മലപ്പുറം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ വിവാദ പരാമര്‍ശം നടത്തിയ നൗഷാദ് ബാഖവിയോട് സമസ്ത വിശദീകരണം തേടി. ഇതേത്തുടര്‍ന്ന് നൗഷാദ് ബാഖവി മാപ്പപേക്ഷ നടത്തിയെന്നാണ് സൂചന.
മലപ്പുറം ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും സന്ന്യാസിയുമായ യോഗി ആദിത്യനാഥിനെയും പാണക്കാട് തങ്ങളെയും താരതമ്യം ചെയ്ത് കോടിയേരി ബാലകൃഷ്ണന്‍ സംസാരിച്ചിരുന്നു.
മതപുരോഹിതര്‍ രാഷ്‌ട്രീയത്തില്‍ ഇടപെടുന്നത് ശരിയല്ലെന്നായിരുന്നു കോടിയേരിയുടെ അഭിപ്രായം. ഇതിനെതിരെയാണ് തന്റെ പ്രസംഗത്തിലൂടെ നൗഷാദ് ബാഖവി വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്. പാണക്കാട് മുഹമ്മദ് ശിഹാബ് തങ്ങളൊക്കെ ജീവിച്ചിരിക്കുന്ന കാലത്ത് ഇത് പറഞ്ഞാല്‍, തങ്ങളുടെ അനുവാദം പോലും ചോദിക്കാന്‍ നില്‍ക്കൂല്ല. അബു ഉബൈദത്ത് ബിന്‍ ജറാഹിന്റെ ചരിത്രം പറഞ്ഞപോലെ, സ്വന്തം വാപ്പയാണെങ്കിലും തല മലബാറിന്റെ മണ്ണില്‍ കിടന്ന് ഉരുണ്ടുപോകുമായിരുന്നുവെന്നുമാണ് നൗഷാദ് ബാഖവി പ്രസംഗിച്ചത്.
സമസ്തയുടെ പാരമ്പര്യത്തിന് നിരക്കാത്ത രീതിയില്‍ പ്രകോപനപരമായ രീതിയില്‍ പ്രസംഗം നടത്തിയെന്ന് ചൂണ്ടിക്കാണിച്ച് മുത്തുക്കോയ തങ്ങള്‍ നൗഷാദ് ബാഖവിക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു.
സംഘടനക്ക് വിരുദ്ധമായ പ്രസ്താവനകള്‍ പ്രവര്‍ത്തകര്‍ നടത്തിയാല്‍ അതിനെ തിരുത്തേണ്ട ബാധ്യത സമസ്തക്കുണ്ടെന്നും അതാണ് ഈ വിഷയത്തില്‍ നടന്നതെന്നും മുത്തുക്കോയ തങ്ങള്‍ ജന്മഭൂമിയോട് പറഞ്ഞു.
















