമ്പോള്‍ ഇവര്‍ സൈന്യത്തിനെതിരെ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ വാനിയടക്കം മൂന്ന് ഭീകരരെ വധിച്ചു. 2008ലെ മുംബൈ ഭീകരാക്രമണത്തിലും റഡാര്‍ സംവിധാനത്തിന്റെ അഭാവം തിരിച്ചടിയായിരുന്നു.
രണ്ട് കോടി രൂപയാണ് ഇറക്കുമതി ചെയ്യുന്ന റഡാറിന് ചിലവ്. ഇതിന്റെ മൂന്നിലൊന്ന വിലക്ക് തദ്ദേശീയമായി നിര്‍മ്മിക്കാം. ബംഗളുരു ആസ്ഥാനമായ ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡവപല്മെന്റ് ഓര്‍ഗനൈസേഷനില്‍ (ഡിആര്‍ഡിഒ) നിര്‍മാണം പുരോഗമിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: