പെരിയ: രാത്രികാലങ്ങളില്‍ റോഡരികില്‍ നിര്‍ത്തിയിടുന്ന ടാങ്കര്‍ ലോറികളില്‍ നിന്നും ഡീസല്‍ ചോര്‍ത്തി വില്‍പ്പന നടത്തിവരികയായിരുന്ന ടയര്‍ വ്യാപാരിയെ പോലീസ് അറസ്റ്റ് ചെയ്തു. പെരിയ ബസാറിലെ ടയര്‍ കടയുടമയായ ജോജി ആന്റണിയെ(38)യാണ് ബേക്കല്‍ പോലീസ് അറസ്റ്റ് ചെയ്തത്. ജോജിയുടെ കടയില്‍ റെയ്ഡ് നടത്തിയ പോലീസ് 20 ലിറ്റര്‍ ഡീസലും അളവുപാത്രങ്ങളും പിടിച്ചെടുത്തു.
പെരിയ ബസാറിലെ പെട്രോള്‍ പമ്പിന് എതിര്‍വശത്താണ് ജോജിയുടെ കട പ്രവര്‍ത്തിക്കുന്നത്. രാത്രി കാലങ്ങളില്‍ പെട്രോള്‍ പമ്പിന് സമീപം നിര്‍ത്തിയിടുന്ന ടാങ്കര്‍ ലോറികളില്‍ നിന്നാണ് ഡീസല്‍ ഊറ്റിയെടുക്കുന്നത്. ഇതിനായി ചില ടാങ്കര്‍ലോറി ഡ്രൈവര്‍മാര്‍ ജോജിയെ സഹായിക്കുന്നതായും പോലീസ് അന്വേഷണത്തില്‍ വ്യക്തമായി. രാത്രികാലങ്ങളില്‍ പമ്പ് അടച്ചിടുമ്പോള്‍ പെട്രോള്‍ ലഭിക്കാതെ ബുദ്ധിമുട്ടുന്നവരെ ലക്ഷ്യമിട്ടാണ് ടയര്‍കട വഴിയുള്ള അനധികൃത വില്‍പ്പന. ദിവസവും രാത്രികാലങ്ങളില്‍ നിരവധി ടാങ്കര്‍ ലോറികളാണ് ഇവിടെ നിര്‍ത്തിയിടാറുള്ളത്.
















