ഇളങ്ങുളം: ഇളങ്ങുളം മുത്താരമ്മന്‍കോവില്‍ പരിസരത്ത് വീഴുന്ന മഞ്ഞത്തുള്ളിയുടെ അത്ഭുതത്തിലാണ് ഇളങ്ങുളം നിവാസികള്‍.ഒരാഴ്ചയായി ഇടവിട്ട് മഞ്ഞനിറത്തില്‍ മഴത്തുള്ളിവീഴ്ച കണ്ടു തുടങ്ങിയിട്ട്. തുടര്‍ച്ചയായി മൂന്നു ദിവസം പെയ്ത മഞ്ഞത്തുള്ളികള്‍ രണ്ടു ദിവസം പെയ്തില്ല. വീണ്ടും ചൊവ്വാഴ്ച മുതല്‍ പെയ്ത് തുടങ്ങി.
മഞ്ഞത്തുള്ളികള്‍ വീഴുമ്പോള്‍ രാസവസ്തുവിന്റെ മണമുണ്ടെന്ന് അനുഭവസ്ഥര്‍ പറയുന്നു, അതിനാല്‍ അത്ഭുതവും ഒപ്പം ആശങ്കയുമുണ്ട് പ്രദേശവാസികള്‍ക്ക്.
ക്ഷേത്രപരിസരത്തെ ഇലകളിലും പുല്‍ക്കൊടികളിലും ഒക്കെ മഞ്ഞത്തുള്ളി വീണ് പതിഞ്ഞതായി കാണാം. ഉണങ്ങിയ നിലയില്‍ കാണുന്ന മഞ്ഞപ്പൊട്ടുകള്‍ ചുരണ്ടി നോക്കിയാല്‍ മഞ്ഞള്‍പ്പൊടിപോലെയാണ്. ക്ഷേത്രത്തിലും പ്രദക്ഷിണവീഥിയിലും എല്ലാം ഇവ പതിച്ച് ഉണങ്ങിയ നിലയില്‍ കാണാം. സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളിലും മഞ്ഞത്തുള്ളി വീണ് നിറം പകര്‍ന്നിട്ടുണ്ട്. ദര്‍ശനത്തിനെത്തിയ ഭക്തരുടെ ദേഹത്തും ഇതേപോലെ തുള്ളികള്‍ വീഴുന്നുണ്ട്. മഴക്കൊപ്പമല്ല മഞ്ഞനിറത്തില്‍ തുള്ളികള്‍ പതിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.
മിക്ക ദിവസങ്ങളിലും വൈകുന്നേരങ്ങളിലാണ് ഈ പ്രതിഭാസം കാണുന്നതെന്ന് മേല്‍ശാന്തി കാരിക്കോട്ടില്ലം മനോജ് നമ്പൂതിരി, ദേവസ്വം പ്രസിഡന്റ് സി.എസ്. നാരായണന്‍ ചെട്ടിയാര്‍, വൈസ് പ്രസിഡന്റ് ബാലചന്ദ്രന്‍ ചെട്ടിയാര്‍, സെക്രട്ടറി ടി.ആര്‍.രാധാകൃഷ്ണന്‍ എന്നിവര്‍ പറഞ്ഞു.
















