നുണയെ ആവര്‍ത്തിച്ചു സത്യമാക്കുന്നതാണ് ഗീബല്‍സിയന്‍ സിദ്ധാന്തത്തിന്റെ പൊരുള്‍. കേരളത്തില്‍ ക്രിസ്തുമതത്തിന്റെ ഉദ്ഭവം വിദേശികളായ ക്രിസ്ത്യന്‍ കച്ചവടക്കാരില്‍ നിന്നാണെന്നിരിക്കെ, ചില മതപരിവര്‍ത്തനവീരന്മാര്‍ പറഞ്ഞുണ്ടാക്കിയ ‘ബ്രാഹ്മണരുടെ ക്രിസ്തുമതപ്രവേശം’ എന്ന അറുമുഷിപ്പന്‍ കോമഡിക്കഥ വിളമ്പി മലയാളികളെ മടുപ്പിക്കാനാണ് മലങ്കരസഭ വീണ്ടും ശ്രമിക്കുന്നതെന്നു തോന്നുന്നു.
അന്തരിച്ച മലങ്കരസഭാ മെത്രാപ്പൊലീത്ത മാര്‍ത്തോമ്മാ എട്ടാമന്റെ ചരമ ദ്വിശതാബ്ദി ദിനമായിരുന്നു 2017 ഏപ്രില്‍ 16. അന്നേ ദിവസത്തെ ‘മലയാളമനോരമ’ ദിനപ്പത്രത്തില്‍ ഓര്‍ത്തഡോക്‌സ് സഭാ വൈദിക ട്രസ്റ്റി ഫാദര്‍ ഡോ.എം.ഒ. ജോണ്‍ എഴുതിയ ‘മാര്‍ത്തോമ്മാ എട്ടാമന്‍: മലങ്കരസഭയെ നയിച്ച ചരിത്രപുരുഷന്‍’ എന്നൊരു ലേഖനം ഉണ്ട്. മലങ്കരസഭയുടെ പൂര്‍വ്വചരിത്രം വെളിവാക്കുന്ന ഒരു രേഖ മാര്‍ത്തോമ്മാ എട്ടാമന്‍ ചമച്ചെന്നും, സഭാതര്‍ക്കത്തിന്റെ ഭാഗമായി അതാണ് അദ്ദേഹം മദിരാശി ഗവണ്മെന്റിന് തെളിവായി സമര്‍പ്പിച്ചതെന്നും ഫാദര്‍ ജോണ്‍ പറയുന്ന അതിലെ ഒരു ഭാഗം ഇങ്ങനെ:
”മലങ്കരസഭയുടെ ഉദ്ഭവം സംബന്ധിച്ചുള്ള ചോദ്യത്തിന് ഉത്തരമായി മാര്‍ത്തോമ്മാ ശ്ലീഹായുടെ പ്രസംഗം, ബ്രാഹ്മണരുടെ ക്രിസ്തുമത സ്വീകരണം, ശ്ലീഹായുടെ രക്തസാക്ഷിമരണം തുടങ്ങിയ കാര്യങ്ങള്‍ വിശദീകരിച്ചിട്ടുണ്ട്. മാര്‍ത്തോമ്മാ എട്ടാമന്റെ ഭരണത്തിന്‍ കീഴില്‍ അക്കാലത്ത് അമ്പത്തഞ്ച് പള്ളികളും നൂറ്ററുപത്തേഴ് പട്ടക്കാരും മുപ്പതിനായിരം ക്രിസ്ത്യാനികളും ഉണ്ടെന്നു പറഞ്ഞിരിക്കുന്നു.”
ഡിവിഷന്‍ ഫാള്‍ നേരിടുന്ന ഒരദ്ധ്യാപകന്‍ നിലനില്‍പിനുവേണ്ടി തന്റെ ഡിവിഷനില്‍ അമ്പത് വിദ്യാര്‍ത്ഥികളുണ്ടെന്ന് സ്വന്തമായി രേഖ ചമച്ച് സര്‍ക്കാരിലേക്കു നല്‍കുന്നതു പോലെയല്ലേയുള്ളൂ, സഭാതര്‍ക്കത്തില്‍ വിജയിക്കാന്‍വേണ്ടി മാര്‍ത്തോമ്മാ എട്ടാമന്‍ ചമച്ചെന്നു പറയുന്ന രേഖയും. അത് ഫാദര്‍ ജോണിനും സമ്മതിക്കാതെ തരമില്ല. കാരണം, ഈ ലേഖകന്റെ ഗ്രന്ഥശേഖരത്തിലുള്ള ‘മലങ്കര സഭാചരിത്രത്തിന്റെ പുനര്‍വായന’ എന്ന ഫാദര്‍ ജോണിന്റെതന്നെ പുസ്തകത്തിലെ പേജ് 38-ലെ ആദ്യഖണ്ഡികയില്‍ അദ്ദേഹം പറയുന്നത് നോക്കുക:
”മാര്‍ത്തോമ്മാക്കാരുമായുള്ള കേസ് ജയിക്കാന്‍വേണ്ടി വക്കീലന്മാര്‍ ചമച്ച ചരിത്രമാണ് ഇവിടെ ആധാരമായി പലരും എടുക്കുന്നത്. അതില്‍ പാത്രിയര്‍ക്കീസിന്റെ അധികാരം അംഗീകരിച്ചുകൊണ്ടുള്ള ഒരു നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. ആ നിലപാട് പിന്നീട് സഭയുടെ ഔദേ്യാഗിക നിലപാടാക്കി സണ്ടേ സ്‌കൂളിലും സെമിനാരിയില്‍പോലും അതു പഠിപ്പിച്ചു.
വ്യക്തമായി പറഞ്ഞാല്‍ വക്കീലന്മാര്‍ കേസ് ജയിക്കാന്‍വേണ്ടി എഴുതിയ ചരിത്രം ഔദേ്യാഗിക ചരിത്രമായി സഭാംഗങ്ങളെ പഠിപ്പിച്ചു. തന്മൂലം പാത്രിയര്‍ക്കീസ് പണ്ടേ ഇവിടെ അധികാരമുള്ളയാളാണെന്ന് ആളുകള്‍ ധരിച്ചിരുന്നു. അവരുടെ മനസ്സില്‍ ആ ചിന്ത രൂഢമൂലമായിരിക്കുന്നു. അത് മാറ്റിയെടുക്കണം. കുറെ വര്‍ഷങ്ങള്‍ക്കു മുമ്പ് നമ്മുടെ ചരിത്രം നമ്മള്‍ക്കറിയില്ലായിരുന്നു. ഇന്നതല്ല സ്ഥിതി…..”
സഭാതര്‍ക്കത്തിന്റെ ഭാഗമായി എട്ടാം മാര്‍ത്തോമാ ചമച്ച രേഖ മലങ്കരസഭയുടെ ഉദ്ഭവത്തിനു തെളിവായി ചൂണ്ടിക്കാട്ടുന്ന ഫാദര്‍ ജോണ്‍തന്നെ മറ്റൊരിടത്ത്, വക്കീലന്മാര്‍ ചമച്ച രേഖകള്‍ വിശ്വസിക്കരുതെന്നും, അത് വികലമാക്കപ്പെട്ട ചരിത്രമാണെന്നും പറയുന്നു. വക്കീലന്മാരുടെ പണി വാദം മാത്രമാണെന്നും, മെത്രാനും സഭയും കൊടുത്ത രേഖകള്‍കൊണ്ടാണ് അവര്‍ കേസ് വാദിച്ചതെന്നുമിരിക്കെ, പാലം കടന്നപ്പോള്‍ കൂരായണ എന്ന മട്ടില്‍ വക്കീലിനെ തള്ളിപ്പറയുന്ന സ്വാര്‍ത്ഥതയെ നന്ദികേടെന്നോ ഇരട്ടത്താപ്പെന്നോ എന്താണു വിളിക്കേണ്ടത്?
അതല്ലെങ്കില്‍ മെത്രാനു രേഖ ചമയ്‌ക്കാം, വക്കീലിനു പാടില്ല എന്നു പറയുന്നത് എന്തു നീതിയാണ്? കുറേ വര്‍ഷങ്ങള്‍ക്കു മുമ്പുവരെ സ്വന്തം സഭയുടെ ചരിത്രം അറിയില്ലായിരുന്നുവെന്നും, സണ്‍ഡേസ്‌കൂള്‍ കുട്ടികളെപ്പോലും തെറ്റാണു പഠിപ്പിച്ചതെന്നും സ്വയം വിലപിക്കുന്ന ഇവരൊക്കെ ഇത്രനാളും തത്തമ്മേ പൂച്ച, പൂച്ച കളിക്കുകയായിരുന്നുവെന്നല്ലേ ഇതില്‍നിന്നും മനസ്സിലാക്കേണ്ടത്.
വാണിജ്യത്തിനായി എത്തിയ വിദേശ ക്രിസ്ത്യന്‍, അറബ് വര്‍ത്തകരുടെ സഹായികളായി കൂടിയ ഹിന്ദുക്കളില്‍നിന്നാണ് കേരളത്തില്‍ ക്രിസ്തുമതവും ഇസ്ലാം മതവും ഉടലെടുത്തത്. ഇങ്ങനെ വൈദേശിക മതവിശ്വാസം സ്വീകരിച്ചെങ്കിലും അവര്‍ക്ക് നയിക്കാന്‍ നേതാവോ കൃത്യമായ മതബോധനങ്ങളോ ആരാധനാലയങ്ങളോ അന്ന് ഇല്ലായിരുന്നു. വിദേശിയെ കാണുമ്പോള്‍ അയാളുടെ ദൈവത്തെ തൊഴും; അയാള്‍ മടങ്ങിപ്പോവുമ്പോള്‍ പണ്ടേപ്പോലെ അമ്പലത്തിലും പോകും.
ഇവ്വിധമൊരു കൃത്യനിഷ്ഠയോ നേതാവോ ആള്‍ശേഷിയോ ഇല്ലാതെ പോയതുകൊണ്ടാണ് മലബാര്‍ നസ്രാണികള്‍ എന്നറിയപ്പെട്ട മലങ്കരക്കാരെ ക്ഷണനേരംകൊണ്ട് കീഴടക്കി ചൊല്‍പ്പടിയിലാക്കാന്‍ കത്തോലിക്കര്‍ക്കു കഴിഞ്ഞത്. പറങ്കി ബിഷപ്പ് മെനേസിസ് വിളിച്ച സ്ഥലത്തുപോയി കമാന്നൊരക്ഷരം മറുത്തു പറയാതെ കത്തോലിക്കാ വിശ്വാസം സ്വീകരിക്കണമെങ്കില്‍ അന്ന് അത്രയ്‌ക്കു ദുര്‍ബലരും ശുഷ്‌കജനവിഭാഗവുമായിരുന്നു മലങ്കര നസ്രാണികളെന്നു ചുരുക്കം.
1653-ലെ കൂനന്‍കുരിശ് സത്യത്തിനു ശേഷമാണ് സ്വന്തമായൊരു നേതാവിനെപ്പറ്റി മലബാര്‍ നസ്രാണികള്‍ ചിന്തിച്ചു തുടങ്ങിയതും, ‘മാര്‍ത്തോമ്മാ ഒന്നാമന്‍’ എന്ന പേരില്‍ ഒരു മെത്രാനെ ആദ്യമായി തെരഞ്ഞെടുക്കുന്നതും. ആകെയുണ്ടായിരുന്നവരില്‍ ബഹുഭൂരിപക്ഷവും പറങ്കികളുടെ കൂടെക്കൂടി സീറോ മലബാര്‍സഭ എന്ന പേരില്‍ റോമന്‍ കത്തോലിക്കാ വിശ്വാസികളായി മാറിയതിനാല്‍, ശേഷിച്ച നാമമാത്ര ദുര്‍ബലജനസമൂഹത്തെയുംകൊണ്ട് തപ്പിത്തടഞ്ഞാണ് ആദ്യമലങ്കരസഭ മുന്നോട്ടു നീങ്ങിയതും.
1728 മുതല്‍ 1765 വരെയുള്ള നീണ്ട മുപ്പത്തേഴ് വര്‍ഷക്കാലം മലങ്കരസഭയെ നയിച്ച അഞ്ചാം മെത്രാപ്പൊലീത്തയെ കപ്പല്‍ക്കൂലി കൊടുക്കാന്‍ കാശില്ലാഞ്ഞതുമൂലം ഡച്ചുകാര്‍ പിടിച്ച് ജയിലിലിട്ടത് ഓര്‍ക്കുക.
ഇവിടെ പരാമര്‍ശവിധേയനായ എട്ടാം മെത്രാപ്പൊലീത്തയുടെ രംഗപ്രവേശം സഭാചരിത്രത്തിലെ ഏറ്റവും വലിയ വിവാദസംഭവമായിരുന്നു. മെത്രാന്‍പട്ടത്തിനു യോഗ്യനല്ലെന്നു ചൂണ്ടിക്കാട്ടി ഏഴാം മെത്രാപ്പോലീത്ത ഒഴിവാക്കിയ വ്യക്തിയായിരുന്നുവത്രേ എട്ടാം മാര്‍ത്തോമ്മാ; എന്നാല്‍ ഏഴാം മാര്‍ത്തോമ്മാ കൈവയ്‌പ് ശുശ്രൂഷ നടത്തി അനുഗ്രഹിച്ചയാളാണ് അദ്ദേഹമെന്നും, അതുകൊണ്ട് ഒഴിവാക്കാന്‍ പാടില്ലെന്നുള്ള വാദവുമായി പകലോമറ്റംകാരും രംഗത്തെത്തിയതോടെ സഭ രണ്ടുപക്ഷമായി. പിന്നീട് കണ്ടനാട് പള്ളിയില്‍ ചേര്‍ന്ന യോഗത്തില്‍ ഇട്ടൂപ്പ്, പീലിപ്പോസ് കത്തനാരന്മാരുടെ ഇടപെടല്‍ മൂലമാണ് എട്ടാം മാര്‍ത്തോമ്മായെ അംഗീകരിക്കാന്‍ തീരുമാനമായത്; എങ്കിലും 1653ല്‍ സഭയുടെ ആരംഭം മുതലുള്ള പകലോമറ്റം മേധാവിത്വം അതോടെ അവസാനിച്ചു. കൂടാതെ, ശക്തനായ പുലിക്കോട്ടില്‍ ഇട്ടൂപ്പ് കത്തനാരുമായുള്ള ഏറ്റുമുട്ടലും മെത്രാനെ ക്ഷീണിപ്പിച്ചു.
കോട്ടയം പഴയ പള്ളി നിര്‍മ്മാണവും പകലോമറ്റം പ്രീണനനയവും ഉള്‍പ്പെടെ പല വിഷയങ്ങളിലും മെത്രാനെതിരെ മണ്‍റോയുടെ പിന്തുണയോടെ പടപ്പുറപ്പാട് നടത്തിയ ഇട്ടൂപ്പ് കത്തനാര്‍ക്കായിരുന്നു, ഇന്ന് ചരമദ്വിശതാബ്ദി ആഘോഷിക്കുന്ന എട്ടാം മാര്‍ത്തോമ്മായേക്കാളും സഭയുടെ പിന്തുണയെന്ന് പല ക്രിസ്ത്യന്‍ ചരിത്രകാരന്മാരും എഴുതിവച്ചിട്ടുള്ളത് ഇന്നത്തെ സഭാമേധാവികള്‍ക്ക് അറിയാത്ത രഹസ്യമൊന്നുമല്ലല്ലോ.
ബ്രാഹ്മണരുടെ ക്രിസ്തുമതസ്വീകരണത്തിന്റെ കഥയും ഇതുപോലെതന്നെ. പത്തായം നിറയെ നെല്ലും, പന്തി നിറയെ ആനകളും, പന്ത് കളിക്കാന്‍ പുരയിടങ്ങളും, രാജാക്കന്മാര്‍ പോലും എഴുന്നേറ്റുനിന്ന് ബഹുമാനിക്കുന്ന സ്ഥാനമാനങ്ങളും ഉണ്ടായിരുന്ന കേരളത്തിലെ ബ്രാഹ്മണര്‍, റാണി ലക്ഷ്മീബായ് കൊടുത്ത കാശുകൊണ്ട് പള്ളി പണിയത്തക്കവിധം ഗതികേടിലായിരുന്ന ക്രിസ്ത്യാനികളുടെ പിന്നാലെ പോയെന്നു പറയണമെങ്കില്‍ അതിന് മിനിമം പത്തിഞ്ച് തൊലിക്കട്ടിയെങ്കിലും വേണം.
മാത്രവുമല്ല, അന്യരാജ്യക്കാരനെ കേരളത്തിലേക്ക് വിളിച്ചുവരുത്തി പ്രശ്‌നങ്ങളുണ്ടാക്കിയശേഷം, കപ്പല്‍ക്കൂലി കൊടുക്കാന്‍ കാശില്ലാതെ തെക്കുവടക്ക് ഓടേണ്ട ദാരിദ്ര്യവും അന്നത്തെ ബ്രാഹ്മണര്‍ക്ക് ഇല്ലായിരുന്നു. അവസാനമായി, മലങ്കരസഭ കേരളത്തിലെ ഹിന്ദുക്കളുടെ പിടലിക്ക് കെട്ടിവച്ച തോമാശ്ലീഹയെന്ന ദുരൂഹതയ്‌ക്കു പിന്നിലെ യഥാര്‍ത്ഥ തോമാ ആരെന്നുകൂടി വ്യക്തമാക്കാം.
















