ന്യൂദല്‍ഹി: കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകളിലെ 180 സീറ്റില്‍ പ്രവേശനം റദ്ദാക്കിയ ഉത്തരവ് ഭേദഗതി ചെയ്യണമെന്ന കണ്ണൂര്‍ മെഡിക്കല്‍ കോളേജിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. ഉത്തരവില്‍ മാറ്റം വരുത്തില്ലെന്നും മുഴുവന്‍ വിശദാംശങ്ങളും പരിശോധിച്ചശേഷമാണ് പ്രവേശനം റദ്ദാക്കാന്‍ ഉത്തരവിട്ടതെന്നും കോടതി വ്യക്തമാക്കി.
കണ്ണൂര്‍ മെഡിക്കല്‍ കോളേജിലെ 150 സീറ്റിലെയും കരുണയിലെ 30 സീറ്റിലെയും പ്രവേശനം റദ്ദാക്കിയ ജയിംസ് കമ്മറ്റി നടപടി സുപ്രീംകോടതി കഴിഞ്ഞ ദിവസം ശരിവെച്ചിരുന്നു. ജയിംസ് കമ്മറ്റി നിര്‍ദ്ദേശിച്ച 30 വിദ്യാര്‍ത്ഥികള്‍ക്ക് അടുത്ത അധ്യയന വര്‍ഷം കരുണയിലെ പ്രവേശനത്തില്‍ മുന്‍ഗണന നല്‍കണമെന്നും കോടതി നിര്‍ദ്ദേശം നല്കി.
കരുണ മെഡിക്കല്‍ കോളേജിന്റെ കാര്യം മാത്രം പരിഗണിച്ചാണ് ഉത്തരവെന്നും അതിനാല്‍ ഭേദഗതി വരുത്തണമെന്നും ആവശ്യപ്പെട്ടാണ് കണ്ണൂര്‍ മെഡിക്കല്‍ കോളേജ് കോടതിയെ സമീപിച്ചത്. ഹര്‍ജി തളളിയ കോടതി മാനേജ്മെന്റുകള്‍ക്ക് പുനപരിശോധന ഹര്‍ജി നല്‍കാമെന്നും അറിയിച്ചു.
100 സീറ്റുകളുള്ള കരുണയില്‍ 70 സീറ്റുകളിലെ പ്രവേശനം ജയിംസ് കമ്മറ്റി അംഗീകരിച്ചിരുന്നു. എന്നാല്‍ കണ്ണൂരില്‍ എന്‍ആര്‍ഐ സീറ്റുകള്‍ ഉള്‍പ്പെടെ മുഴുവന്‍ സീറ്റുകളും റദ്ദായി. പുനപരിശോധന ഹര്‍ജി നല്കിയാലും ഉത്തരവില്‍ കോടതി ഭേദഗതി വരുത്താനുള്ള സാധ്യത കുറവാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: