ലക്‌നോ : ഉത്തര്‍പ്രദേശിലെ മൗഗ്ലി എന്നു വിശേഷിപ്പിച്ചു തുടങ്ങിയിരിക്കുന്നു ഈ പെണ്‍കുട്ടിയെ. യുപിയിലെ ബെഹ്‌റായിച്ചിയില്‍ കുരങ്ങുകള്‍ക്കൊപ്പം ജീവിച്ചിരുന്ന പെണ്‍കുട്ടിയെ പോലീസ് മോചിപ്പിച്ചു. എട്ടു വയസുള്ള ഈ പെണ്‍കുട്ടിയുടെ സംസാരവും പെരുമാറ്റവും മനുഷ്യരുടേതു പോലെയല്ല. ഇപ്പോള്‍ ബെഹ്‌റായിച്ചി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ് പെണ്‍കുട്ടി.
കട്ടാര്‍നിയാഗഢ് വൈല്‍ഡ് ലൈഫ് സാങ്ചുറി പ്രദേശത്ത് പതിവു പട്രോളിങ്ങിന്റെ സമയത്ത് സുരേഷ് യാദവ് എന്ന പോലീസ് ഓഫിസറാണ് കുരങ്ങന്മാര്‍ക്കൊപ്പം കളിക്കുന്ന പെണ്‍കുട്ടിയെ കണ്ടത്. പെണ്‍കുട്ടിയെ മോചിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ കുരങ്ങുകള്‍ പോലീസ് സംഘത്തെ ആക്രമിച്ചു.
പെണ്‍കുട്ടിയാവട്ടെ കുരങ്ങുകള്‍ക്കൊപ്പം കഴിയാന്‍ താത്പര്യം പ്രകടിപ്പിക്കുകയായിരുന്നു. കുരങ്ങുകളെ ഓടിച്ച് പെണ്‍കുട്ടിയെ മോചിപ്പിച്ചപ്പോഴാണ് പെരുമാറ്റത്തിലേയും സംസാരത്തിലേയും വൈചിത്രവും ശ്രദ്ധിച്ചത്.
മനുഷ്യരുടെ സാമീപ്യം ഭയക്കുന്ന പെണ്‍കുട്ടിക്ക് ഒരു ഭാഷയും അറിയില്ല. ചിലപ്പോഴൊക്കെ ആക്രമസ്വഭാവം പ്രകടിപ്പിക്കുന്നുണ്ട്. ഭക്ഷണം നക്കിത്തിന്നുകയാണ്. നാലുകാലിലാണ് നടക്കുന്നത്. രണ്ടു കാലില്‍ നടക്കാന്‍ ഡോക്ടര്‍മാര്‍ പഠിപ്പിക്കുന്നുണ്ട്. കുറച്ചു ദിവസത്തെ ചികിത്സയിലൂടെ സാധാരണ അവസ്ഥയിലേക്കു കൊണ്ടുവരാന്‍ കഴിയുമെന്നാണ് ഡോക്ടര്‍മാരുടെ പ്രതീക്ഷ.
















