ബംഗളൂരു:രണ്ടു പതിറ്റാണ്ട് നീണ്ട അഴിമതിക്കേസില്‍ തമിഴ്നാട് മുഖ്യമന്ത്രിയും എഐഎഡിഎംകെ നേതാവുമായ ജയലളിതയെ കോടതി ജയിലില്‍ അടച്ചു. ഭാരത ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു മുഖ്യമന്ത്രി സ്വത്തു കേസില്‍ ഇരുമ്പഴിക്കുള്ളിലാകുന്നത്. ഇതോടെ ജയലളിതയ്ക്ക് മുഖ്യമന്ത്രി സ്ഥാനവും എംഎല്‍എ പദവിയും നഷ്ടപ്പെട്ടു. അഴിമതി നിരോധന നിയമപ്രകാരം ജയിലില്‍ ആകുന്ന ആദ്യമുഖ്യമന്ത്രിയും 66 കാരിയായ ജയലളിത തന്നെ.
91 മുതല്‍ 96 വരെ മുഖ്യമന്ത്രിയായിരിക്കെ അവിഹിതമായി 66 കോടിയുടെ സ്വത്ത് സമ്പാദിച്ചെന്ന കേസില്‍ ബംഗളൂരുവിലെ പരപ്പനയിലുള്ള പ്രത്യേക കോടതി ജയലളിതയ്ക്ക് നാലുവര്‍ഷം തടവും നൂറുകോടി രൂപ പിഴയുമാണ് വിധിച്ചത്. കൂട്ടുപ്രതികളായ തോഴി ശശികല, വളര്ത്തുമകന് സുധാകരന്,ബന്ധു ഇളവരശി എന്നിവര്‍ക്കും ജഡ്ജി ജോണ്‍ മൈക്കിള്‍ ഡിക്കൂഞ്ഞ നാലുവര്‍ഷം തടവും പത്തുകോടി രൂപ വീതം പിഴയും ചുമത്തിയിട്ടുണ്ട്.
തടവ് വിധിച്ച ശേഷം കോടതി ജയലളിതയെ ബംഗളൂരു മെഡിക്കല്‍ കോളേജില്‍ വൈദ്യപരിശോധനയ്ക്ക് അയച്ചു. ആരോഗ്യനില തൃപ്തികരമെന്ന് ബോധ്യപ്പെട്ടശേഷം രാത്രി 7.12ന് കസ്റ്റഡിയില്‍ എടുത്തു. 7.48ന് പരപ്പന അഗ്രഹാര ജയിലില്‍ അടച്ചു. പ്രത്യേക കോടതിയാണ് ശിക്ഷിച്ചതെങ്കിലും ശിക്ഷ മൂന്നു വര്‍ഷത്തില്‍ കൂടുതലായതിനാല്‍ അതേ കോടതിക്ക് ജാമ്യം നല്കാന് കഴിയില്ല. അതിനാല്‍ തിങ്കളാഴ്ച ഹൈക്കോടതിയില്‍ നിന്ന് ജാമ്യം ലഭിക്കുംവരെ ജയലളിതയ്ക്ക് ജയിലില്‍ കഴിയേണ്ടി വരും.
അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ടതിനാല്‍ ഇനി പത്തുവര്‍ഷത്തേക്ക് ജയലളിതയ്ക്ക് തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ കഴിയില്ല.(നാലു വര്‍ഷം തടവും പിന്നെ ആറു വര്‍ഷം വിലക്കും. ) എന്നാല്‍ അപ്പീലില്‍ ഹൈക്കോടതി പ്രത്യേക കോടതി വിധി റദ്ദാക്കിയാല്‍ ജയലളിതയ്ക്ക് മുഖ്യമന്ത്രി പദവിയും എംഎല്‍എ സ്ഥാനവും മടക്കിക്കിട്ടും.കോടതി ശിക്ഷിച്ചാല്‍ ജനപ്രാതിനിധ്യനിയമപ്രകാരം ആറു വര്‍ഷത്തേക്കാണ് തെരഞ്ഞെടുപ്പില്‍ വിലക്ക്.
അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ടാല്‍ അപ്പീല്‍ നല്കി അതില്‍ വിധിവരുംവരെ എംഎല്‍എ പദവിയും മന്ത്രി പദവിയുമൊക്കെ കാത്തുസൂക്ഷിക്കാനും ജയിലില്‍ പോകാതെയിരിക്കാനും നേരത്തെ കഴിയുമായിരുന്നു. എന്നാല്‍ രണ്ടു വര്‍ഷമോ അതില്‍ക്കൂടുതലോ ജയില്‍ ശിക്ഷക്ക് വിധിച്ചാല്‍ വിധി വരുന്ന സമയത്തു തന്നെ എംഎല്‍എ പദവി നഷ്ടമാകുമെന്ന് കഴിഞ്ഞ വര്‍ഷം സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ഇതുപ്രകാരമാണ് ഇന്നലെത്തന്നെ ജയക്ക് പദവികള്നഷ്ടമായത്.
ഇന്നലെ രാവിലെ ചെന്നൈയില്‍ നിന്ന് വിമാനത്തിലാണ് ജയലളിത ബംഗളൂരുവില്‍ എത്തിയത്.തുടര്‍ന്ന് കാറില്‍ കോടതിയിലും. കേസില്‍ ഈ മാസം ഇരുപതിന് വിധി പ്രഖ്യാപിക്കേണ്ടതായിരുന്നു. എന്നാല്‍ സുരക്ഷാ പ്രശ്നം ഉണ്ടെന്നും അതിനാല്‍ പരപ്പന കോടതിയില്‍ നിന്ന് മറ്റെവിടേക്കെങ്കിലും മാറ്റണമെന്നും ജയലളിത അഭ്യര്‍ഥിച്ചതിനെത്തുടര്‍ന്ന് പരപ്പന ജയില്‍വളപ്പിലെ മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റിയിരുന്നു.
ഇന്നലെ രാവിലെ പതിനൊന്നിന് വിധി പറയാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ വിധി ഉച്ചയ്ക്ക് ഒരു മണിയിലേക്ക് മാറ്റി. ജയലളിതയും കൂട്ടുപ്രതികളും കുറ്റക്കാരാണെന്ന് ഒരു മണിക്ക് കോടതി പ്രഖ്യാപിച്ചു. തുടര്‍ന്ന് ശിക്ഷപ്രഖ്യാപനം മൂന്നുമണിയ്ക്ക് മാറ്റി. എന്നാല്‍ ജയില്‍ വളപ്പിനുപുറത്ത് വലിയ സംഘര്‍ഷം ഉണ്ടായതിനെത്തുടര്‍ന്ന് നിരോധനാജഞ ഏര്‍പ്പെടുത്തുകയും മറ്റു സുരക്ഷാ നടപടികള്‍ കൈക്കൊള്ളുകയും ചെയ്തശേഷം അഞ്ചു മണിയോടെയാണ് ശിക്ഷ പ്രഖ്യാപിച്ചത്.
2000 ഏക്കര്‍ ഭൂമി, 30 കിലോസ്വര്‍ണ്ണം, 12000 സാരികള്‍ എന്നിവയടക്കം 66 കോടിയുടെ സ്വത്ത് ജയലളിത സമ്പാദിച്ചെന്നായിരുന്നു സുബ്രഹ്മണ്യന് സ്വാമിയുടെ കേസ്. രാഷ്ട്രീയ വൈരമാണ് കേസിനു പിന്നിെലന്നായിരുന്നു ജയലളിത പറഞ്ഞിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: