ഹൈദരാബാദ്: പത്രപരസ്യം വഴി മുസ്ലീം യുവതിക്ക് വിവാഹ മോചന അറിയിപ്പ്. ഹൈദരാബാദിലുള്ള 25- കാരിയായ യുവതിക്കാണ് ഭര്‍ത്താവ് വിവാഹ മോചന നോട്ടീസ് പത്രപരസ്യം വഴി നല്‍കിയത്. മാര്‍ച്ച് നാലാം തീയ്യതിയിലെ പ്രാദേശിക ഉറുദ്ദു പത്രത്തിലാണ് പരസ്യം വന്നത്.
2015- ലാണ് മുഹദ്, യുവതിയെ വിവാഹം കഴിച്ചത്. തുടര്‍ന്ന് ഇരുവരും സൗദിയിലേക്ക് ജോലി സംബന്ധമായി മടങ്ങി. ഏകദേശം ഒരു വര്‍ഷത്തോളം അവര്‍ അവിടെ താമസിക്കുകയും ഇതിനിടയില്‍ യുവതി ഒരു പെണ്‍കുട്ടിക്ക് ജന്മം നല്‍കുകയും ചെയ്തു. രണ്ട് മാസത്തിനു ശേഷം ഇരുവരും ഇന്ത്യയിലേക്ക് തിരിച്ചെത്തി. എന്നാല്‍ മൂന്ന് ആഴ്ചയ്‌ക്ക് ശേഷം മുഹദ് ഭാര്യയേയും കുടുംബാംഗങ്ങളേയും അറിയിക്കാതെ സൗദിയിലേക്ക് മടങ്ങുകയായിരുന്നു.
ഇതിനിടെയാണ് യുവതി വിവാഹമോചനം ആവശ്യപ്പെട്ടുകൊണ്ടുള്ള പരസ്യം കാണാനിടയായത്. തുടര്‍ന്ന് യുവതി ഭര്‍ത്താവിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചുവെങ്കിലും നിരാശയായിരുന്നു ഫലം. ഇതിനിടയില്‍ ഭര്‍ത്താവിന്റെ വക്കീല്‍ ഫോണ്‍ വിളിച്ച് വിവാഹമോചനം ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്നാണ് യുവതിയും വീട്ടുകാരും പോലീസില്‍ പരാതി നല്‍കിയത്.
പരാതിയുടെ അടിസ്ഥാനത്തില്‍ മുഹദിനെതിരെ വഞ്ചനാകുറ്റത്തിന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. 20 ലക്ഷം രൂപ സ്ത്രീധനം നല്‍കാത്തതിനാലാണ് ഭര്‍ത്താവ് തന്നോട് വിവാഹമോചനം ആവശ്യപ്പെട്ടതെന്ന് യുവതി പോലീസിന് മൊഴി നല്‍കി. കേസ് എത്രയും വേഗത്തില്‍ തന്നെ അന്വേഷിക്കുമെന്ന് പോലീസ് അറിയിച്ചു.
















