കേളകം: വ്യാപാരി വ്യവസായി ഏകോപന സമിതി കൊട്ടിയൂര്‍ യൂണിറ്റ് വാര്‍ഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും കുടുംബ സംഗമവും ഇഫ്താര്‍വിരുന്നും ഞായറാഴ്ച ഉച്ചക്കഴിഞ്ഞ് രണ്ടു മണിക്ക് വ്യാപാര ഭവന്‍ ഓഡിറ്റോറിയത്തില്‍ നടക്കുമെന്നു ഭാരവാഹികളായ സേവ്യര്‍ തട്ടാപറമ്പില്‍, റെജി കന്നുകുഴി, എ.പി എല്‍ദോ, ചാക്കോ കൊച്ചുതാഴ്‌ത്ത്, സണ്ണി വാഴക്കാലയില്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
വാര്‍ഷിക പൊതുയോഗം ജില്ലാ പ്രസിഡന്റ് ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ഭരണ സമിതി തിരഞ്ഞെടുപ്പും നടക്കും. വൈകിട്ട് 5.30 ന് നടക്കുന്ന കുടുംബ സംഗമവും ഇഫ്താര്‍ വിരുന്നും സണ്ണി ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. കൊട്ടിയൂര്‍ യൂണിറ്റ് പ്രസിഡന്റ് തോമസ് സ്വര്‍ണ്ണപ്പള്ളില്‍ അധ്യക്ഷത വഹിക്കും. തുടര്‍ന്ന് കുടുംബവും സംഘടന പ്രവര്‍ത്തനങ്ങളും എന്ന വിഷയത്തില്‍ വിബ്ജിയോര്‍ എഡ്യുക്കേഷണല്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റ് ഡയറക്ടര്‍ കെ.എ.ജെയിംസ് ക്ലാസ് എടുക്കും. അംഗങ്ങളുടെ മക്കളില്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളില്‍ എ പ്ലസ് നേടിയ കുട്ടികളെ പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ശ്രീധരന്‍ ആദരിക്കും. തുടര്‍ന്ന് വിവിധ കലാപരിപാടികളും നടക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
















