മുംബൈ: നിര്‍മ്മല സീതാരാമന് അവതരിപ്പിച്ച ബജറ്റിന്റെ ഗുണം നേടിയ ഓഹരികള്‍ ഏതൊക്കെ എന്ന് അറിയേണ്ടേ. സാധാരണ അവധിദിവസമാണെങ്കിലും ബജറ്റ് അവതരിപ്പിച്ച ശനിയാഴ്ച ഓഹരി വിപണി തുറന്ന് പ്രവര്‍ത്തിച്ചത് ബജറ്റിന്റെ പ്രതികരണം അപ്പപ്പോള്‍ ഓഹരിവിപണികളില്‍ പ്രതിഫലിക്കട്ടെ എന്ന ചിന്ത കാരണമാണ്.
ബജറ്റില്‍ പ്രതീക്ഷ പകരുന്ന മേഖലകള്‍
പ്രധാനമായും ചില മേഖലകള്‍ക്ക് ഊന്നല്‍ നല്കിയതിനാല് ഗ്രീന്‍ എനര്‍ജി, എഫ് എംസിജി, ഓട്ടോമൊബൈല്‍സ്, കണ്‍സ്യൂമര്‍ ഡ്യുറബിള്‍സ്, ഇന്‍ഷുറന്‍സ് എന്നീ മേഖലകള്‍ക്ക് ഉണര്‍വ്വ് ലഭിക്കും. സര്‍ക്കാര്‍ നിക്ഷേപം കൂടുതല്‍ നീക്കിവെച്ചില്ലെന്ന കാരണം പറഞ്ഞ് ആദ്യം ഉയര്‍ന്നെങ്കിലും പിന്നീട് പലരും ലാഭം കൊയ്ത് ഓഹരികള്‍ തല്ക്കാലം വിറ്റൊഴിച്ചെങ്കിലും ഭാവിയില്‍ ഉയരാനാണ് സാധ്യത.
റെയില്‍, പ്രതിരോധ കമ്പനികളും ആദ്യം കുതിച്ചു, പിന്നെ തളര്‍ന്നു
ഇന്ത്യന്‍ റെയില്‍വേയ്ക്ക് സേവനം നല്കുന്ന വിവിധ കമ്പനികളും പ്രതിരോധമേഖലയ്ക്ക് സാധനസാമഗ്രികള്‍ നല്കുന്ന കമ്പനികളും ഓഹരി വിപണിയില്‍ നല്ല പ്രകടനം കാഴ്ചവെച്ചു. ടെക്സ് റെയില്‍, പരസ് ഡിഫന്‍സ്, മിധാനി, ഇര്‍കോണ്‍, ആര്‍വിഎന്‍എല്‍, ബിഇഎല്‍ എന്നീ കമ്പനികള്‍ മികച്ച പ്രകടനമാണ് ബജറ്റ് പ്രഖ്യാപനത്തിന്റെ ആദ്യ മണിക്കൂറില്‍ കാഴ്ചവെച്ചത്. പത്ത് ശതമാനം വരെ ഈ കമ്പനികളുടെ ഓഹരി വില ഉയര്‍ന്നു. പിന്നീട് പ്രതീക്ഷിച്ചത്ര മൂലധാനം ഈ മേഖലകള്‍ക്ക് നീക്കിവെച്ചില്ല എന്ന കാരണം സൂചിപ്പിച്ച് ബ്രോക്കറിംഗ് ഹൗസുകള്‍ വന്‍തോതില്‍ ഈ ഓഹരികള്‍ വിറ്റ് ലാഭമെടുത്തു. പക്ഷെ പ്രതിരോധമേഖലയ്ക്ക് 6.8 ലക്ഷം കോടി രൂപയും റെയില്‍വേയ്ക്ക് 2.52 ലക്ഷം കോടി രൂപയും നിര്‍മ്മല സീതാരാമന് നീക്കിവെച്ചിട്ടുണ്ട്. അതിനാല്‍ വരും ദിവസങ്ങളില്‍ ഈ മേഖലകളിലെ കമ്പനികളുടെ ഓഹരി വില ഉയരാനാണ് സാധ്യത.
എഫ് എം സിജി ഓഹരികള്‍
മാസം ഒരു ലക്ഷം രൂപ വരെ ശമ്പളം ലഭിക്കുന്നവര്‍ക്ക് ചില്ലിക്കാശ് പോലും ആദായനികുതി നല്‍കേണ്ടെന്ന നിര്‍മ്മല സീതാരാമന്റെ പ്രഖ്യാപനം ഇടത്തരം ജോലിക്കാരുടെ കയ്യില്‍ കൂടുതല്‍ പണം വരാന്‍ കാരണമാകും. ഈ തുകയില്‍ ഒരു ഭാഗം സാധനസാമഗ്രികള്‍ വാങ്ങാന്‍ ഉപയോഗിക്കുമെന്ന പ്രതീക്ഷയാണ് അതിവേഗത്തില്‍ വിറ്റഴിയുന്ന ഉപഭോക്തൃത ഉല്പന്നങ്ങളുണ്ടാക്കുന്ന കമ്പനികള്‍ക്ക് അനുഗ്രഹമാകുന്നത്. എച്ച് യുഎല്‍, ഐടിസി, ഡാബര്‍, പാരി, മാരികോ, നെസ് ലെ തുടങ്ങിയ കമ്പനികള്‍ വരും ദിവസങ്ങളില്‍ മികച്ച നേട്ടം പ്രതീക്ഷിക്കുന്നു.
ഓട്ടോമൊബൈല്‍ കമ്പനികള്‍
മാസം ഒരു ലക്ഷം വരെ ശമ്പളമുള്ളവരെ ആദായനികുതിയില്‍ നിന്നും ഒഴിവാക്കിയതിനാല്‍ വാഹനങ്ങള്‍ കൂടുതലായി വിറ്റഴിയാന്‍ സാധ്യതയുണ്ടെന്ന് ഓട്ടോമൊബൈല്‍ കമ്പനികള്‍ പ്രതീക്ഷിക്കുന്നു. ഈ പ്രതീക്ഷയില്‍ മാരുതി, ടാറ്റാ മോട്ടോഴ്സ്, ഹീറോ മോട്ടോഴ്സ് എന്നിവ പ്രതീക്ഷയിലാണ്. അതുപോലെ കണ്‍സ്യൂമര്‍ ഡ്യുറബിള്‍ ഉല്പന്നങ്ങള് വില്‍ക്കുന്ന ടൈറ്റന്, വിപ്രോ, വിഗാര്‍ഡ്, ക്രോംപ്ടണ്‍ ഗ്രീവ്സ്, ഡിക്സണ്‍ ടെക്നോളജീസ്, ഹാവെല്‍സ്, ബ്ലുസ്റ്റാര്‍, വേള്‍പൂള്‍, വോള്‍ടാസ് എന്നീ കമ്പനികളും പ്രതീക്ഷയിലാണ്.
എഥനോള്‍ കമ്പനികളുടെ വില ഉയര്‍ന്നു
എഥനോള്‍ വില ലിറ്ററിന് ഒരു രൂപ 37 പൈസ വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതിനാല്‍ എഥനോളുമായി ബന്ധപ്പെട്ട കമ്പനികളുടെ ഓഹരികളില്‍ രണ്ട് ദിവസമായി കുതിപ്പുണ്ട്. പഞ്ചസാര കമ്പനിയാണെങ്കിലും എഥനോള്‍ കൂടി ഉല്പാദിപ്പിക്കുന്ന ബല്റാംപൂര് ചിനി, ധാന്യങ്ങളില്‍ നിന്നും മദ്യം നിര്‍മ്മിക്കുന്ന ഗ്ലോബസ് സ്പിരിറ്റ്സ് എന്നീ ഓഹരികളുടെ വില കൂടി. എഥനോള്‍ ഉപയോഗിച്ചുള്ള ഇന്ധനം നിര്‍മ്മിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികള്‍ക്ക് പിന്തുണ നല്കുന്ന കമ്പനികള്‍ കൂടിയാണ് ഇവ. മറ്റൊരു കമ്പനിയാണ് ശ്രീരേണുകഷുഗേഴ്സ്. എഥനോളും പഞ്ചാസരയും നിര്‍മ്മിക്കുന്ന ഈ കമ്പനി സിംഗപ്പൂരിലെ വില്‍മര്‍ ഷുഗര്‍ ഹോള്‍ഡിംഗ്സിന്റെ സബ്സിഡിയറി കമ്പനി കൂടിയാണ്. പികാഡില്ലി അഗ്രോ ആണ് മറ്റൊരു കമ്പനി. എഥനോളും പഞ്ചസാരയും മദ്യവും നിര്‍മ്മിക്കുന്ന കമ്പനി. ഇഐഡി പാരി, ഉത്തം ഷുഗര്‍ എന്നീ കമ്പനികളുടെ ഓഹരി വിലയും ബജറ്റ് ദിനത്തിലും തലേന്നാളും ഉയര്‍ന്നു.
ടെക്സ്റ്റൈല്‍ കമ്പനികള്‍ക്ക് ഉണര്‍വ്വ്
പരുത്തി ഉല്പാദനം കൂട്ടുമെന്ന പ്രഖ്യാപനത്തില്‍ ടെക്സ്റ്റൈല്‍ കമ്പനിഓഹരികള് ഉയര്‍ന്നു
ബജറ്റ് ദിനത്തില്‍ മുകളിലേക്ക് കുതിച്ച മറ്റൊരു മേഖല ടെക്സറ്റൈല്‍ കമ്പനികളുടേതാണ്. പരുത്തി ഉല്പാദനം വര്‍ധിപ്പിക്കുമെന്ന നിര്‍മ്മല സീതാരാമന്റെ പ്രഖ്യാപനത്തോടെ ടെക്സ്റ്റൈല്‍ കമ്പനികളുടെ ഓഹരി വില 10 ശതമാനം വരെയാണ് ഉയര്‍ന്നത്. അംബിക കോട്ടണ്‍ മില്‍സ് ഓഹരി വില 2.6 ശതമാനം ഉയര്‍ന്നു. പ്രീമിയം പരുത്തിനൂലുകള്‍ ഉല്പാദിപ്പിക്കുന്ന കമ്പനിയാണിത്. ഹോം ടെക്സറ്റൈല്‍സ് രംഗത്തെ പ്രധാനകമ്പനിയായ വെല്‍സ്പണ്‍ ലിവിംഗ് ലിമിറ്റഡിലെ ഓഹരിവില 5.21 ശതമാനം വരെ ഉയര്‍ന്നു. നൂല് സ്പിന്നിംഗ് രംഗത്തെ കമ്പനിയായ ആദിനാഥ് ടെക്സറ്റൈല്‍സ് ഓഹരിവില ഉയര്‍ന്നു. സീസണ് ടെക്സ്റ്റൈല്‍സ്, വിന്‍സം ടെക്സ്റ്റൈല്‍സ് എന്നിവയും ഉയര്‍ന്നു.
ആണവോര്‍ജ്ജ പ്ലാന്റുകള്‍ക്ക് സേവനം നല്കുന്ന കമ്പനികള്‍ക്ക് നേട്ടം
ചെറിയ ആണവ റിയാക്ടറുകളില്‍ നിന്നും ഊര്‍ജ്ജം ഉല്പാദിപ്പിക്കാനുള്ള നീക്കം കേന്ദ്രസര്‍ക്കാര്‍ ശക്തമാക്കുകയാണ്. ആണവോര്‍ജ്ജ രംഗത്തിന് 20000 കോടി രൂപയാണ് നീക്കിവെച്ചത്. ഇതോടെ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ബിഎച്ച് ഇഎല്‍ (ഭേല്‍) ഓഹരിവില ഉയര്‍ന്നു. ആണവോര്‍ജ്ജ പ്ലാന്റുകള്‍ക്കുള്ള സ്റ്റീം ടര്വൈനുകള്, ജനറേറ്ററുകള്‍. ഹീറ്റ് എക്സ്ചേഞ്ചുകള്‍ എന്നിവയെല്ലാം വിതരണം ചെയ്യുന്ന കമ്പനിയാണിത്.
ആണവപ്ലാന്റുകള്ക്ക് വേണ്ടി ഹൈ പ്രെസിഷന്‍, ഹെവി ഡ്യൂട്ടി മെക്കാനിക്കള്‍ സീലുകള്‍ നിര്‍മ്മിക്കുന്ന സീല്‍മാറ്റിക് ഇന്ത്യയുടെ ഓഹരി വില ഉയര്‍ന്നു. ആണവപ്ലാന്റുകള്ക്ക് വേണ്ടിയുള്ള എഞ്ചിനീയറിംഗ് അടിസ്ഥാനസൗകര്യ സേവനം നല്കുന്ന ഹിന്ദുസ്ഥാന്‍ കണ്‍സ്ട്രക്ഷന്‍ കമ്പനി (എച്ച് സിസി)യുടെ ഓഹരിവില ഉയര്‍ന്നു.
ആണവപ്ലാന്റുകള്ക്ക് വേണ്ട പ്രെസിഷന്‍ കമ്പോണന്റുകള്‍ വിതരണം ചെയ്യുന്ന എംടാര്‍ (എംടിഎആര്‍), ആണവപ്ലാന്റുകള്ക്ക് ആവശ്യമായ എഞ്ചിനീയറിംഗ്, മറ്റ് സുപ്രധാനസേവനങ്ങള് നല്കുന്ന എല്‍ ആന്റ് ടി എന്നീ കമ്പനികളുടെ ഓഹരിവിലകളും ഉയര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: