കോഴിക്കോട്: മാതൃഭൂമി ചീഫ് സബ് എഡിറ്ററും എഴുത്തുകാരനുമായ കെ.വി അനൂപ്(42) അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് രാവിലെ ഒന്‍പതുമണിക്ക് കൂത്തുപറമ്പിനടുത്ത് മൂര്യാട് വയലുംഭാഗത്തുള്ള വീട്ടുവളപ്പില്‍ നടക്കും.
മാതൃഭൂമി പ്രസിദ്ധീകരണമായ സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈലില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു. സ്വീറ്റിയാണ് ഭാര്യ. മകള്‍: ഇതള്‍. കൂത്തുപറമ്പ് മൂര്യാട് പരേതനായ കെ.കുഞ്ഞിരാമുണ്ണിയുടേയും കെ.ശ്രീമതിയുടേയും മകനാണ് അനൂപ.് ഷനീബ്(കൂത്തുപറമ്പ് എച്ച്.എസ്.എസ്.), അപര്‍ണ എന്നിവര്‍ സഹോദരങ്ങളാണ്.
ആനന്ദപ്പാത്തുവിന്റെ പ്രസംഗങ്ങള്‍, കാഴ്ചയ്‌ക്കുള്ള വിഭവങ്ങള്‍ (കഥാസമാഹാരം). അമ്മദൈവങ്ങളുടെ ഭൂമി (നോവല്‍), മാറഡോണ: ദൈവം, ചെകുത്താന്‍, രക്തസാക്ഷി (ജീവിതകഥ),ലയണല്‍ മെസ്സി -താരോദയത്തിന്റെ കഥ (ജീവിതകഥ) എന്നീ പുസ്തകങ്ങളുടെ രചയിതാവാണ്.’അമ്മദൈവങ്ങളുടെ ഭൂമി’ എന്ന നോവലിന് 1992ലെ ഉറൂബ് അവാര്‍ഡ് ലഭിച്ചു. മുട്ടത്തുവര്‍ക്കി ഫൗണ്ടേഷന്‍ കഥാപുരസ്‌കാരം (1994), അങ്കണംഇ.പി.സുഷമ സ്മാരക എന്‍ഡോവ്‌മെന്റ് (2006), മുണ്ടൂര്‍ കൃഷ്ണന്‍കുട്ടി കഥാപുരസ്‌കാരം (2011) കതിരൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ വി.വി.കെ.സ്മാരക പുരസ്‌കാരം(2014)തുടങ്ങിയവയും ലഭിച്ചിട്ടുണ്ട്.
















