സൈനുള്‍ അബ്ദിന്‍ ഖാന്‍
ജയ്‌പൂര്‍: മുസ്ലീങ്ങള്‍ കശാപ്പു ജോലികളില്‍നിന്നും ബീഫ് കഴിക്കുന്നതില്‍നിന്നും പിന്‍മാറണമെന്ന് ആഹ്വാനം ചെയ്ത അജ്‌മീര്‍ ദര്‍ഗ ഷെരീഫ് സൈനുള്‍ അബ്ദിന്‍ ഖാനെ പുറത്താക്കി. സഹോദരൻ അലാവുദ്ദീൻ അലിമിയാണ് അബ്ദിൻ അലി ഖാനെ പുറത്താക്കിയതായി പ്രഖ്യാപിച്ചത്. തുടർന്ന് അജ്മീർ ദർഗ ദിവാനായി സ്വയം പ്രഖ്യാപിക്കുകയും ചെയ്തു. ഇതിന് ദർഗ കമ്മിറ്റിയുടെ അംഗീകാരമുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
രാജ്യത്ത് മതസൗഹാർദ്ദം ശക്തിപ്പെടുത്താൻ മുസ്ലീങ്ങൾ ബീഫ് വർജ്ജിക്കണമെന്നും അറവ് ശാലകൾ നിരോധിക്കണമെന്നുമായിരുന്നു അദ്ദേഹം കഴിഞ്ഞ ദിവസം വിശ്വാസികളെ അഭിസംബോധന ചെയ്ത് പറഞ്ഞത്. ഗുജറാത്ത് നിയമസഭ പാസാക്കിയ മൃഗസംരക്ഷണ ബില്ലിനെയും അദ്ദേഹം പ്രകീര്‍ത്തിച്ചിരുന്നു. ബീഫ് കൈവശം വെയ്‌ക്കുന്നവരെ ശിക്ഷിക്കാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് ബില്‍. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും സമാനമായ നിയമങ്ങള്‍ പാസാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
പശുക്കളെ കൊല്ലരുതെന്ന് ബാബര്‍ പോലും മകനോട് പറഞ്ഞിരുന്നു. ഇറച്ചിക്കൊതി മൂത്ത് മൃഗങ്ങളെ കൊല്ലുന്നത് തെറ്റാണ്. ഇതരമതങ്ങളോട് സഹാനുഭൂതിയോടെ പെരുമാറുക ഓരോരുത്തരുടെയും കടമയാണ്. പശുക്കള്‍ ഹിന്ദുക്കള്‍ക്ക് വിശുദ്ധ മൃഗമാണ്. അതിനാല്‍ നമുക്ക് പശുവിറച്ചി തീറ്റ നിറുത്താം. നമ്മുടെ ആരോഗ്യത്തിനും അതാണ് നല്ലത്. ഇതു രാജ്യത്ത് മികച്ച സന്ദേശം കൈമാറുമെന്നും അദ്ദേഹം പറഞ്ഞു.
ഖ്വാജ മൊയ്‌നുദ്ദീന്‍ ചിഷ്ടിയുടെ ഇരുപത്തിരണ്ടാമത് തലമുറയില്‍ പെട്ടയാളാണ് അബ്ദിന്‍ ഖാന്‍. ഗോവധം രാജ്യവ്യാപകമായി വിലക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
















