കോട്ടയം: ഗ്രാമന്യായാലയ ആക്ടില്‍ ചില മാറ്റങ്ങള്‍ വരുത്തി നടപ്പാക്കുമെന്ന് നിയമമന്ത്രി കെ.എം മാണി പറഞ്ഞു. കോട്ടയം ഡി.സി ബുക്‌സ് ഓഡിറ്റോറിയത്തില്‍ കേരള ഗവണ്‍മെന്റ് പ്ലീഡര്‍ ആന്റ് പബ്ലിക് പ്രോസിക്യൂട്ടേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ ഗ്രാമങ്ങളിലും കോടതികള്‍ വേണമെന്നാണ് ഈ നിയമത്തില്‍ പറയുന്നത്. ഇതിന് ചില സാങ്കേതിക ബുദ്ധിമുട്ടുകള്‍ ഉണ്ട്. ചില മാറ്റങ്ങള്‍ വരുത്തി ഈ നിയമം സര്‍ക്കാര്‍ നടപ്പാക്കും. കാലഘട്ടത്തിന് അനുസരിച്ച് തെളിവ്‌നിയമത്തിലും മാറ്റം വരുത്തണം. 140 വര്‍ഷം മുമ്പുള്ളതാണ് നിലവിലുള്ള തെളിവ് നിയമം. ഐ.ടി നിയമം വന്നതോടെ തെളിവുനിയമത്തിലും മാറ്റം അനിവാര്യമാണ്. ഇതിന് സര്‍ക്കാര്‍ ഘട്ടംഘട്ടമായി നടപടികള്‍ സ്വീകരിക്കും. നീതി വേഗത്തില്‍ ലഭിക്കുന്നതിന് കേസുകള്‍ പെട്ടെന്ന് തീര്‍പ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് പുതിയ തസ്തികകള്‍ ഈ സാമ്പത്തിക വര്‍ഷം സൃഷ്ടിക്കാനാവില്ല. ധനവകുപ്പിന്റെ ഈ തീരുമാനം മന്ത്രിസഭയും അംഗീകരിച്ചിട്ടുണ്ടെന്ന് മന്ത്രി കെ.എം മാണി പറഞ്ഞു. അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കവേയാണ് അദ്ദേഹം ഇത് സൂചിപ്പിച്ചത്. സംസ്ഥാനത്ത് ഒമ്പത് ആര്‍.ടി ഓഫീസുകള്‍ തുടങ്ങുമെന്ന ബജറ്റ് നിര്‍ദ്ദേശം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ശ്രദ്ധയില്‍പെടുത്തിയപ്പോഴായിരുന്നു ധനമന്ത്രിയുടെ പ്രതികരണം. മോട്ടോര്‍ വാഹനവകുപ്പ് ഇപ്പോള്‍ ഖജനാവിലേക്ക് കണ്ടെത്തുന്ന തുക കൂടാതെ ഒരു നൂറുകോടി രൂപ അധികം സമാഹരിച്ച് നല്‍കിയാല്‍ പുതിയ ഓഫീസുകളുടെയും തസ്തികകളുടെയും കാര്യം പരിഗണിക്കാമെന്നും മാണി പറഞ്ഞു.
















