
അമ്പലപ്പുഴ: മഴമേഘങ്ങള്‍ കറുക്കുമ്പോള്‍ ഭീതിയുടെ നിഴലില്‍ ഒരു കുടുംബം. പുന്നപ്ര തെക്ക് പഞ്ചായത്ത് ചള്ളി 15-ാം വാര്‍ഡ് കിഴക്കേ തയ്യില്‍ മിനിയുടെ കുടുംബമാണ് ചോര്‍ന്നൊലിക്കുന്ന വീട്ടില്‍ രണ്ട് കൈകുഞ്ഞുങ്ങളുമായി നരകയാതന അനുഭവിക്കുന്നത്.
കടലറ്റത്താണ് ഇവരുടെ വീട്. വീടിന്റെ മേല്‍ക്കൂര മുഴുവന്‍ തകര്‍ന്ന് മഴവെള്ളം പുരക്കുള്ളില്‍ കെട്ടി കിടക്കുന്നതിനാല്‍ അന്തിയുറങ്ങാന്‍ പറ്റാത്ത അവസ്ഥയാണ്. മിനിയുടെ ഭര്‍ത്താവ് പൊടിയന്‍ ക്യാന്‍സര്‍ രോഗം ബാധിച്ച് രണ്ട് വര്‍ഷം മുമ്പ് മരിച്ചതോടെയാണ് ജീവിതഭാരം മുഴുവന്‍ ഇവരുടെ തലയില്‍ വന്നത്.
എന്നാല്‍ നടുവേദനയാല്‍ പണിയെടുക്കാന്‍ പറ്റാത്ത അവസ്ഥയിലാണ് മിനി. ഇവരുടെ ദയനീയാവസ്ഥ വിവരിച്ച് പഞ്ചായത്തിലടക്കം നിരവധി പരാതികള്‍ നല്‍കിയെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
എങ്കിലും മനസില്‍ നന്മയുടെ ഉറവ വറ്റാത്തവരുടെ സഹായത്താല്‍ ചോര്‍ന്നൊലിക്കാത്ത ഒരു വീട് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം. ഇതിനായി എസ്ബിടി പുന്നപ്ര ശാഖയില്‍ 67199924 165 നമ്പരില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. ഐഎഫ്‌സി കോഡ് എസ്ബിടിഎന്‍ 0003 106. ഫോണ്‍ 9142328995.
















