തിരുവനന്തപുരം: സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കെതിരെ ദല്‍ഹിയില്‍ നടന്ന അതിക്രമത്തില്‍ ആര്‍എസ്എസിനോ അനുബന്ധ പ്രസ്ഥാനങ്ങള്‍ക്കോ യാതൊരു പങ്കുമില്ല. എന്നിട്ടും ആസൂത്രിതവും ദുരുദ്ദേശപരവുമായി ഉത്തരവാദിത്വം സംഘപരിവാറില്‍ ആരോപിച്ച് അന്തരീക്ഷം കലുഷിതമാക്കാനാണ് ശ്രമമമെന്ന് ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍ പ്രസ്താവിച്ചു.
വടകരയിലും, കോഴിക്കോടും, തിരുവനന്തപുരത്തും സംഘപ്രസ്ഥാനങ്ങളുടെ ഓഫീസുകള്‍ നശിപ്പിക്കാന്‍ കാരണം യെച്ചൂരിയും കോടിയേരി ബാലകൃഷ്ണനും, മുഖ്യമന്ത്രി പിണറായി വിജയനും നടത്തിയ പ്രസ്താവനകളാണ്. യെച്ചൂരിയെ കയ്യേറ്റം ചെയ്യാന്‍ വന്നവര്‍ ഹിന്ദുസേനയുടെ പ്രവര്‍ത്തകരാണെന്ന് മാധ്യമങ്ങളും പോലീസും വെളിപ്പെടുത്തിയിട്ടും അത് സംഘപരിവാറിന്റെയും ആര്‍എസ്എസിന്റെയും തലയില്‍ കെട്ടിവയ്‌ക്കാനുള്ള ശ്രമം അപലപനീയമാണ്. കേരളത്തിലെ മാധ്യമങ്ങളും ആര്‍എസ്എസിനും അനുബന്ധ സംഘടനാകള്‍ക്കുമെതിരായി വാര്‍ത്തകള്‍ സൃഷ്ടിച്ചത് മാധ്യമനീതിയുടെ നിഷേധമാണ്.
ശിവസേന, രാമസേന, ഹിന്ദുസേന, ഹനുമാന്‍ സേന എന്നിവ പരിവാര്‍ പ്രസ്ഥാനങ്ങളല്ല. ഇവരുടെ ചെയ്തികള്‍ ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവയ്‌ക്കുന്നത് ഗാന്ധിവധം നടത്തിയത് ആര്‍എസ്എസാണെന്ന് പ്രചരണം നടത്തുന്നതിന്റെ തുടര്‍ച്ചയാണ്.
മാവോയിസ്റ്റു തീവ്രവാദികള്‍ക്ക് കമ്മ്യൂണിസ്റ്റ് ആശയവുമായി ബന്ധമുണ്ടെന്നുള്ളതുകൊണ്ട് മാവോയിസ്റ്റാക്രമണത്തേയും തീവ്രവാദപ്രവര്‍ത്തനത്തേയും സിപിഎംആക്രമണവും ഭീകരപ്രവര്‍ത്തനവുമായി ചിത്രീകരിക്കാന്‍ കഴിയുമോ? വടകരയിലെ ആര്‍എസ്എസ് കാര്യാലയം 50ലേറെ മാര്‍ക്‌സിസ്റ്റുകാര്‍ പ്രകടനമായിവന്ന് എറിഞ്ഞു നശിപ്പിക്കുകയായിരുന്നു. ബിഎംഎസിന്റെ ജില്ലാ ഓഫീസ് നശിപ്പിച്ചതിന്റെ ന്യായീകരണമെന്താണ്.
കോഴിക്കോട് സിപിഎം ജില്ലാ ഓഫീസില്‍ പാതിരാത്രിയില്‍ ആരോ ബോംബ് എറിഞ്ഞുവെന്നതാണ് പറയുന്നത്. ബോംബ് എറിഞ്ഞതിനുപിന്നില്‍ മുതലെടുപ്പ് നടത്താന്‍ നോക്കിനില്‍ക്കുന്ന മറ്റേതെങ്കിലും വ്യക്തികള്‍ക്കോ സംഘടനകള്‍ക്കോ പങ്കുണ്ടോ എന്നനേ്വഷിക്കാതെയാണ് ബിഎംഎസ്- എബിവിപി ഓഫീസുകള്‍ക്ക് നേരെ അക്രമം അഴിച്ചുവിട്ടത്. കോഴിക്കോട് ചാലപ്പുറം കടല്‍പ്പുറത്ത് സിപിഎം സ്ഥിരമായി എഴുതുന്ന ചുവരില്‍ ആര്‍എസ്എസ് ബുക്ക്ഡ് എന്നെഴുതുകയും പ്രധാനമന്ത്രിയുടെ കട്ട് ഔട്ടിന്റെ തല അറുത്തുകൊണ്ടുപോകുകയും ചെയ്ത് ആര്‍എസ്എസ് സിപിഎം സംഘര്‍ഷം ഉണ്ടാക്കാന്‍ ചില മതവര്‍ഗീയ ശക്തികള്‍ ശ്രമിച്ചത് പുറത്തായിരുന്നു.
ഹിന്ദുസേന ആര്‍എസ്എസിന്റെ ഭാഗമല്ലെന്നും അവരുടെ പ്രവര്‍ത്തനങ്ങള്‍ ജനാധിപത്യസംവിധാനത്തിനെതിരാണെന്നും ആര്‍എസ്എസ് അഖില ഭാരതീയ പ്രചാര് പ്രമുഖ് മന്‍മോഹന്‍ വൈദ്യ പ്രസ്താവിച്ചിട്ടുണ്ട്.സംഘത്തിന് ബന്ധമില്ലാത്ത കാര്യങ്ങള്‍ തലയില്‍ കെട്ടിവയ്‌ക്കാനുള്ള ശ്രമം അക്രമത്തെ പ്രോത്സാഹിപ്പിക്കും. സമാധാനശ്രമങ്ങള്‍ക്കിടയില്‍ രണ്ടു പ്രവര്‍ത്തകര്‍ വധിക്കപ്പെട്ടിട്ടും അതീവ മനോനിയന്ത്രണത്തോടെ പ്രതികരിച്ചത് ആര്‍എസ്എസിന്റെ ദൗര്‍ബല്യമായി കാണരുത്. സിപിഎം അക്രമം അവസാനിപ്പിച്ച് അക്രമികള്‍ക്ക് എതിരെ മുഖം നോക്കാതെ നടപടിയെടുക്കണം ഗോപാലന്‍കുട്ടിമാസ്റ്റര്‍ ആവശ്യപ്പെട്ടു.
















