കൊച്ചി: പ്രണയം എന്ന സിനിമയിലെ അഭിനയം തന്റെ അഭിനയ ജീവിതത്തിലെ സുപ്രധാനമായ സംഭവമാണെന്ന് പ്രണയത്തിലെ നായിക കഥാപാത്രത്തെ അവതരിപ്പിച്ച നടി ജയപ്രദ പറഞ്ഞു. ഈ സിനിമയിലെ അഭിനയംകൊണ്ട് മാത്രം ജനമനസ്സുകളില്‍ തനിക്ക് പത്ത് വര്‍ഷംകൂടി ജീവിക്കാനാകും. ഭാഷ വശമില്ലാതിരുന്നിട്ടും മോഹന്‍ലാലിനോടും അനുപംഖേറിനോടുമൊപ്പം വിജയകരമായി അഭിനയിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. നല്ല തിരക്കഥയുണ്ടെങ്കില്‍ ഇനിയും മലയാളത്തില്‍ അഭിനയിക്കാന്‍ താല്‍പ്പര്യമുണ്ടെന്നും ജയപ്രദ പ്രസ്ക്ലബ്ബില്‍ മീറ്റ് ദി പ്രസില്‍ പങ്കെടുത്തുകൊണ്ട് അഭിപ്രായപ്പെട്ടു.
രാഷ്‌ട്രീയവും സിനിമാ അഭിനയവും തുല്യ പ്രാധാന്യത്തോടെയാണ് കാണുന്നതെന്ന് അവര്‍ പറഞ്ഞു. സ്ത്രീ കഥാപാത്രങ്ങളില്‍ വേറിട്ടൊരു കഥാപാത്രത്തെയാണ് പ്രണയത്തില്‍ അവതരിപ്പിച്ചത്. അവാര്‍ഡ് ലഭിക്കുമോ എന്ന ചോദ്യത്തിന് അങ്ങനെ പറഞ്ഞുകേള്‍ക്കുന്നതില്‍ വലിയ ചാരിതാര്‍ത്ഥ്യം തോന്നുന്നുണ്ടെന്നും ജയപ്രദ അഭിപ്രായപ്പെട്ടു. മലയാള സിനിമയെ നല്ല വഴിയിലൂടെ നയിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രണയം അവതരിപ്പിച്ചിട്ടുള്ളതെന്ന് സംവിധായകന്‍ ബ്ലസി പറഞ്ഞു. പ്രമേയദാരിദ്ര്യവും അവതരണശൈലിയിലുള്ള പോരായ്‌മയും മലയാളസിനിമയുടെ ശാപമാണെന്ന പൊതു അഭിപ്രായത്തിന് മാറ്റംവരുത്താന്‍ ഈ സിനിമ സഹായിച്ചിട്ടുണ്ട്.
മലയാള ചലച്ചിത്രങ്ങള്‍ക്ക് വിനോദം മാത്രമല്ല വ്യത്യസ്തമായി സഞ്ചരിക്കാനും കഴിയുമെന്ന് ഈ ചിത്രത്തിലൂടെ തെളിയിക്കപ്പെട്ടിരിക്കുകയാണ്, മോഹന്‍ലാലിന് പുതിയ അഭിനയസാഹചര്യമാണ് ഈ ചിത്രത്തിലൂടെ ലഭിച്ചിട്ടുള്ളത്. പ്രണയം അവാര്‍ഡ് പ്രതീക്ഷിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് അവാര്‍ഡ് ലഭിച്ചാല്‍ തീര്‍ച്ചയായും സ്വീകരിക്കുമെന്നും ബ്ലസി പറഞ്ഞു.
















