കടുത്തുരുത്തി: കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തിലെ ഭരണപ്രതിസന്ധിയ്ക്ക് വിരാമം; കേരള കോണ്‍ഗ്രസ്സ് വിമത അന്നമ്മ രാജു എല്‍ഡിഎഫ് പിന്തുണയോടെ പ്രസിഡന്റായി. വൈസ്പ്രസിഡന്റായി സിപി.ഐയിലെ കെ.എം. സുധര്‍മ്മനും തെരഞ്ഞെടുക്കപ്പെട്ടു. ഡെപ്യൂട്ടി കളക്ടര്‍ ശാന്തി എലിസബത്ത് തോമസ് മുഖ്യവരാണധികാരിയായിരുന്നു.
രാവിലെ 10.30ന് പ്രസിഡന്റ് തെരഞ്ഞെടുപ്പും രണ്ടിന് വൈസ്.പ്രസിഡന്റ് തെരഞ്ഞടുപ്പും നടന്നു. വോട്ടെടുപ്പില്‍ എല്‍ഡിഎഫിന് ഏഴ് വോട്ടും കേരള കോണ്‍ഗ്രസ്സിന് നാല് വോട്ടും ലഭിച്ചു. കോണ്‍ഗ്രസ് അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.
എതിര്‍പക്ഷത്ത് നിന്നും പ്രസിഡന്റായി കേരള കോണ്‍ഗ്രസ്സിലെ ലൂസമ്മ ജെയിംസും വൈസ്. പ്രസിഡന്റായി സ്വതന്ത്ര അംഗമായ കെ.എ തോമസുമാണ് മത്സരിച്ച് പരാജയപ്പെട്ടത്.
യുഡിഎഫ് ഭരണം നടത്തിയിരുന്ന ബ്ലോക്കില്‍ ഒരുമാസംമുമ്പ് എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ കേരള കോണ്‍ഗ്രസ്സ് അംഗമായ അന്നമ്മ രാജു പിന്തുണച്ചതോടെ യുഡിഎഫിന് ബ്ലോക്ക് പഞ്ചായത്ത് ഭരണം നഷ്ടമായി.
പതിമൂന്ന് അംഗ ബ്ലോക്കില്‍ എല്‍ഡിഎഫിനും യുഡിഎഫിനും ആറുവീതവും ഒരാള്‍ സ്വതന്ത്രനുമാണ്. യുഡിഎഫ് വിമതനായി മത്സരിച്ച് വിജയിച്ച കെ.എ. തോമസിനെ കൂടെ നിര്‍ത്തിയായിരുന്നു ബ്ലോക്ക് പഞ്ചായത്ത് ഭരണം യുഡിഎഫ് നിലനിര്‍ത്തിയിരുന്നത്. യുഡിഎഫ് ധാരണയനുസരിച്ച് രണ്ടരവര്‍ഷം കേരളാ കോണ്‍ഗ്രസ്സ്(എം)നും രണ്ടര വര്‍ഷം കോണ്‍ഗ്രസ്സിനും ആയിരുന്നു പ്രസിഡന്റ് സ്ഥാനം വീതിച്ചിരുന്നത്. ഒന്നേകാല്‍ വര്‍ഷം കഴിയുമ്പോള്‍ കേരളാ കോണ്‍ഗ്രസിലെ അന്നമ്മ രാജുവിന് പ്രസിഡന്റ് സ്ഥാനം നല്‍കാമെന്നായിരുന്നു ധാരണ. എന്നാല്‍ പാര്‍ട്ടി തീരുമാനിച്ച കാലാവധി കഴിഞ്ഞിട്ടും ലൂസമ്മ ജയിംസ് സ്ഥാനം ഒഴിയാന്‍ തയ്യാറായില്ല. അന്നമ്മ രാജു ഇക്കാര്യം പാര്‍ട്ടി നേതൃത്വത്തെ ധരിപ്പിച്ചിട്ടും നേതൃത്വം ഇടപെട്ടില്ലെന്നും, ബ്ലോക്ക് പഞ്ചായത്ത് കമ്മറ്റിയില്‍ തുടര്‍ച്ചയായി തന്നെ അവഗണിക്കുകയിയരുന്നുവെന്നും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട അന്നമ്മ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: