ചെറുപുഴ: പൂര്‍വവിദ്യാര്‍ഥി സംഗമത്തില്‍ പങ്കെടുക്കാന്‍ അപ്രതീക്ഷിതമായി അരുണ്‍ പ്രകാശ് കടന്നു വന്നത് സഹപാഠികള്‍ക്കും സംഗമത്തില്‍ പങ്കെടുക്കാനെത്തിയവര്‍ക്കും ആവേശം പകര്‍ന്നു. തിരുമേനി എസ്എന്‍ഡിപി സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥി സംഗമത്തിലാണ് ഭിന്നശേഷിയുള്ള അരുണ്‍ പ്രകാശ് എത്തിയത്. ചക്രകസേരയില്‍ ഇരുന്നാണ് അരുണ്‍ എത്തിയത്.
ശാരീരിക പ്രയാസങ്ങളോട് മല്ലടിച്ച് മുന്നേറുന്ന അരുണ്‍ ഡിഗ്രി വിദ്യാര്‍ഥിയാണ്. കണ്ണൂര്‍ സര്‍വ്വകലാശാലയുടെ വിദൂരപഠനകേന്ദ്രത്തിലെ ബിഎ മലയാളം വിദ്യാര്‍ഥിയായ അരുണ്‍ ഒന്നാം വര്‍ഷ പരീക്ഷ എഴുതിക്കൊണ്ടിരിക്കുകയാണ്. ചെറുപുഴ പീയെന്‍സ് കോളേജ് വഴിയാണ് അരുണ്‍ രജിസ്റ്റര്‍ചെയ്തിട്ടുള്ളത്. പത്തൊന്‍പതുകാരനായ അരുണ്‍ മസ്‌കുലാര്‍ ഡിസ്‌ട്രോഫിയ എന്ന അപൂര്‍വ രോഗത്തിന്റെ പിടിയിലാണ്. നാലാം ക്ലാസ് വരെ തിരുമേനി എസ്എന്‍ഡിപി സ്‌കൂളിലാണ് പഠിച്ചത്. തുടര്‍ന്ന് പത്ത് വരെ തിരുമേനി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും പ്ലസ് വണ്‍, പ്ലസ്ടു പ്രാപ്പൊയില്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലുമാണ് പഠിച്ചത്.
പത്ത് വയസ് വരെ നടക്കാന്‍ സാധിച്ചിരുന്നു. രോഗത്തിന്റെ തീവ്രത കൂടിയതോടെ നടക്കാന്‍ സാധിക്കാതായി. ഇപ്പോള്‍ കൈകളുടെ ചലനശേഷിയും നഷ്ടപ്പെട്ട അരുണ്‍ പറഞ്ഞ് കൊടുത്താണ് പരീക്ഷയെഴുന്നത്. വീടിന്റെ നാല് ചുവരുകളില്‍ ഒതുങ്ങിയ അരുണിന് കൂട്ടുകാരെ കാണാന്‍ സാധിച്ചത് സന്തോഷമായി. പൂര്‍വ വിദ്യാര്‍ഥികളുടെ ഉപഹാരവും അരുണിന് സമ്മാനിച്ചു.
പൂര്‍വ്വവിദ്യാര്‍ഥി സംഗമം പഞ്ചായത്ത് പ്രസിഡന്റ് ജമീല കോളയത്ത് ഉദ്ഘാടനം ചെയ്തു.കെ.കെ.ജോയി അധ്യക്ഷനായി. ജോസഫ് മുളളന്‍മട, റോസിലി ആടിമാക്കല്‍, ബിന്ദുബിജു, കെ.എം.ഷാജി, വി.ജി.ശ്രീനിവാസന്‍, ടി.കെ.കുര്യന്‍, ഷാജി ഗണപതി പ്ലാക്കല്‍, പി.എന്‍.രാജന്‍, കെ.എം.രാജേന്ദ്രന്‍, പി.എം.സെബാസ്റ്റ്യന്‍, ദീപ സന്തോഷ്, രാജേഷ് ആടിമാക്കല്‍ എന്നിവര്‍ സംസാരിച്ചു. എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ അനില കെ.ബിജുവിനെ ആദരിച്ചു.
















