പിലാത്തറ: ചെറുതാഴം രാഘവപുരം ക്ഷേത്രത്തില്‍ ശ്രീരാമസ്വാമിയുടെ ശ്രീകോവിലിന്റെ താഴികക്കുടത്തിന് ഇനി സ്വര്‍ണ്ണ തിളക്കം. പത്തുലക്ഷം രൂപ ചിലവിലാണ് താഴികക്കുടത്തിന് സ്വര്‍ണ്ണം പതിക്കല്‍ നടക്കുന്നത്. ആറ് മാസം മുമ്പെയാണ് സ്വര്‍ണ്ണം പൊതിയല്‍ പദ്ധതി തയ്യാറാക്കിയത്.ഭക്തജനങ്ങള്‍ ഇതിനായി വിവിധ അളവില്‍ സര്‍ണ്ണ സമര്‍പ്പണം നടത്തി. ഇങ്ങനെ ലഭിച്ച മുപ്പത് പവന്‍ സ്വര്‍ണ്ണമുപയോഗിച്ചാണ് താഴികക്കുടം പൊന്നലങ്കാരമാക്കുന്നത്.
സ്വര്‍ണ്ണത്തെ തങ്കമായി ശുദ്ധീകരിച്ച് തകിടുക്കളാക്കി ഒട്ടക തോലില്‍ വെച്ച് പരത്തി കടലാസു പോലെ നേര്‍പ്പിച്ച് ഓട്ടു താഴക്കുടത്തിന് പതിക്കുകയാണ് ചെയ്യുന്നത്. ബംഗളരുവിലെ രാംപ്രകാശ് ആചാരിയുടെ നേതൃത്വത്തില്‍ അഞ്ചുപേരാണ് ക്ഷേത്രാങ്കണത്തില്‍ വെച്ച് പൊന്നു പൊതിയല്‍ നടത്തുന്നത്.
ക്ഷേത്രസന്നിധിയില്‍ ബുധനാഴ്ച രാവിലെ മേല്‍ശാന്തി പേര്‍ക്കുളത്തില്ലത്ത് കൃഷ്ണന്‍ നമ്പൂതിരി ദീപം തെളിയിച്ച് പ്രവൃത്തിക്ക് തുടക്കമിട്ടു.പാരമ്പര്യ ട്രസ്റ്റി വാരണക്കോട് കൃഷ്ണന്‍ നമ്പൂതിരി, ശ്രീരാമഹനുമല്‍ സേവാ സമിതി പ്രസിഡണ്ട് എ.ഡി.നമ്പ്യാര്‍, സെക്രട്ടറി പി.ജനാര്‍ദ്ദനന്‍, എക്‌സിക്യൂട്ടീവ് ഓഫീസര്‍ സി.എം.ശ്രീജിത്ത് എന്നിവര്‍ സംസാരിച്ചു. ഒന്നര ക്കോടി രൂപ ചെലവില്‍ നടക്കുന്ന നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് താഴികക്കുടത്തിന് സ്വര്‍ണ്ണപ്പതക്കം പകരുന്നത്.
















