കണ്ണൂര്‍: പാപ്പിനിശ്ശേരി പഞ്ചായത്തിലെ വളപട്ടണം പുഴയോരത്ത് അധികാരികളുടെ ഒത്താശയോടെ കണ്ടല്‍ക്കാടുകള്‍ വ്യാപകമായി നശിപ്പിക്കുന്നതിനെതിരെ ജില്ലാ പരിസ്ഥിതി സമിതി കണ്ണൂരില്‍ പ്രതിഷേധ കൂട്ടായ്‌മ സംഘടിപ്പിച്ചു. കണ്ടല്‍ക്കാടുകള്‍ നശിപ്പിച്ച പ്രദേശം ജില്ലാ പരിസ്ഥിതി സമിതി പ്രവര്‍ത്തകര്‍ സന്ദര്‍ശിച്ചു. ഏകദേശം 20 ഏക്കറോളം സ്ഥലത്തെ കണ്ടല്‍ക്കാടുകള്‍ വെട്ടി നശിപ്പിച്ച് കത്തിക്കുകയും കണ്ടല്‍ വെട്ടിമാറ്റിയ സ്ഥലത്ത് കെട്ടിട നിര്‍മ്മാണ അവശിഷ്ടങ്ങളും പ്ലാസ്റ്റിക്കുകളും മറ്റ് മാലിന്യങ്ങളും നിക്ഷേപിച്ച് തണ്ണീര്‍ത്തടങ്ങളെ കരഭൂമിയാക്കി മാറ്റി റിയല്‍ എസ്റ്റേറ്റ് പ്രവര്‍ത്തനം നടത്താനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമായിട്ടാണ് കണ്ടല്‍ക്കാടുകള്‍ നശിപ്പിക്കുന്നതെന്ന് ജില്ലാ പരിസ്ഥിതി സമിതി ആരോപിച്ചു.
പ്രതിഷേധ കൂട്ടായ്‌മയില്‍ അഡ്വ.വിനോദ് പയ്യട, സി.വിശാലാക്ഷന്‍ മാസ്റ്റര്‍, ദേവദാസ് തളാപ്പ്, കെ.പി.ചന്ദ്രാംഗദന്‍, അഡ്വ.കസ്തൂരിദേവന്‍ എന്നിവര്‍ സംസാരിച്ചു. കൂട്ടായ്‌മക്ക് ആശാ ഹരി, ഹരി ചക്കരക്കല്ല്, പി.കെ.വസന്ത, എം.പി.പ്രദീപന്‍, രമേശന്‍ മാമ്പ, സി.ശശി എന്നിവര്‍ നേതൃത്വം നല്‍കി.
















