തിരുവനന്തപുരം: പണ്ഡിതാഗ്രേസരനും പ്രഥമ എഴുത്തച്ഛന് പുരസ്കാരജേതാവുമായ ഡോ.ശൂരനാട് കുഞ്ഞന്‍പിള്ളയുടെ സ്മരണാര്‍ത്ഥം കരമന സഹോദരസമാജം എന്‍ എസ് എസ് കരയോഗം നല്കുന്ന ആറാമതു സാഹിത്യപുരസ്കാരം പ്രമുഖസാഹിത്യകാരനും വിദ്യാഭ്യാസവിചക്ഷണനുമായ ഡോ. എ എം ഉണ്ണിക്കൃഷ്ണന്.
ചിറയിന്‍കീഴ് ശ്രീകണ്ഠന്‍നായര്‍ രൂപകല്പനചെയ്ത ശില്പവും പ്രശസ്തിപത്രവും 25,555 രൂപയും ഉള്‍പ്പെടുന്നതാണ് പുരസ്കാരം. ഡോ. എം ലീലാവതി, ഡോ. ബി സി ബാലകൃഷ്ണന്, സുമംഗല എന്ന ലീലാ നമ്പൂതിരിപ്പാട്, ഡോക്ടര്‍ എസ് കെ വസന്തന്, ഡോക്ടര്‍ എം ജി എസ് നാരായണന് എന്നിവര്‍ക്കാണ് മുന്‍പ് ഈ പുരസ്കാരം ലഭിച്ചിട്ടുളളത്
ഈ മാസം 16ാം തീയതി ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് കരമന എന്‍ എസ് എസ് കരയോഗമന്ദിരത്തില്‍ നടത്തുന്ന കുടുംബസംഗമത്തില്‍വച്ച് മുന്‍ ഡി ജി പി ഡോ. അലക്സാണ്ടര്‍ ജേക്കബ് പുരസ്കാരം സമര്‍പ്പിച്ച് മുഖ്യപ്രഭാഷണം നടത്തും. കരയോഗം പ്രസിഡന്റ് എസ് ഉപേന്ദ്രന്‍നായര്‍ അദ്ധ്യക്ഷത വഹിക്കുന്ന യോഗം, എന്‍ എസ് എസ് വൈസ് പ്രസിഡന്റും തിരുവനന്തപുരം താലൂക്ക് യൂണിയന് പ്രസിഡന്റുമായ സംഗീത് കുമാര്‍ ഉദ്ഘാടനം ചെയ്യും. കുടുംബസംഗമത്തിന്റെയും കരയോഗം ഈയിടെ വാങ്ങിയ വജ്രജൂബിലി മന്ദിരത്തിന്റയും ഉദ്ഘാടനവും അദ്ദേഹം നടത്തും.
മാധവന്‍തമ്പി നൈപുണ്യപുരസ്കാരം ശരണ്യ ശശികുമാറിന് നല്‍കും. മോസ്കോയില്‍വച്ചു നടന്ന ദസ്തയേവ്സ്കി ഇന്റര്‍നാഷണല്‍ ഡ്രാമ ഫെസ്റ്റിവലില്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്തു നാടകം അവതരിപ്പിച്ച കെ എസ് പ്രവീണ്‍ കുമാര്‍, അമേരിക്കയിലെ യൂണിവേഴ്സിറ്റി ഓഫ് ഇല്ലിനോയിലില്നിന്ന് കെമിസ്ട്രിയില്‍ ഡോക്ടറേറ്റ് ലഭിച്ച മഹിമ ഉണ്ണിക്കൃഷ്ണന്, അമേരിക്കയിലെ ടെക്സാസ് എ&എം യൂണിവേഴ്സിറ്റിയില്‍നിന്ന് ബയോ മെഡിക്കല്‍ ഇഞ്ചിനീയറിംഗില്‍ ഡോക്ടറേറ്റ് ലഭിച്ച പ്രിയങ്കാ വസന്തകുമാരി, തിരുനെല്‍വേലി മനോന്മണിയം സുന്ദരനാര്‍ യൂണിവേഴ്സിറ്റിയില്‍നിന്നു കോമേഴ്സില്‍ ഡോക്ടറേറ്റ് നേടിയ ആര്‍ച്ച ആര് ഗോപന് എന്നിവര്‍ക്കും പുരസ്കാരം നല്‍കും.
കരയോഗം സെക്രട്ടറി എ സതീഷ് കുമാര്‍ സ്വാഗതവും കരയോഗം വൈസ്പ്രസിഡന്റ് പി ഗോപിനാഥന്‍നായര്‍ കൃതജ്ഞതയും പ്രകാശിപ്പിക്കും. തിരുവനന്തപുരം താലൂക്ക് യൂണിയന് വൈസ് പ്രസിഡന്റ്് കാര്‍ത്തികേയന്‍നായര്‍, മേഖലാകണ്‍വീനര്‍ നടുവത്ത് വിജയന്, സെക്രട്ടറി വിജു വി നായര്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്നതാണ്.
കരയോഗം വനിതാസമാജത്തിന്റെ 23ാമതു വര്‍ഷികത്തോടനുബന്ധിച്ച് ഫെബ്രുവരി 15ാം തീയതി ശനിയാഴ്ച വൈകുന്നേരം നാലുമണിക്കു നടത്തുന്ന പൊതുയോഗം തിരുവനന്തപുരം താലൂക്ക് എന്‍ എസ് എസ് വനിതാ യൂണിയന് പ്രസിഡന്റ് ഈശ്വരി അമ്മ ഉദ്ഘാടനം ചെയ്യും. വനിതാസമാജം പ്രസിഡന്റ് എ മോഹനകുമാരി അധ്യക്ഷത വഹിക്കും. കരമന എന്‍ എസ് എസ് കോളേജ് മുന്‍ പ്രിന്‍സിപ്പാളും കോട്ടയം താലൂക്ക് വനിതാ യൂണിയന് സെക്രട്ടറിയുമായ ഡോ. പി ജയശ്രീ വിശിഷ്ടാതിഥിയും കരയോഗം പ്രസിഡന്റ് എസ് ഉപേന്ദ്രന്‍നായര്‍ മുഖ്യപ്രഭാഷകനുമാവും. തിരുവനന്തപുരം താലൂക്ക് വനിതാ യൂണിയന് സെക്രട്ടറി ലീലാകരുണാകരന്‍, കരയോഗം സെക്രട്ടറി എ സതീഷ് കുമാര്‍ എന്നിവര്‍ ആശംസകള്‍ നേരും. വനിതാസമാജം സെക്രട്ടറി പി എസ് ഇന്ദിരാഭായിപ്പിള്ളയമ്മ സ്വാഗതവും വനിതാസമാജം വൈസ് പ്രസിഡന്റ് ലീലാചന്ദ്രന്‍ കൃതജ്ഞതയും പ്രകാശിപ്പിക്കും.
ശതാഭിക്ഷിക്തനായ തളിയല്‍ രാജശേഖരന്‍പിള്ള, ശ്രീമദ്ഭഗവദ്ഗീത അദ്ധ്യാപികയും കരയോഗാംഗവുമായ പത്മകുമാരി, 2023ലെ കേരള യൂണിവേഴ്സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സിന്റെ ബെസ്റ്റ് ടീച്ചര്‍ അവാര്‍ഡ് നേടിയ ഡോ. എം ശ്രീജിത്ത് എന്നിവരെ അഭിനന്ദിക്കും. വനിതാസമജാംഗങ്ങളും കുട്ടികളും അവതരിപ്പിക്കുന്ന കലാപരിപാടികളുടെ ഉദ്ഘാടനം ഫ്ലവേഴ്സ് ടോപ് സിംഗര്‍ സീസ ണ് രണ്ടു വിജയിയായ മാസ്റ്റര്‍ അക്ഷിത് നിര്‍വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: