ആലപ്പുഴ: വ്യവസായ വികസന കോര്‍പ്പറേഷന്റെ പള്ളിപ്പുറം മെഗാഫൂഡ് പാര്‍ക്കിന്റെ ശിലാസ്ഥാപനം നാളെ വൈകിട്ടു നാലിന് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര ഭക്ഷ്യസംസ്‌കരണ വ്യവസായ മന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദലും നിര്‍വ്വഹിക്കും.
130 കോടി രൂപ ചെലവഴിച്ചാണ് മെഗാ ഫൂഡ് പാര്‍ക്ക് സ്ഥാപിക്കുന്നത്. കേന്ദ്ര സഹമന്ത്രി സ്വാധി നിരഞ്ജന്‍ ജ്യോതി, മന്ത്രിമാരായ എ.സി. മൊയ്തീന്‍, പി. തിലോത്തമന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. വൈവിദ്ധ്യമാര്‍ന്ന ഭക്ഷ്യോല്‍പ്പന്നങ്ങള്‍, പ്രത്യേകിച്ച് സമുദ്രോല്‍പ്പന്നങ്ങള്‍, സംസ്‌ക്കരിക്കുവാന്‍ ഏറ്റവും അനുയോജ്യമായ മേഖലയായിരിക്കും 65 ഏക്കറിലായി സ്ഥാപിക്കുന്ന മെഗാ ഫൂഡ് പാര്‍ക്ക്.
ലോകനിലവാരത്തിലുളള സൗകര്യങ്ങളാണ്ഈ ഭക്ഷ്യസംസ്‌കരണപാര്‍ക്കില്‍ ഏര്‍പ്പെടുത്തുന്നത്.33 കമ്പനികള്‍ ഇത്തരത്തിലുളള വ്യവസായസംരംഭങ്ങള്‍ക്കായി കെഎസ്‌ഐഡിസിയെ സമീപിക്കുകയും അതില്‍ 19 കമ്പനികള്‍ക്ക് 33 ഏക്കര്‍ സ്ഥലം അനുവദിക്കുകയും ചെയ്തിട്ടുണ്ട്. പാര്‍ക്ക് 2018 ജൂണില്‍ പൂര്‍ണ്ണമായും പ്രവര്‍ത്തനസജ്ജമാകുമെന്ന് പ്രതീക്ഷിക്കുന്നു.
അന്താരാഷ്‌ട്ര നിലവാരത്തിലുള്ള വ്യവസായ കെട്ടിട സമുച്ചയം, പൊതു സൗകര്യ കേന്ദ്രം, വെയര്‍ഹൗസ്, കോള്‍ഡ് സ്‌റ്റോറേജ്, ഡീപ് ഫ്രീസര്‍, പൊതുവായുള്ള മാലിന്യസംസ്‌കരണം, ഡീബോണിങ്, കാനിങ് കേന്ദ്രങ്ങള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളും ഏര്‍പ്പെടുത്തും.
















