കാസര്‍കോട്: ഞായറാഴ്ച വിദ്യാനഗര്‍ ചിന്മയ വിദ്യാലയത്തില്‍ നടന്ന പോസ്റ്റുമാന്‍ കം മെയില്‍ ഗാര്‍ഡ് പരീക്ഷയുടെ ചോദ്യം പരീക്ഷക്കുമുമ്പെ മൊബൈലിലൂടെ ചോര്‍ത്തിയ സംഭവത്തില്‍ അന്വേഷണം ഹരിയാനയിലേക്കും, മണിപ്പാലിലേക്കും. തപാല്‍ വകുപ്പ് കേരള സര്‍ക്കിളില്‍ നടത്തുന്ന പരീക്ഷയില്‍ 25 മാര്‍ക്കിന്റെ ചോദ്യങ്ങള്‍ മലയാളത്തിലായിട്ടും ഹരിയാനയിലെ 700ഓളം ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷ നല്‍കിയിരുന്നു. ഇതില്‍ സംശയം തോന്നിയാണ് പരിശോധന കര്‍ശനമാക്കിയത്.
അന്തര്‍സംസ്ഥാന റാക്കറ്റ് ഇതിനുപിന്നില്‍ പ്രവര്‍ത്തിക്കുന്നതായി അറസ്റ്റിലായ ഹരിയാന സോനാപത് ഗോറാലിലെ കുല്‍വന്തിനെ(22) പോലീസ് ചോദ്യം ചെയ്തതോടെ വ്യക്തമായി. കുല്‍വന്തിനെ കാസര്‍കോട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.
പരീക്ഷക്കുള്ള തയ്യാറെടുപ്പുകള്‍ക്കിടെയാണ് കുല്‍വന്ത് മൊബൈല്‍ ഫോണിലൂടെ പരീക്ഷയുടെ ചോദ്യങ്ങള്‍ ചോര്‍ത്തിയത്. ചോദ്യത്തോടൊപ്പം ഉത്തരവും മൊബൈലില്‍ സന്ദേശവുമായി വന്നു. പരീക്ഷാഹാളിലുണ്ടായിരുന്ന പരിശോധക ഈ തട്ടിപ്പ് കണ്ടുപിടിക്കുകയും വിവരം പോലീസില്‍ അറിയിക്കുകയുമായിരുന്നു.
സിഐ ബാബു പെരിങ്ങോത്തിന്റെ നേതൃത്വത്തിലെത്തിയ പോലീസ് സംഘമാണ് കുല്‍വന്തിനെ കസ്റ്റഡിയിലെടുത്തത്. കര്‍ശന പരിശോധനക്കുശേഷമാണ് കുല്‍വന്തിനെ പരീക്ഷാ ഹാളിലേക്ക് കടത്തി വിട്ടിരുന്നത്. എന്നിട്ടും ചോദ്യം മൊബൈലിലൂടെ ചോര്‍ത്താന്‍ സാധിച്ചു.
പരിശോധക ഷമീന അമീര്‍ കുല്‍വന്തില്‍ നിന്നും പിടിച്ചുവാങ്ങിയ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ അതിലേക്ക് തുടര്‍ച്ചയായി ഉത്തരസൂചനാ സന്ദേശങ്ങള്‍ വരുന്നതാണ് കണ്ടത്. ഇതോടെയാണ് വിവരം പോലീസിന് കൈമാറിയത്. പരീക്ഷക്ക് രണ്ടുദിവസം മുമ്പാണ് ഇതിന്റെ ആവശ്യത്തിലേക്കായി കുല്‍വന്ത് സിംകാര്‍ഡ് സംഘടിപ്പിച്ചത്.
ഞായറാഴ്ച ഉച്ചയോടെ ഈ സിം ബ്ലോക്കാവുകയും ചെയ്തു. പരീക്ഷയുടെ ചോദ്യം ലഭിച്ച ഉടന്‍ തന്നെ അതിന്റെ കോഡ് ആര്‍ക്കോ മൊബൈല്‍ വഴി അയച്ചുകൊടുത്തതായി പോലീസിന്റെ അന്വേഷണത്തില്‍ വ്യക്തമായി. ചോദ്യം കിട്ടിയ ഉടന്‍ തന്നെയാണ് ഉത്തരങ്ങള്‍ മൊബൈലിലേക്ക് വന്നത്.
കര്‍ണാടകയിലെ മണിപ്പാല്‍ ടെക്‌നോളജി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്വകാര്യ ഏജന്‍സിയാണ് കാസര്‍കോട് ജില്ലയില്‍ പോസ്റ്റുമാന്‍ കം മെയില്‍ ഗാര്‍ഡ് പരീക്ഷയുടെ നടത്തിപ്പ് ചുമതലയേറ്റെടുത്തത്. ഈ സ്ഥാപനത്തിന്റെ അറിവോടെയാണോ പരീക്ഷാ ക്രമക്കേട് നടന്നതെന്ന സംശയം പോലീസിനുണ്ട്.
കാസര്‍കോട് ഗവ.കോളജില്‍ ഇതേ പരീക്ഷയുടെ മറവില്‍ ക്രമക്കേട് നടത്തുന്നതിനിടെ മറ്റൊരു ഹരിയാന സ്വദേശിയും പോലീസ് പിടിയിലായിട്ടുണ്ട്.
















