പാറവീഴ്ച തടയാനെന്ന പേരില്‍ കൂറ്റന്‍ പാറയ്‌ക്ക് താഴെ കല്ല് അടുക്കിയിരിക്കുന്നു
ഇടുക്കി: പാപ്പാത്തിച്ചോലയിലെ കൈയേറ്റം ഒഴിപ്പിക്കല്‍ വിവാദങ്ങളെത്തുടര്‍ന്ന് ജില്ലയിലെ കൈയേറ്റങ്ങള്‍ കണ്ടെത്താനുള്ള അന്വേഷണം നിലച്ചു. ഭൂസംരക്ഷണസേനയാണ് ദേവികുളം, ഉടുമ്പന്‍ചോല, പീരുമേട് താലൂക്കുകളിലെ കൈയേറ്റങ്ങള്‍ കണ്ടെത്താന്‍ യാത്ര ചെയ്തിരുന്നത്.
മൂന്നാര്‍ കോളനി, മാട്ടുപ്പെട്ടി, ഇരുമ്പുപാലം, എന്നിവിടങ്ങളിലൊക്കെ കൈയേറ്റവും അനധികൃത നിര്‍മ്മാണവും തുടരുന്നുണ്ട്. മൂന്നാറിലെ കൈയേറ്റങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കേണ്ട സ്‌പെഷ്യല്‍ ഓഫീസിന്റെ പ്രവര്‍ത്തനവും നിലച്ചു. ഇവിടെയുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ സ്ഥലം മാറിപ്പോയപ്പോള്‍ ദേവികുളം ഡെപ്യൂട്ടി തഹസീല്‍ദാര്‍ക്കാണ് സ്‌പെഷ്യല്‍ ഓഫീസറുടെ ചുമതല നല്‍കിയിരുന്നത്.
ചെറുകിട കൈയേറ്റങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കേണ്ടതില്ല എന്ന സര്‍ക്കാര്‍ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് എങ്ങനെ പ്രവര്‍ത്തിക്കണമെന്ന ആശയക്കുഴപ്പത്തിലാണ് ഭൂസംരക്ഷണസേനാംഗങ്ങള്‍. കൈയേറ്റക്കാരുടെ മുഖ്യശത്രുക്കളാണ് ഭൂസംരക്ഷണ സേനാംഗങ്ങള്‍. കൈയേറ്റം ഒഴിപ്പിക്കാനെത്തുമ്പോള്‍ കൈയേറ്റക്കാര്‍ ആക്രമണങ്ങള്‍ അഴിച്ച് വിടുന്നതും ഇവര്‍ക്കെതിരെയാണ്.
എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് ഭൂസംരക്ഷണസേന അംഗങ്ങള്‍ക്ക് വ്യക്തതയുമില്ല. പള്ളിവാസലില്‍ പാറ വീഴ്ചയുണ്ടായതിനെത്തുടര്‍ന്ന് പൂട്ടിയ റിസോര്‍ട്ട് നിയമം ലംഘിച്ച് പ്രവര്‍ത്തിക്കാന്‍ നടപടി തുടങ്ങിയിട്ടും റവന്യൂ വകുപ്പ് അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണ്.
കല്ല് വീഴ്ച തടയാന്‍ കരിങ്കല്ലുകൊണ്ട് മതില്‍ തീര്‍ത്തെന്ന് പറയുന്ന ഹോട്ടല്‍ ഉടമകള്‍ ഉന്നത രാഷ്‌ട്രീയ കക്ഷികളെ കൂട്ടുപിടിച്ച് റിസോര്‍ട്ട് തുറന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാറെടുക്കുകയാണ്. കൂറ്റന്‍പാറയ്‌ക്ക് ചുവട്ടില്‍ കല്ലുകള്‍ അടുക്കി റവന്യൂ സംഘത്തെ കബളിപ്പിക്കാനാണ് റിസോര്‍ട്ട് ഉടമകള്‍ ശ്രമിക്കുന്നത്.
















