ആലപ്പുഴ: സിപിഎമ്മും കോണ്‍ഗ്രസും രാഷ്‌ട്രീയ കിടമത്സരത്തിന് കിടപ്പു രോഗികളെ പോലും കരുക്കളാക്കുന്നു. കൊലപാതക രാഷ്‌ട്രീയം മറച്ചുപിടിക്കാനും നഷ്ടപ്പെട്ട ജനപിന്തുണ തിരിച്ചുപിടിക്കാനും സിപിഎം ഏതാനും നാളായി സാന്ത്വനം പരിചരണ പദ്ധതിയുമായി ജില്ലയിലെ കിടപ്പുരോഗികളുടെ പിന്നാലെയുണ്ട്.
സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരെയും മറ്റു രാഷ്‌ട്രീയ പാര്‍ട്ടി നേതാക്കളെയും വരെ തെറ്റിദ്ധരിപ്പിച്ച് തങ്ങളുടെ പരിചരണ നാടകത്തില്‍ പങ്കാളികളാക്കാനും സിപിഎമ്മിന് കഴിഞ്ഞിട്ടുണ്ട്. ഒരുവശത്ത് രാഷ്‌ട്രീയ വൈരാഗ്യത്തിന്റെ പേരില്‍ നിരപരാധികളെ വരെ കൊലചെയ്യുകയും അക്രമിച്ച് കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ പോലും സാധിക്കാത്ത വിധത്തില്‍ കൊല്ലാക്കൊല ചെയ്യുന്ന സിപിഎം മറുവശത്ത് കാരുണ്യവും സാന്ത്വനവും പറഞ്ഞ പാവപ്പെട്ട കിടപ്പുരോഗികളുടെ പേരില്‍ മുതലെടുപ്പിന് ശ്രമിക്കുകയാണ്.
പൊതുജനങ്ങളില്‍ നിന്ന് പണം പിരിച്ച് പൊതുസമ്മേളനങ്ങള്‍ നടത്തി കൊട്ടിഘോഷിച്ച് നാമമാത്രമായ സഹായങ്ങള്‍ നല്‍കുകയാണ് സിപിഎമ്മിന്റെ രീതി. ഇത് മാതൃകയാക്കി കോണ്‍ഗ്രസും കിടപ്പുരോഗികളുടെ പിന്നാലെയാണിപ്പോള്‍. സ്പര്‍ശം സേവന കേന്ദ്രം എന്ന പേരില്‍ ആലപ്പുഴയില്‍ ഇതിനായി കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സംഘടന രൂപീകരിച്ച് കഴിഞ്ഞു. സംസ്ഥാനത്ത് ഇവിടെയാണ് കോണ്‍ഗ്രസിന്റെ സേവന പദ്ധതിക്ക് തുടക്കമായിരിക്കുന്നത്. പരിശീലനവും ക്ലാസുമൊക്കെയായി കോണ്‍ഗ്രസും രംഗം കൊഴുപ്പിച്ച് തുടങ്ങി. കൊലക്കത്തി രാഷ്‌ട്രീയം മറയ്‌ക്കാന്‍ സിപിഎമ്മും അഴിമതിക്കഥകള്‍ മറയ്‌ക്കാന്‍ കോണ്‍ഗ്രസും കാരുണ്യത്തിന്റെയും മാനവികതയുടെയും വക്താക്കളാകാന്‍ മത്സരിക്കുന്നതിനെ സാധാരണക്കാര്‍ അവജ്ഞ യോടെയാണ് കാണുന്നത്. ഇരു പാര്‍ട്ടികളുടെയും രാഷ്‌ട്രീയ നിലപാടുകള്‍ പൊതുജനം തള്ളിത്തുടങ്ങിയ സാഹചര്യത്തില്‍ പിടിച്ചുനില്‍ക്കാനുള്ള പല അടവുകളിലൊന്നാണിതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
















